ലക്നൗ: 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന് സൗജന്യമാക്കിയതിന് പിന്നാലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ കോവിഡ് രോഗികള്‍ക്ക് സൗജന്യ ചികിത്സയും പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഞായറാഴ്ച പതിനൊന്ന് അംഗ സംഘവുമായി നടത്തിയ വെര്‍ച്വല്‍ യോഗത്തിനുശേഷമായിരുന്നു മുഖ്യമന്ത്രി യോഗി അദിത്യനാഥ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പോസിറ്റീവ് ആകുന്ന രോഗികള്‍ക്ക് ചികിത്സ നിഷേധിച്ചാല്‍ ശക്തമായ നടപടി നേരിടേണ്ടിവരുമെന്ന് ആശുപത്രികള്‍ക്ക് അദ്ദേഹം മുന്നറിയിപ്പും നല്കി.
‘സര്‍ക്കാര്‍ ചെലവ് വഹിക്കുമ്പോള്‍ ഒരു സര്‍ക്കാര്‍, സ്വാകാര്യ ആശുപത്രിക്കും ചികിത്സ നിഷേധിക്കാനാവില്ല. അത്തരം എല്ലാ രോഗികളെയും വീഴ്ച വരുത്താതെ പരിശോധിക്കുകയും മുന്‍ഗണ അനുസരിച്ച് ചികിത്സ നല്‍കുകയും വേണം’- അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ പണം ഇടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
എല്ലാ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും ഇതു സംബന്ധിച്ച് മാര്‍ഗരേഖ നല്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കകള്‍ ഇല്ലെങ്കില്‍ കോവിഡ് രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് അയയ്ക്കണമെന്ന് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ആയുഷ്മാന്‍ ഭാരത് ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക് അനുസരിച്ച് സ്വകാര്യ ആശുപത്രികള്‍ക്ക് പണം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: