കൊല്ലം: റംസാന് വിപണിയില്‍ പഴം പച്ചക്കറി വില കുതിച്ചുയരുന്നു, വില നിയന്ത്രിക്കാതെ അധികൃതര്‍. വ്യാപാരികള്‍ തോന്നും പോലെ വില നിശ്ചയിക്കുമ്പോള്‍ സാധാരണക്കാരന് ചന്തകളില്‍ എത്തി വെറുംകൈയോടെ മടങ്ങേണ്ട അവസ്ഥയാണ്.
ചെറിയപെരുന്നാളിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിലനിലവാരം ഉയരുന്നത് കാരണം റംസാന് വിപണിയുടെ സാധ്യതകള്‍ നഷ്ടപ്പെടുകയാണെന്ന് കച്ചവടക്കാര്‍ പറയുന്നു. കടകളില്‍ ആഘോഷത്തിന് പരിമളം പരത്താനുള്ള അത്തറും ശോഭയേറ്റുന്ന മൈലാഞ്ചിയും നോമ്പുതുറയ്ക്കുള്ള പഴവര്‍ഗങ്ങളും വരെ നിരന്നു കഴിഞ്ഞു. പക്ഷെ വില നിലവാരം സാധാരണക്കാരെ അകറ്റുകയാണ്.
പച്ചക്കറികളും തുണിത്തരങ്ങളും മാലയും പഴവര്‍ഗ്ഗങ്ങളും വാങ്ങാന്‍ ആളുകളെത്തുകയാണ്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള വിഭവങ്ങള്‍ നിരത്തുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മുതല്‍ വഴിയോരകച്ചവടക്കാര്‍ വരെ റംസാന് വിപണിയിലേക്കുള്ള സാധനങ്ങള്‍ നിരത്തികഴിഞ്ഞു. വിലനിലവാര പ്രദര്‍ശനം ഇല്ലാത്ത കടകളിലെല്ലാം ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ പച്ചക്കറികള്‍ക്ക് തീവിലയാണ് ഈടാക്കുന്നത്. വലിയ ഉള്ളിക്ക് 30, ഉരുളക്കിഴങ്ങിന് 25, തക്കാളിക്ക് 24, പയറിന് 40, മുരിങ്ങയ്ക്ക് 60 എന്നിങ്ങനെയാണ് വില.
ചെമ്മീനിന് കിലോയ്ക്ക് 300 രൂപയും അയലയ്ക്ക് 200 രൂപയും മത്തിക്ക് 100 രൂപയുമായി. പഴവര്‍ഗ്ഗങ്ങളില്‍ വില അല്പമെങ്കിലും കുറവുള്ളത്. തണ്ണിമത്തനാണ്. മൂന്ന് തരത്തിലുള്ള തണ്ണിമത്തനാണ് വിപണിയിലുള്ളത്. നാന്താരി ഇനത്തിലുള്ള തണ്ണിമത്തന് 20 രൂപയാണ്. കിരണ്‍ ഇനത്തിന് 18 മുതല്‍ 25 വരെ വിലയീടാക്കുന്നു. കൈതച്ചക്ക കിലോ അന്‍പത് മുതല്‍ 80വരെയാണ്. കാശ്മീരി ആപ്പിളിന് 200 രൂപയും പച്ച ആപ്പിളിന് 240 രൂപയുമാണ്. ഓറഞ്ച് സീസണ് അവസാനിച്ചെങ്കിലും വിപണിയില്‍ കിലോ 150 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: