തിരുവനന്തപുരം : സംസ്ഥാനത്ത് 13 ജില്ലകളില്‍ ജനിതകമാറ്റം വന്ന അതി തീവ്രശേഷിയുള്ള കോവിഡിന്റെ സാന്നിധ്യമുള്ളതായി കണ്ടെത്തല്‍. നിലവില്‍ പത്തനംതിട്ടയില്‍ മാത്രമാണ് ജനിതക മാറ്റം വന്ന ഇന്ത്യന്‍ വകഭേദമായ വൈറസിന്റെ സാന്നിധ്യം ഉണ്ടാകാതിരുന്നത്.
കോട്ടയം ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അതി തീവ്രശേഷിയുള്ള കോവിഡ് ബാധിതരെ കണ്ടെത്തിയിട്ടുള്ളത്. ജില്ലയിലെ കോവിഡ് രോഗികളില്‍ 19.05% പേരിലും വൈറസിന്റെ പുതിയ വകഭേദമാണ്. അതേസമയം ബ്രിട്ടീഷ് വകഭേദം കൂടുതലും കണ്ണൂര്‍ ജില്ലയിലും (75%) ദക്ഷിണാഫ്രിക്കന്‍ വകഭേദം പാലക്കാടു(21.43%)മാണ് കണ്ടെത്തിയിട്ടുള്ളത്. ഒരു മാസത്തിനിടയിലാണ് ജനിതക മാറ്റം വന്ന ഇന്ത്യന്‍ വകഭേദം ഇത്രയും അധികം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഫെബ്രുവരിയില്‍ ബ്രിട്ടീഷ് വൈറസ് വകഭേദം മാത്രമായിരുന്നു കേരളത്തില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഒരു മാസത്തിനിപ്പുറം മാര്‍ച്ചില്‍ നടത്തിയ പഠനത്തില്‍ ഇന്ത്യന്‍ വകഭേദവും ആഫ്രിക്കന്‍ വകഭേദവും കണ്ടെത്തുകയായിരുന്നു. അതേസമയം ജനിതക വ്യതിയാനം വന്ന വൈറസുകള്‍ സംസ്ഥാനത്ത് ഏപ്രില്‍ ആദ്യവാരം തന്നെ വ്യാപിച്ചതായാണു വിവരം.
രാജ്യത്തെ കോവിഡ് ബാധിതരില്‍ 40 ശതമാനത്തോളം പേര്‍ക്ക് അതിതീവ്ര വ്യാപനശേഷിയുള്ള വൈറസുകളാണ് ബാധിച്ചതെന്നാണ് പഠനത്തില്‍ തെളിയിക്കുന്നത്. ഇതില്‍ 30% പേരില്‍ ലണ്ടനിലെ വൈറസ് വകഭേദം ബാധിച്ചവരാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ വകഭേദം രണ്ട് ശതമാനം ആളുകളില്‍ മാത്രമാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: