മലപ്പുറം: കൊവിഡ് കണക്കുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ആരാധാനാലയങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കാന്‍ പാടില്ലെന്ന ഉത്തരവ് മരവിപ്പിച്ച് ജില്ലാ കളക്ടര്‍. നിയന്ത്രണം അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കി മത സംഘടനാ നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് താന്‍ തന്നെ പുറപ്പെടുവിച്ച ഉത്തരവ് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പിന്‍വലിച്ചത്.
ഉത്തരവ് വന്നതിന് പിന്നാലെ തീരുമാനം അടിയന്തിരമായി പുനഃരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാര്‍ തുടങ്ങീ നേതാക്കള്‍ മുന്നോട്ടുവന്നിരുന്നു. യാതൊരു കൂടിയാലോചനയുമില്ലാതെയാണ് കളക്ടര്‍ തീരുമാനമെടുത്തതെന്നും നേതാക്കള്‍ ആരോപിച്ചു.
റംസാന്‍ മാസമായതിനാല്‍ വിശ്വാസികള്‍ക്ക് പള്ളിയില്‍ പോകാനവസരമുണ്ടാവണം. മുസ്ലീം പള്ളിയില്‍ അഞ്ചുപേര്‍ക്ക് മാത്രം പ്രവേശനം എന്ന ഉത്തരവ് ഒറിക്കലും അംഗീകരിക്കാനാകില്ല. പൊതു ഗതാഗതം ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലൊന്നും യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താതിരിക്കുകയും പള്ളികളില്‍ മാത്രം ആളുകളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നത് വിശ്വാസികള്‍ക്ക് പ്രയാസമുണ്ടാക്കുമെന്നും മതനേതാക്കള്‍ പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: