ന്യൂദല്‍ഹി: മോദിസര്‍ക്കാര്‍ പിഎം കെയേഴ്സില്‍ നിന്നും എട്ട് ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പണം നല്‍കിയിട്ടും അരവിന്ദ് കെജ്രിവാള് ഇതുവരെ സ്ഥാപിച്ചത് ഒരു ഓക്സിജന്‍ പ്ലാന്റ് മാത്രം. ഇതേക്കുറിച്ചുള്ള രേഖകള്‍ ബോധ്യപ്പെട്ട ഹൈക്കോടതി ഉടന്‍ ബാക്കിയുള്ള ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കെജ്രിവാള് സര്‍ക്കാരിനോട് നിശിതഭാഷയില്‍ ആവശ്യപ്പെടുകയായിരുന്നു.
ഡിസംബര്‍ 2020ലാണ് മോദിസര്‍ക്കാര്‍ പിഎം കേയെഴ്സില്‍ നിന്നും എട്ട് പിഎസ്എ ഓക്സിജന്‍ പ്ലാന്റുകള്‍ (പ്രഷര്‍ സ്വിംഗ് അബ്സോര്‍പ്ഷന്‍) ദല്‍ഹിയില്‍ സ്ഥാപിക്കാന്‍ 2020 ഡിസംബറില്‍ പണം നല്‍കിയത്. എന്നാല്‍ ഡിസംബറിന് ശേഷം ഇതുവരെ കെജ്രിവാള് സര്‍ക്കാര്‍ സ്ഥാപിച്ചത് ഒരേയൊരു പ്ലാന്റ് മാത്രം.
ഇതോടെ ഓക്സിജന്‍ ക്ഷാമം മോദിയുടെ മാത്രം തലയില്‍ കെട്ടിവെക്കാനുള്ള കെജ്രിവാളിന്റെ രാഷ്ട്രീയ തന്ത്രം പൊളിഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പ്രധാനമന്ത്രിയോട് താങ്കള്‍ ഏതാനും ഫോണ്‍കോള്‍ ചില സംസ്ഥാനങ്ങളിലേക്ക് വിളിച്ചാല്‍ ദേശീയ തലസ്ഥാനത്തെ ഓക്സിജന്‍ ക്ഷമാത്തിന് പരിഹാരമാകും എന്നാണ് അരവിന്ദ് കെജ്രിവാള് അഭ്യര്‍ത്ഥിച്ചത്. അത് തല്‍സമയം ടിവിയില്‍ സംപ്രേഷണം ചെയ്യുക വഴി കെജ്രിവാളിന് കൃത്യമായി ദല്‍ഹിയിലെ ജനങ്ങളെ കബളിപ്പിക്കാനായി.
എന്നാല്‍ രേഖകള്‍ കള്ളം പറയില്ല. രേഖകള്‍ ബോധ്യമായതോടെ ദല്‍ഹി ഹൈക്കോടതി ഇക്കാര്യം കെജ്രിവാള് സര്‍ക്കാരിനോട് ചോദിക്കുകയും ചെയ്തു. എട്ട് പ്ലാന്റുകള്‍ക്ക് പിഎം കെയേഴ്സ് ഫണ്ടില്‍ നിന്നും പണം നല്‍കിയിട്ടും എന്തുകൊണ്ട് ഒരു പ്ലാന്റ് മാത്രം സ്ഥാപിച്ചു എന്ന ദല്‍ഹി ഹൈക്കോടതിയുടെ ചോദ്യത്തിന് കെജ്രിവാള് സര്‍ക്കാര്‍ നുണ പറഞ്ഞ് തലയൂരാനാണ് ശ്രമിച്ചത്.
വളരെ ദുര്‍ബലമായ ഒരു നുണയാണ് കെജ്രിവാള് സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ പ്രതിനിധി നിപുണ്‍ വിനായകിന് ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നത്. ദല്‍ഹിയിലെ രണ്ട് ആശുപത്രികള്‍- സത്യവാദി രാജ ഹരീഷ് ചന്ദ്ര ആശുപത്രിയും വര്ധമാന് മഹാവീര്‍ മെഡിക്കല്‍ കോളെജ് ആന്റ് സഫ്ദര്‍ജംഗ് ആശുപത്രിയും ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ഇതുവരെ സ്ഥലം അനുവദിച്ചില്ല എന്നതായിരുന്നു മറുപടി. എന്നാല്‍ ഈ രണ്ട് ആശുപത്രികളും സ്ഥലം നേരത്തെ നല്‍കിയിരുന്നു എന്നും ഏപ്രില്‍ 30നെങ്കിലും ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നതാണ് ആശുപത്രി അധികൃതര്‍ നല്കുന്ന മറുപടി.
ഇനി കെജ്രിവാളിന്റെ പ്രതിനിധി പറഞ്ഞ ഈ നുണ വിഴുങ്ങിയാല്‍ പോലും മറ്റ് അഞ്ച് ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ എന്തെങ്കിലും ശ്രമം കെജ്രിവാള് സര്‍ക്കാര്‍ നടത്തിയോ?
എന്തായാലും ദല്‍ഹി ഹൈക്കോടതി കെജ്രിവാള് സര്‍ക്കാരിനോട് പറഞ്ഞത് ഉടനെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാനായിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച രേഖകള്‍ കേസ് കേള്‍ക്കാന്‍ പോകുന്ന അടുത്ത ദിവസം തന്നെ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: