ന്യൂദല്‍ഹി : കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഫ്രഞ്ച് അംബാസിഡര്‍ ഇമ്മാനുവല്‍ ലെനിനാണ് മക്രോണിന്റെ പ്രസ്താവന ട്വീറ്റ് ചെയ്തത്.
കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം നല്‍കുന്നു. ഈ പോരാട്ടത്തില്‍ ഫ്രാന്‍സ് നിങ്ങളോടൊപ്പമുണ്ടാക്കും. എന്ത് സഹായത്തിനും ഞങ്ങള്‍ തയാറാണ് എന്നായിരുന്നു ഇമ്മാനുവല്‍ മാക്രോണിന്റെ ട്വീറ്റ്.
രാജ്യത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോഗ്യ വിദഗ്ധരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഇത് കൂടാതെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ചര്‍ച്ച നടത്തി. അതിനിടെ രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം ഇല്ലാതാക്കുന്നതിനായി 50,000 മെട്രിക് ടണ്‍ ഓക്‌സിജന്‍ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കപ്പല്‍ മാര്‍ഗം എത്തിക്കാനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
ഓക്‌സിജന്‍ കണ്ടെയ്‌നറുകളും മറ്റും എത്തിക്കുന്നതിനായി വ്യോമസേനയുടെ സഹായം ഉപയോഗപ്പെടുത്തി തുടങ്ങി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനിക ട്രാന്‍സ്‌പോര്‍ട്ട് വിമാനമായ സി-17 ഗ്ലോബ് മാസ്റ്റര്‍ ഉപയോഗപ്പെടുത്തിയാണ് ഓക്‌സിജന്‍ എത്തിച്ചു നല്‍കുന്നത്. നിലവില്‍ രണ്ട് വിമാനങ്ങളാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. അവശ്യമെങ്കില്‍ ഇനിയും വിമാനങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന് വ്യോമസേന ഉറപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: