തൃശൂര്‍ : തൃശൂര്‍ പൂരം എഴുന്നള്ളത്തിനിടെ ആല്‍മരക്കൊമ്പ് വീണുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. അര്‍ധരാത്രി പന്ത്രണ്ടോടെ തിരുവമ്പാടി മഠത്തില്‍ വരവിനിടെ പഞ്ചവാദ്യക്കാര്‍ക്ക് മേല്‍ കൂറ്റന്‍ ആല്‍മരത്തിന്റെ ശാഖ ഒടിഞ്ഞ് വീഴുകയായിരുന്നു. അപകടത്തില്‍ തിരുവമ്പാടി ദേവസ്വം അംഗങ്ങളായ രണ്ട് പേരാണ് മരിച്ചത്.
പൂച്ചെട്ടി സ്വദേശിയായ രമേശന്, പൂങ്കുന്നം സ്വദേശിയായ പനിയത്ത് രാധാകൃഷ്ണന് എന്നിവരാണ് മരിച്ചത്. 27 പേര്‍ക്കാണ് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ട് പേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഒന്നര മണിക്കൂര്‍ സമയമെടുത്താണ് ഫയര്‍ഫോഴ്സ് ആല്‍മരം മുറിച്ച് മാറ്റിയത്. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും സമയോചിതമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ആളുകളെ പുറത്തെടുത്തത്.
മരം വീണതോടെ കുട്ടന്‍കുളങ്ങര അര്ജുനന് എന്ന ആന ഭയന്നോടി. പിന്നീട് ആനയെ തളച്ചു. ബ്രഹ്മസ്ഥാനത്തിന് സമീപത്തുണ്ടായ ആല്‍മരത്തിന്റെ കൊമ്പ് വൈദ്യുതി കമ്പിയിലേക്കാണ് മരം പൊട്ടി വീണത്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ചിലര്‍ക്ക് വൈദ്യുതഘാതമേറ്റതായും കൈ പൊള്ളിയതായും റിപ്പോര്‍ട്ടുണ്ട്.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇരു വിഭാഗങ്ങളും കരിമരുന്ന് പ്രയോഗം ഉപേക്ഷിച്ചു. എന്നാല്‍ വെടിക്കോപ്പുകള്‍ കുഴികളില്‍ നിറച്ചതിനാല്‍ പൊട്ടിക്കുന്നത് ഒഴിവാക്കാനാവാതെ ഇവ പൊട്ടിച്ചു തീര്‍ത്തു. തിരുവമ്പാടിയും പാറമേക്കാവും വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് വെടിക്കെട്ട് സാമഗ്രികള്‍ നേരത്തെ ഒരുക്കിയിരുന്നു. വെടിക്കെട്ട് സാമഗ്രികള്‍ മൈതാനത്ത് നിന്ന് നീക്കുക പ്രയാസമായതിനാല്‍ ആണ് പൊട്ടിച്ച് നശിപ്പിക്കാന്‍ തീരുമാനമെടുത്തത്. ദേശക്കാരെ പൂര്‍ണമായും മൈതാനത്ത് നിന്നു നീക്കിയ ശേഷമാണ് തീ കൊളുത്താന്‍ പോലീസ് അനുമതി നല്‍കിയത്. അപകടം ഇല്ലാതിരിക്കാന്‍ പല തവണ വെടിക്കെട്ട് സാമഗ്രികള്‍ പോലീസ് പരിശോധിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ഇത്തവണ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തിരുന്നത്. ആള്‍ക്കൂട്ടം കുറഞ്ഞത് വലിയ ദുരന്തമാണ് ഒഴിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: