ന്യൂദല്‍ഹി : തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ചുള്ള വിജയാഹ്ലാദങ്ങള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. കോവിഡ് ജാഗ്രതയുടെ ഭാഗമായി വോട്ടെണ്ണല്‍ ദിനത്തിലും അതിനുശേഷവും ആഹ്ലാദ പ്രകടനങ്ങള്‍ വേണ്ടെന്ന് ഉത്തരവില്‍ പറയുന്നുണ്ട്. ഇന്ന് രാവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തിര യോഗം ചേര്‍ന്നാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാനായി എത്തുമ്പോള്‍ പരമാവധി രണ്ട് പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ. അഞ്ച് സംസ്ഥാനങ്ങളിലും കടുത്ത നിയന്ത്രണത്തിലായിരിക്കും വോട്ട് എണ്ണുകയെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ കോവിഡ് വ്യാപനത്തിന് പിന്നില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണെന്ന് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് കമ്മിഷന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളൊന്നും പാലിക്കപ്പെട്ടില്ല.
കോവിഡ് രണ്ടാം തരംഗത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാത്രമാണ്. രാഷ്‌ട്രീയപാര്‍ട്ടികളെ നിയന്ത്രിക്കാന്‍ കമ്മിഷന്‍ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം എന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
ഇത് കൂടാതെ നിലവിലെ ഗുരുതര സാഹചര്യത്തില്‍ വോട്ടെണ്ണല്‍ ദിനത്തെക്കുറിച്ച് കൃത്യമായ പദ്ധതി തയാറാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവെയ്‌ക്കാനും അറിയിച്ചു. വോട്ടെണ്ണുന്നതിന് മുമ്പായുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അറിയിക്കാനും മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തിര യോഗം ചേര്‍ന്ന് ഉത്തരവിറക്കിയിരിക്കുന്നത്. അതേസമയം കമ്മിഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ മുഴുവന്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: