ഗാന്ധിനഗര്‍: കോവിഡ് വ്യാപനത്തിനിടയിലും സമൂഹത്തിന് ആത്മവിശ്വാസം പകരുന്ന ചില കാഴ്ചകള്‍ സമൂഹമാധ്യമങ്ങളില്‍ എത്തുന്നുണ്ട്. നാലുമാസം ഗര്‍ഭിണിയായിരുന്നിട്ടും കോവിഡ് രോഗികളെ പരിചരിക്കുന്ന ഗുജറാത്തില്‍നിന്നുള്ള നഴ്സ് ഇപ്പോള്‍ ഓണ്‍ലൈനില്‍ ഹൃദയങ്ങള്‍ കീഴടക്കുകയാണ്.
സൂറത്തിലെ അല്ത്താന് കമ്മ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് പരിചരണ കേന്ദ്രത്തിലാണ് പുണ്യമാസമായ റമദാനില്‍ വ്രതം അനുഷ്ഠിച്ചുകൊണ്ട്, നാന്‍സി അയേസ മിസ്ത്രി ആരോഗ്യപ്രവര്‍ത്തകയുടെ ചുമതലകള്‍ നിറവേറ്റുന്നത്. എല്ലാദിവസവും എട്ടു മുതല്‍ പത്തു മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞകൊല്ലം കോവിഡ് പടര്ന്നുപിടച്ചപ്പോഴും നാന്‍സി രോഗികള്‍ക്ക് ആവശ്യമായ സഹായങ്ങളുമായി ഒപ്പമുണ്ടായിരുന്നു.
ഈ വര്‍ഷം ഗര്‍ഭിണിയായിട്ടുകൂടി തന്റെ ചുമതലകളില്‍നിന്ന് മാറിനില്ക്കാന് അവര്‍ തയ്യാറല്ല. തന്റെ ജോലിയാണ് ചെയ്യുന്നതെന്നും ജനസേവനം പ്രാര്‍ഥനയായിട്ടാണ് കാണുന്നതെന്നും അവര്‍ എഎന്‍ഐയോട് പറഞ്ഞു. നിരവധി പേരാണ് അനുമോദനവുമായി സമൂഹമാധ്യമങ്ങളില്‍ എത്തിയത്. പൊരിവെയിലത്ത് റോഡില്‍ പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ വീഡിയോ അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: