കോഴിക്കോട് : മുസ്ലിംലീഗ് നേതാവ് കെ.എം. ഷാജി എംഎല്‍എ രേഖകള്‍ സമര്‍പ്പിക്കാനായി വിജിലന്‍സിന് മുന്നില്‍ ഹാജരായി. കോഴിക്കോട് തൊണ്ടയാടുള്ള വിജിലന്‍സ് ആന്‍ഡ് ആന്‍ഡ് കറപ്ഷന്‍ ബ്യൂറോ ഓഫീസില്‍ ഇന്ന് രാവിലെയോടെയാണ് ഹാജരായത്.
വിജിലന്‍സ് തെരച്ചിലില്‍ 47 ലക്ഷം രൂപ പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഇതിന്റെ വിശദാംശങ്ങള്‍ തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു തവണ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച അഞ്ച് മണിക്കൂറോളമാണ് വിജിലന്‍സ് കെ.എം. ഷാജിയെ ചോദ്യം ചെയ്തത്. പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ സമയം തേടുകയും ചെയ്തിരുന്നു.
അതിനുശേഷം വിജിലന്‍സ് സമയം അനുവദിച്ചു നല്‍കിയെങ്കിലും തെരഞ്ഞെടുപ്പിനായി സാധാരണക്കാരില്‍ നിന്നും പിരിച്ചെടുത്ത പണമാണെന്നും വിവിധ ബൂത്തുകളിലാണ് ഇതുമായി ബന്ധപ്പെട്ട രസീത് ഉള്ളത്. അതിനാല്‍ പണവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കാന്‍ രണ്ട് ദിവസം കൂടി എംഎല്‍എ സമയം തേടുകയായിരുന്നു. അതേസമയം കെ.എം. ഷാജി പണത്തിന്റെ ഉറവിടം ഇന്ന് ഹജരാക്കിയേക്കുമെന്നും സൂചനയുണ്ട്.
അതിനിടെ കെ.എം. ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘത്തെ വിപുലീകരിച്ചു. കേസുമായി ബന്ധപ്പെട്ട് നിരവധി രേഖകളും തെളിവുകളും പരിശോധിക്കേണ്ടതിനാലാണ് സംഘം വിപുലീകരിക്കുന്നത്. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് കോഴിക്കോട് വിജിലന്‍സ് കോടതിക്ക് ഇന്ന് കൈമാറിയേക്കും.
കൂടാതെ കെ.എം. ഷാജിയുടെ വീടുകള്‍ അളന്നു തിട്ടപ്പെടുത്താന്‍ പൊതുമരാമത്ത് വകുപ്പിന് വിജിലന്‍സ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഷാജിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് വീടുകള്‍ അളക്കുന്നത്. കോഴിക്കോട് മാലൂര്‍കുന്നിലെയും കണ്ണൂര്‍ ചാലാട്ടെയും വീടുകളാണ് അളക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: