സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍ മരിച്ചു. കാരക്കണ്ടി സ്വദേശികളായ മുരളി (16) അജ്മല്‍ (14) എന്നിവരാണ് മരിച്ചത്.
രണ്ട് ദിവസം മുന്‍പുണ്ടായ സ്ഫോടനത്തില്‍ ഇവര്‍ ഉള്‍പ്പടെ മൂന്ന് കുട്ടികൾക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ മറ്റൊരു കുട്ടിയായ കാരക്കണ്ടി ചപ്പങ്ങൽ ജലീലിന്റെ മകൻ ഫെബിൻ ഫിറോസ്(14) ചികിത്സയിലാണ്. ഫിറോസിന് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.
ബത്തേരി കുപ്പാടി കാരക്കണ്ടിക്ക് സമീപം ഏപ്രിൽ 22 നായിരുന്നു സംഭവം. പടക്കം സൂക്ഷിച്ചിരിന്ന ഷെഡില്‍ കുട്ടികള്‍ കയറി പടക്കം പൊട്ടിച്ചത് അപടത്തിനിടയാക്കിയെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി പോലീസ് അന്വേഷണം നടത്തി വരികയാണ്.
അയ്യങ്കാളേശ്വരിയാണ് മുരളിയുടെ അമ്മ. സഹോദരങ്ങൾ: മുത്തുരാജ്, രാജലക്ഷ്മി. അജ്മലിന്റെ അമ്മ സജ്ന. സഹോദരങ്ങൾ അസ്ന, സാഹിർ. ബത്തേരിയിൽ ബന്ധുവീട്ടിലെത്തിയതായിരുന്നു അജ്മൽ. മുരളി പ്ലസ് വൺ വിദ്യാർത്ഥിയാണ്. അജ്മൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമാണ്.
പ്രദേശത്ത് കളിക്കാനെത്തിയതായിരുന്നു കുട്ടികള്‍. ഷെഡ്ഡിനുള്ളില്‍ നിന്നും സ്‌ഫോടന ശബ്ദം കേട്ട് പ്രദേശവാസികള്‍ ഒത്തുകൂടിയപ്പോള്‍ പൊള്ളലേറ്റ മൂന്ന് വിദ്യാര്‍ത്ഥികളും പുറത്തേക്ക് ഓടി വരുന്നതാണ് കണ്ടത്. എങ്ങനെ സ്ഫോടനം നടന്നുവെന്നോ വിദ്യാര്‍ത്ഥികള്‍ എന്തിന് ഇവിടെ എത്തിയെന്നതിനെ കുറിച്ചോ ഇതുവരെ വ്യക്തതയില്ല.
വെടിമരുന്നാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ഷെഡിനുള്ളില്‍നിന്നു പൊള്ളലേറ്റ കുട്ടികള്‍ തൊട്ടടുത്ത കുളത്തിലേക്ക് ചാടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: