വാദ്യമാണെങ്കിലും ആരെങ്കിലുമൊന്ന് കൊട്ടിപ്പാടിയാലെ അതിന് മോക്ഷം കിട്ടൂ. മനയ്ക്കലെ കുളപ്പുരമാളികയുടെ മുകളില്‍ പൊടി പിടിച്ചു കിടന്ന ചെണ്ടയ്ക്ക് പുനര്‍ജീവന്‍ നല്‍കിക്കൊണ്ട് കുഞ്ഞൂട്ടനാശാന്‍ വാനപ്രസ്ഥം എന്ന സിനിമയില്‍ ഇത് പറയുമ്പോള്‍ അത് മറ്റെല്ലാ വാദ്യങ്ങള്‍ക്കുകൂടി ബാധകമാണെന്ന് ചേര്‍ത്തു വായിക്കാം.
ഓരോ തടിയിലും ഓരോ കല്ലിലും സംഗീതമുണ്ടെങ്കിലും കണ്ടെത്തി അതിന് നാവു നല്‍കുമ്പോഴാണ് കലാകാരന് ദൈവമാകുന്നത്. കാലം കോവിഡില്‍ പേടിച്ച് സ്വയം തടവറ തീര്‍ത്തപ്പോള്‍ നാദം നിലച്ച തന്റെ വാദ്യങ്ങളെ നോക്കി വീര്‍പ്പുമുട്ടാതെ ഒരു കലാകാരന് പുതിയ ഒന്നിന് ജന്മം നല്കി. പത്താംക്ലാസുകാരനായ തന്റെ പേരിന്റെ മുന്നില്‍ ഡോക്ടറേറ്റ് ചാര്‍ത്തിക്കൊടുത്ത ഇടയ്ക്കയാണ് ഡോ. പ്രകാശന് പഴമ്പാലക്കോട് നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രങ്ങളില്‍ ശ്രീകോവിലിന്റെ കഴുക്കോലില്‍ വിശ്രമിക്കുന്ന നിറം മങ്ങിയ ഇടയ്ക്കയെ ഒരു നവവധുവിനെപ്പോലെ അണിയിച്ചൊരുക്കിയിരിക്കുകയാണ് പ്രകാശന് എന്ന ആശാന്. പുതിയ സൃഷ്ടിക്ക് സവിശേഷതകള്‍ ഏറെയാണ്. പരിഷ്കാരങ്ങള്‍ വരുത്താതെ മാറിനില്‍ക്കുന്ന വാദ്യത്തിന്റെ ഭാരം കുറയ്ക്കാനും നാദം കൂട്ടാനും ഉപയോഗം എളുപ്പമാക്കാനുമുള്ള തന്ത്രങ്ങള്‍ പരീക്ഷിച്ചിട്ടുണ്ട്. ഒപ്പം നിറങ്ങളും ചിത്രങ്ങളും ചേര്‍ത്ത് സുന്ദരമാക്കുകയും ചെയ്തു.
എന്തുകൊണ്ട് ഇടയ്ക്ക?
വാദ്യങ്ങള്‍ പലതുണ്ടെങ്കിലും സപ്തസ്വരങ്ങള്‍ വായിക്കാന്‍ കഴിയുന്നതും, സംസാരം പോലും കൊട്ടിക്കേള്‍പ്പിക്കാന്‍ കഴിയുന്നതുമായ ഒരേയൊരു തുകല്‍ വാദ്യമാണ് ഇടയ്ക്ക. പ്രകൃതിയുടെ നാദമായ ഓംകാരം ചുരത്തുന്ന വാദ്യം. ക്ഷേത്രവാദ്യം എന്നതിനപ്പുറം ഇടയ്ക്കയില്‍ കീര്‍ത്തനങ്ങള്‍ വായിച്ച് കച്ചേരി നടത്തിയാണ് ആശാന് പ്രശസ്തനായത്. ഡോക്ടറേറ്റും അതില്‍ത്തന്നെ. അതുകൊണ്ട് ഇടയ്ക്ക തന്നെ നിര്‍മ്മിക്കാമെന്ന് ഉറപ്പിക്കുകയായിരുന്നു. ഒരു സ്ത്രീയേപ്പോലെയോ ഭൂമിയേപ്പോലെയോ ആണ് ഈ വാദ്യം. നന്നായി ചമയം ചേര്‍ത്താല്‍ അത്രയും സുന്ദരിയാകും. ആദ്യം നിര്‍മ്മിച്ച വാദ്യത്തില്‍ ഗണപതിയേയാണ് വരച്ചുചേര്‍ത്തത്. 20 വര്‍ഷമായി കൂടെയുള്ള ചിത്രകലയെ ആശാന് ഇവിടെ പ്രയോഗിച്ചു. ഇനി ചുവര്‍ചിത്രങ്ങള്‍ വരച്ചുചേര്‍ത്ത ഒരെണ്ണം നിര്‍മ്മിക്കണം. സമൂഹ മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ് ആവശ്യക്കാര്‍ ഏറെയാണ്. ഇതിനോടകം മൂന്നു രാജ്യത്തേക്കായി മൂന്നെണ്ണം അയച്ചു. സൂഷ്മാംശങ്ങള്‍ക്ക് കുറവു വരുത്താതെ സമയമെടുത്തുമാത്രം നിര്‍മ്മിക്കുന്നതുകൊണ്ട് ഒരുപാട് പേര്‍ക്ക് എത്തിക്കാനാകുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എല്ലാ ഭുഖണ്ഡത്തിലും ശിഷ്യസമ്പത്തുണ്ട്. വിളിപ്പാടകലെ എന്താവശ്യത്തിനും സഹകരണത്തിനും അവരുണ്ടെന്നത് അഭിമാനത്തോടെയാണ് അദ്ദേഹം പറയുന്നത്.
ഇങ്ങനെ അവള് പിറന്നു ലോക്ഡൗണ്‍ കാരണം പുറത്തിറങ്ങാനാകാതെ ഇരുന്നപ്പോള്‍ അസ്വസ്ഥതകള്‍ക്കപ്പുറമുള്ള ശ്വാസംമുട്ടല്‍ പൊതിഞ്ഞു തുടങ്ങി. ഒന്‍പതാം വയസ്സില്‍ തൃശ്ശൂര്‍ പൂരത്തിന് അരങ്ങേറിയതു മുതല്‍ അടങ്ങി ഒരിടത്തിരുന്ന ചരിത്രമില്ല. വീര്‍പ്പുമുട്ടലിനെ ജയിക്കാന്‍ വിടാതെ ആദ്യംതന്നെ ചിത്രകലയെ ആശ്രയിച്ചു. രാത്രിയില്‍ കടതുറപ്പിച്ച് പെയ്ന്റ് എടുത്തു. പിന്നീട് ജീവിതത്തിലെ പ്രിയ സഖിയെ ഒന്നു മോടിപിടിപ്പിക്കാന്‍ തീരുമാനിച്ചു. കുറ്റിയും വളയും കാലടിയില്‍ നിന്നു വാങ്ങി. ഒരു ദിവസം വെള്ളത്തിലിട്ടതിനുശേഷം ചുരണ്ടി ഇരുവശവും തുല്യഭാരത്തിലാക്കി ശബ്ദം വരുത്തി. രാവിലെ മൂന്നുമണിയോടടുപ്പിച്ചുള്ള സരസ്വതിയാമത്തില്‍ ശരീരശുദ്ധി വരുത്തിയശേഷം വിഘ്നേശമന്ത്രം ചൊല്ലിച്ചേര്‍ത്തു. പിറ്റേന്ന് അതേസമയം തന്നെ 1008 ശിവാക്ഷരിയോടെ ഓംകാരവും, മൂന്നാംനാള്‍ ലക്ഷ്മി സഹസ്രനാമവും ജപിച്ച് അതിനുള്ളിലെ ശബ്ദം ദൃഢമാക്കും. അതിനുശേഷം അതിലേക്ക് ജീവന് നല്കുമ്പോള് അവള് സമ്പൂര്‍ണയാകും. സമയവും സാധനയും വേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സമയം കണ്ടെത്തുന്നത് വാദ്യങ്ങളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കിടയിലുള്ള സമയത്താണ്.
കണിശക്കാരനായ ആശാനിലേക്ക്
മേളത്തില്‍ മാത്രമല്ല അടിയിലും മുമ്പനാണ് പല്ലാവൂര്‍ അപ്പുമാരാര്‍ എന്ന അതികായന്. മാരാരായിരുന്നു ആശാന്റെ ഗുരു. അടി പേടിച്ച് പരിപാടി കഴിഞ്ഞ് മടങ്ങുമ്പോള്‍ ട്രെയിനില്‍ നിന്ന് ഇറങ്ങി ഓടുകയും, ഇതുകണ്ട് എല്ലാവരും ചേര്‍ന്ന് പിടിക്കുകയും ചെയ്ത സംഭവമുണ്ടായിട്ടുണ്ട്. കുട്ടിക്കാലത്ത് നാലുമണിക്ക് ഉണര്‍ത്താനായി വായിലൊഴിക്കുന്ന കടുക്കമോരില്‍ മാത്രമല്ല സാധനാകാലം മുഴുവന്‍ കടുപ്പമായിരുന്നെന്ന് ആശാന് ഓര്‍ക്കുന്നു. നാലുമണിക്ക് തുടങ്ങുന്ന സാധന ഒന്പതുവരെ തുടരുകയും, പിന്നീട് സ്കൂളില്‍നിന്ന് തിരിച്ചു സംഗീത പഠനമായി നീളുകയും ചെയ്യും. അന്നത്തെ കാര്‍ക്കശ്യം ഇന്നത്തെ ആശാനിലും പ്രകടം. സമയനിഷ്ഠയില്‍ ഏറെ പ്രാധാന്യം കൊടുക്കുന്ന ആശാന് തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്ന കാര്യത്തിലും മുന്നില്‍ തന്നെയാണ്. കലാകാരന് സാമൂഹ്യ പ്രതിബദ്ധതവേണമെന്നും, രാഷ്ട്രമുണ്ടെങ്കിലേ കലയ്ക്ക് നിലനില്‍പ്പുള്ളൂ എന്നും ഉറച്ചു പറയുന്ന ആശാന് താന്‍ പറയുന്നത് രാഷ്ട്രീയമല്ല ഒരു ഹൈന്ദവനെന്ന നിലയിലുള്ള പ്രതികരണമാണെന്ന് കൂട്ടിച്ചേര്‍ക്കാനും മറക്കുന്നില്ല.
കൊട്ടിപ്പാടി സേവയില്‍ കാലം കഴിച്ച ഒരുകൂട്ടം വാദ്യകലാകാരന്മാരുടെ വിയര്‍പ്പിന്റെ, വിശപ്പിന്റെ കഥയല്ല ഇനി ലോകത്തിന് കേള്‍ക്കേണ്ടത്. വിധാതാവിനോളം വളര്‍ന്ന കലാകാരന്റെ വിജയത്തുടികളാണ്. കോവിഡില്‍ കുരുങ്ങിയ കാലത്തിന് നന്ദി. പല കലകള്‍ക്കും വാദ്യങ്ങള്‍ക്കും ഇതൊരു ശാപമോക്ഷ കാലം കൂടിയാകട്ടെ. ചരിത്രങ്ങളും മാമൂലുകളും മാറുമ്പോള്‍ അവഗണനയുടെ മാറാലമാറ്റി കുളപ്പുരമാളികയിലെ മച്ചുകളില് നിന്ന് വാദ്യങ്ങള്‍ പുനര്‍ജനിക്കും. പ്രകാശന് ആശാനെപ്പോലെ അവയെ തുയിലുണര്ത്താന് നൂറുപേര് പിന്നാലെ എത്തുമെന്നു തന്നെ നമുക്ക് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: