ന്യൂദല്‍ഹി : സംസ്ഥാനത്തെ മെഗാവാക്സിന്‍ ക്യാമ്പുകള്‍ കോവിഡ് വ്യാപന കേന്ദ്രങ്ങളാകുന്നെന്ന് കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഈ കാലയളവില്‍ ആരോഗ്യ വകുപ്പ്് ആരാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം ചോദ്യം ചെയ്തു.
സംസ്ഥാനത്ത് മെഗാ വാക്സിന് സംഘടിപ്പിക്കുന്നത് ആരുടെ പദ്ധതിയിലാണ്. മെഗാ വാക്സിന് കേന്ദ്രങ്ങള്‍ വഴി വൈറസ് വ്യാപിക്കുകയാണ്. മനുഷ്യാവകാശ ലംഘനമാണ് അവിടെ നടക്കുന്നതെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു. സംസ്ഥാനത്തെ വാക്്സിന് രജിസ്ട്രേഷന് ആപ്പായ കോവിനില്‍ അട്ടിമറി നടന്നിട്ടുണ്ട്. ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. കോവിന്‍ ആപ്പ് പ്രവര്‍ത്തിക്കുന്നില്ലെന്ന് സംസ്ഥാനത്ത് വ്യാപക പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. കോവിന്‍ പ്രവര്‍ത്തിക്കാത്തതിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ട്. പണം നല്കി വാക്സിന് നല്കുന്ന സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്നും മുരളീധരന് ആരോപിച്ചു.
ഒരുവശത്ത് സൗജന്യമായി വാക്സിന് വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. എല്ലാവര്ക്കും സൗജന്യ വാക്സിനേഷനായി കേന്ദ്രം 70 ലക്ഷം വാക്സിന് നല്കി. എന്നാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ വഴി പാവപ്പെട്ട ജനങ്ങള്‍ക്ക് വാക്സിന് നല്കേണ്ടതിന് പകരം 250 രൂപയ്ക്ക് വാക്സിന് നല്കുന്ന സ്വകാര്യ ആശുപത്രികളെ സഹായിക്കാനുള്ള കുബുദ്ധി ആരുടെതാണ്. സൗജന്യമായി കിട്ടിയ വാക്സീന് വിതരണം ചെയ്തിട്ട് പോരേ വാക്സീന് നയത്തിനെതിരെ സമരം ചെയ്യാനെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
അതേസമയം ഇന്ത്യയില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഏറ്റവും കൂടുതല്‍ തുക ഈടാക്കുന്ന സംസ്ഥാനം കേരളമാണെന്നും മുരളീധരന് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ മെഗാ വാക്സിനേഷന് മേളകള്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇതിലൂടെ ആളുകള്‍ക്ക് രോഗം വരാനുള്ള സാധ്യതയുണ്ടെന്നും മുരളീധരന് ചൂണ്ടിക്കാണിച്ചു.
അടിയന്തിരാവശ്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികള്‍ക്കായി ഫണ്ട് നല്‍കിയിട്ടുണ്ട്. കേന്ദ്ര ഫണ്ട ലഭിച്ചതായി മെഡിക്കല്‍ കോളേജുകള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലടക്കം ഓക്സിജന്‍ പ്ലാന്റ് സജ്ജമാക്കാത്തത് എന്തുകൊണ്ടാണ്. കോവിഡ് നിയന്ത്രണത്തില്‍ പാളിച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ അത് സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. സംസ്ഥാനങ്ങള്‍ക്ക് പാളിച്ച പറ്റിയാലും ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണോ. കേന്ദ്രത്തിന്റെ മേല്‍നോട്ടത്തിന് പാളിച്ചയുണ്ടായോയെന്ന് പരിശോധിക്കട്ടെ. അത് പരിശോധിക്കേണ്ടയാള്‍ താനല്ല. കേരള സര്‍ക്കാര്‍ ശമ്പളം നല്കി നിയോഗിച്ച ആളല്ല കേന്ദ്ര സഹമന്ത്രി. കേരള സര്‍ക്കാരിന്റെ നടപടികളെയാണ് വിമര്‍ശിക്കുന്നത്. കേരളത്തെയല്ല. അത് ഇനിയും തുടരും. പിണറായി വിജയനല്ല കേരളമെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: