അമ്പലപ്പുഴ: സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിട്ടും വാര്‍ഡുതല ജാഗ്രതാ സമിതികള്‍ നോക്കുകുത്തിയാകുന്നു. കോവിഡ് പടര്‍ന്ന ഒരു വര്‍ഷം മുന്‍പാണ് സംസ്ഥാനത്ത് ജാഗ്രതാ സമിതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. തുടക്കത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇത്തരം സമിതിയുടെ പ്രവര്‍ത്തനം കടലാസില്‍ മാത്രമായി. ഇപ്പോള്‍ കോവിഡ് അതിവേഗം പടര്‍ന്നതോടെയാണ് ജാഗ്രതാ സമിതികള്‍ പുന:സംഘടിപ്പിച്ച് പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. എന്നാല്‍ ചില പഞ്ചായത്തുകളില്‍ മാത്രമാണ് ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നത്.
കോവിഡ് ബോധവല്‍ക്കരണം, വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണ്‍ സംബന്ധിച്ച തീരുമാനമെടുക്കല്‍, വീടുകളില്‍ കഴിയുന്ന കോവിഡ്, ക്വാറന്റെന് ബാധിതര്‍ക്ക് ഭക്ഷണം, മരുന്ന്, മറ്റ് സാധനങ്ങള്‍ എന്നിവ കൃത്യമായി എത്തിക്കുക എന്നതാണ് ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം. എന്നാല്‍ പുതിയ പഞ്ചായത്ത് ഭരണ സമിതികള്‍ ചുമതലയേറ്റശേഷം ഇത്തരം സമിതികളൊന്നും ഫലപ്രദമായി പ്രവര്‍ത്തിക്കാറില്ല. കോവിഡ് ഇത്രയേറെ വ്യാപകമായിട്ടും പല പഞ്ചായത്തിലും ജാഗ്രതാ സമിതികള്‍ പുന:സംഘടിപ്പിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.
പ്രദേശത്തെ അധ്യാപകന് കണ്‍വീനറായ സമിതിയില്‍ പഞ്ചായത്തംഗം, ആശാ വര്‍ക്കര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്. 60 വയസിന് താഴെയുള്ള സന്നദ്ധ ,സാമൂഹിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 20 ഓളം പേര് പരമാവധി അംഗങ്ങളാണ്. കോവിഡ് ബാധിത പ്രദേശങ്ങള്‍ കണ്ടെയ്ന്മെന്റ് സോണാക്കി മാറ്റണമോ എന്നതില്‍ തീരുമാനമെടുക്കുന്നതും ഈ ജാഗ്രതാ സമിതിയാണ്. നാട് കോവിഡ് ഭീതിയിലായിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ജാഗ്രതാ സമിതികള്‍ കൂടുതല്‍ സജീവമാക്കാന്‍ അധികൃതര്‍ ഇടപെടണമെന്ന് ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: