രാജ്യമെമ്പാടുമായി 551 ഓക്സിജന്‍ ഉല്‍പ്പാദന പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി പിഎം കെയേഴ്സ് ഫണ്ടില്‍നിന്ന് തുക അനുവദിച്ചത് രോഗവ്യാപനം രൂക്ഷമായ കൊവിഡിന്റെ രണ്ടാംതരംഗത്തെ പ്രതിരോധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന ജാഗ്രതയ്ക്കും കാര്യക്ഷമതയ്ക്കും തെളിവാണ്. ഇത് ഒറ്റപ്പെട്ട നടപടിയല്ല. കൊവിഡിന്റെ രണ്ടാംതരംഗത്തെ സുനാമി എന്നു വിശേഷിപ്പിച്ച് കരുതല്‍ നടപടികളെടുക്കുകയും, സംസ്ഥാനങ്ങള്‍ക്ക് ഇതു സംബന്ധിച്ച് യഥാസമയം നിര്‍ദ്ദേശം നല്‍കുകയും ചെയ്ത പ്രധാനമന്ത്രി പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് റാലികള്‍ മാറ്റിവച്ചിരുന്നു. മുഖ്യമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി ആവശ്യമായ നടപടികള്‍ എടുക്കുകയുണ്ടായി. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ചില ശക്തികള്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി അരാജകാവസ്ഥ സൃഷ്ടിക്കുകയാണ്. രാജ്യത്തെ ആശുപത്രികളില്‍ ഓക്സിജന്‍ കിട്ടാതെ കൊവിഡ് രോഗികള്‍ കൂട്ടത്തോടെ മരിക്കുകയാണെന്നും, ഇതിനുത്തരവാദി കേന്ദ്ര സര്‍ക്കാരാണെന്നും ചില മാധ്യമങ്ങള്‍ നിരുത്തരവാദപരമായി വാര്‍ത്ത നല്കുകയുണ്ടായി. ഇതിനെക്കാള്‍ മോശമായ പ്രചാരണമാണ് സമൂഹ മാധ്യമങ്ങളില്‍ നടന്നത്. ആശുപത്രി അധികൃതര്‍ നിഷേധിച്ച സംഭവം പോലും വാര്‍ത്തയായി നല്കി തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ചില മാധ്യമങ്ങള്‍ നിരന്തരമായി ശ്രമിച്ചു.
ആരോഗ്യം ഒരു സംസ്ഥാന വിഷയമാണ്. എന്നാല്‍ കൊവിഡ് മഹാമാരിയെ നേരിടുന്നതില്‍ അമ്പേ പരാജയപ്പെട്ട ചില സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്ര സര്‍ക്കാരിനെ പഴി പറഞ്ഞ് രക്ഷപ്പെടാനാണ് നോക്കുന്നത്. ഇതിന്റെ ഒന്നാന്തരം ഉദാഹരണമാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാഗത്തുനിന്നുണ്ടായത്. ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രം തുക അനുവദിച്ചിട്ടും ഒന്നും ചെയ്യാതിരുന്ന കെജ്രിവാള് ഇതിനായി ഇപ്പോള്‍ കേന്ദ്രത്തോട് കരഞ്ഞുപറയുന്നത് ശുദ്ധ കാപട്യമാണ്. കൊവിഡിന്റെ ഒന്നാംതരംഗത്തില്‍ രാജ്യതലസ്ഥാനത്ത് രോഗം പടര്‍ന്നുപിടിച്ചപ്പോള്‍ പരാജയത്തിന്റെ പ്രതീകമായി മാറുകയായിരുന്നു കെജ്രിവാള്. അവസാനം കേന്ദ്ര ആഭ്യന്തരമന്ത്രി രംഗത്തിറങ്ങിയാണ് പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിച്ചത്. രാജ്യത്തിന്റെ ഭരണസംവിധാനമെന്നു പറയുന്നത് സംസ്ഥാനങ്ങളുടെ യൂണിയനാണ്. മറ്റ് പല വിഷയങ്ങളിലും സംസ്ഥാനങ്ങള്‍ക്ക് ഇല്ലാത്ത അധികാരമുണ്ടെന്നു വരുത്തി ഏറ്റുമുട്ടല്‍ നയം സ്വീകരിക്കുന്നവര്‍ കൊവിഡ് പ്രതിരോധത്തില്‍ എല്ലാം ചെയ്യേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും, തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നുമുള്ള നയമാണ് പിന്തുടരുന്നത്. എല്ലാ കാര്യങ്ങളും ചെയ്യേണ്ടത് കേന്ദ്ര സര്‍ക്കാരാണെങ്കില്‍ സംസ്ഥാനത്തെ ഭരണ സംവിധാനത്തിന്റെ ആവശ്യമെന്താണ്?
ഇപ്പോഴത്തെ കൊവിഡ് പ്രതിസന്ധിയെ ഒറ്റക്കെട്ടായി നിന്നാല്‍ നേരിടാനാവുമെന്നും, ഒന്നിനും കുറവുണ്ടാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിന് കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന നടപടികളോട് സഹകരിച്ചാല്‍ തങ്ങള്‍ അപ്രസക്തരായിപ്പോകുമെന്ന ചില രാഷ്ട്രീയ പാര്‍ട്ടികളുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും ദുശ്ശാഠ്യമാണ് സ്ഥിതിഗതികളെ സങ്കീര്‍ണമാക്കുന്നത്. ജനങ്ങളുടെ ജീവന് രക്ഷിക്കുന്നതില്‍ കേന്ദ്രത്തെപ്പോലെ സംസ്ഥാനങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും, സഹായങ്ങള്‍ പടിവാതില്ക്കല് എത്തിച്ചുതരുമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ കരുതാന്‍ പാടില്ലെന്നും ദല്‍ഹി ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ ഗൗരവം മനസ്സിലാക്കി യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറിയാല്‍ പരിഹരിക്കാനാവാത്ത പ്രശ്നങ്ങളൊന്നും ഇപ്പോഴില്ല. എന്നാല്‍ പ്രതിപക്ഷം ഇതിനു തയ്യാറല്ല. തങ്ങള്‍ പരമാവധി നിസ്സഹകരിച്ചിട്ടും കൊവിഡ് വ്യാപനത്തിന്റെ ഒന്നാംഘട്ടത്തെ വിജയകരമായി തരണം ചെയ്യാന്‍ പ്രധാനമന്ത്രി മോദിക്കും കേന്ദ്ര സര്‍ക്കാരിനും കഴിഞ്ഞു. ഇതില്‍ പ്രതിപക്ഷം നിരാശരാണ്. ഇനി മോദിയെ അതിനനുവദിക്കില്ലെന്നതാണ് പ്രതിപക്ഷത്തിന്റെ രഹസ്യ അജണ്ട. കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ ഭാരതം പരാജയമാണെന്നു വരുത്താന്‍ ചില ബാഹ്യശക്തികളും കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ്. ഊഹാപോഹങ്ങളില്‍ വിശ്വസിക്കാതെ വസ്തുതകള്‍ മനസ്സിലാക്കി ഇത്തരം ശക്തികളെ ഒറ്റക്കെട്ടായി നേരിടാന്‍ ജനങ്ങള്‍ തയ്യാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: