തൃശൂര്‍: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളേജിലെത്തുന്നവര്‍ക്ക് പ്രാണവായു എപ്പോഴും ഉറപ്പാണ്… കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ചിട്ടുള്ള ഓക്‌സിജന്‍ ഉല്‍പാദന പ്‌ളാന്റില്‍ നിന്ന് ഇനി മുതല്‍ യഥേഷ്ടം ഓക്‌സിജന്‍ ലഭിക്കും. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 1.5 കോടി രൂപ ഉപയോഗിച്ചാണ് ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. ആശുപത്രിയിലേക്ക് ആവശ്യമായ ഓക്‌സിജന്‍ സ്വയം ഉല്‍പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു ദിവസം ആശുപത്രിക്ക് ആവശ്യമുള്ള ശരാശരി 200 മുതല്‍ 300 യൂണിറ്റ് വരെ ഓക്‌സിജന്‍ പുതിയ പ്ലാന്റിലൂടെ ഉല്‍പാദിപ്പിക്കാന്‍ കഴിയും.
ഓക്‌സിജന്‍ പ്‌ളാന്റിന്റ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ഒരു ആഴ്ചയ്‌ക്കുള്ളില്‍ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാക്കാനാണ് ലക്ഷ്യമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എം.എ ആന്‍ഡ്രൂസ് പറഞ്ഞു. ഇന്ത്യയിലെ ആദ്യ കൊവിഡ് രോഗിയെ തൃശൂരില്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തൊട്ടുതുടങ്ങിയ പ്രതിരോധം ഇന്നും തുടരുകയാണ്. കൊവിഡ് ചികിത്സയുടെ തുടക്കത്തില്‍ സിലിണ്ടര്‍ മുഖേനയാണ് മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ എത്തിച്ചിരുന്നത്. പൈപ്പ് ലൈന്‍ മുഖേന കൊവിഡ് രോഗികള്‍ക്കാവശ്യമായ ഓക്സിജന്‍ എല്ലാ ഐപി ബെഡുകളിലേക്കും നല്‍കുന്ന ‘പ്രാണ’ പദ്ധതി മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ നടപ്പാക്കിയിട്ടുണ്ട്. കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പ്ലാന്റ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇതിനാവശ്യമായ ഓക്‌സിജന്‍ ഇവിടെ നിന്ന് ലഭ്യമാക്കും.
ആറു വാര്‍ഡുകളില്‍ 500 കട്ടിലുകളില്‍ നേരിട്ട് ഓക്‌സിജന്‍ പൈപ്പ് വഴി എത്തിക്കും. സുരേഷ് ഗോപി എം.പിയാണ് 65 ബെഡുകളുള്ള ഒരു വാര്‍ഡ് ‘പ്രാണ’ പദ്ധതിക്കായി സ്‌പോണ്‍സര്‍ ചെയ്തത്.
കൊവിഡിന് ശേഷം ഈ സംവിധാനം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന മറ്റു രോഗികളുടെ ചികിത്സക്കും സഹായകരമാകുമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: