കിളിമാനൂർ: വിശാലുൾപ്പടെ പതിനാല് കുട്ടികൾക്ക് വിരൽത്തുമ്പിൽ ലോകമൊരുക്കി സമഗ്രശിക്ഷാ കേരളം. കിളിമാനൂർ ബിആർസി പരിധിയിലെ പതിനാല് ഭിന്നശേഷി കുട്ടികൾക്ക് പഠനം രസകരമാക്കുന്നതിന് ടാബ്ലെറ്റ് വിതരണം ചെയ്തു. കോവിഡ് കാലത്ത് കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്ത ഓൺലൈൻ ക്ലാസും ഭിന്നശേഷി കുട്ടികൾക്ക് യൂട്യൂബിലൂടെ നൽകുന്ന വൈറ്റ് ബോർഡ് ക്ലാസുകളും ഇനി സുഗമമായി കുട്ടികൾക്ക് കാണുന്നതിനാണ് ടാബ് വിതരണം ചെയ്തത്.
ഈ ക്ലാസുകൾക്കു പുറമേ ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ എന്ന വിർച്ച്വൽ ക്ലാസ് സൗകര്യവും ബിആർസി ഒരുക്കിയിരികുന്നു. എല്ലാ ദിവസത്തേയും പത്രവാർത്തകൾ, സർഗ്ഗം വീഡിയോ ക്ലാസുകൾ, നർമസല്ലാപം എന്നിങ്ങനെ പ്രത്യേകം സെഷനുകളാണ് ഒരുക്കിയിരിക്കുന്നത്. കോവിഡ് കാലത്ത് വീടിനുള്ളിൽ അകപ്പെട്ട കുട്ടികൾക്ക് ഓൺലൈനിലൂടെ സഹായവും സന്തോഷവും നൽകി ഒറ്റയ്ക്കല്ല, ഒപ്പമുണ്ട് എന്ന് ഉറപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കുട്ടികൾക്ക് ലഭിച്ച ഇന്റർനെറ്റ് സൗകര്യമുള്ള ടാബ് ലെറ്റിലൂടെ കൂട്ടുകാരേയും അധ്യാപകരേയും വീഡിയോ കോളിലൂടെ കണ്ട് സംസാരിക്കാനായത് പുതിയ അനുഭവമായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ ബുധനാഴ്ച്ചയും തിരഞ്ഞെടുന്ന ഭിന്നശേഷി കുട്ടികൾക്ക് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നതിനോടൊപ്പം ഫിസിയോ തെറാപ്പി ആവശ്യമായവർക്ക് തിങ്കൾ വ്യാഴംദിവസങ്ങളിൽ ബിആർ സി കേന്ദ്രീകരിച്ച് സൗജന്യ തെറാപ്പി സൗകര്യവും നൽകുന്നു. ഭിന്നശേഷി കുട്ടികളെ ഒപ്പം ചേർത്തു നിർത്തുന്നതിനായിഓട്ടിസം സെന്റർ വിഎസ്എൽപിഎസ് നഗരൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്നുമുണ്ട്. ഇതിനെല്ലാം പുറമേയാണ് ടാബ്ലെറ്റുകൾ വിതരണം ചെയ്തത്.
ടാബ്ലറ്റുകളുടെ വിതരണോദ്ഘാടനം പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്തംഗം എൻ.സലിൽ, വിശാലിന് നൽകി നിർവ്വഹിച്ചു.
ബിപിസിസി സാബു.വി.ആർ, പരിശീലകരായ വിനോദ് ടി,വൈശാഖ് കെ എസ്, സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ അനീഷ് എസ് എൽ, രാജിമോൾ.ആർ, ശോഭ.വി എന്നിവർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: