കോഴിക്കോട് : വീട്ടില്‍ നിന്നും കണ്ടെടുത്ത പണവുമായി ബന്ധപ്പെട്ട് തെളിവുകള്‍ കാണിക്കുന്നതിനായി രണ്ട് ദിവസം കൂടി സാവകാശം തേടി മുസ്ലിംലീഗ് എംഎല്‍എ കെ.എം. ഷാജി. തെരഞ്ഞെടുപ്പ് ചെലവിനായി സാധാരണക്കാരില്‍ നിന്നും പിരിച്ച തുകയാണ്. ബുത്തുകളിലാണ് ഇതിന്റെ രസീതുകള്‍. ഇത് ഹാജരാക്കാന്‍ സമയം വേണമെന്നാണ് എംഎല്‍എ വിജിലന്‍സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് 47 ലക്ഷം രൂപയാണ് എംഎല്‍എയുടെ കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ വീട്ടില്‍ വിജിലന്‍സ് നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും പണം കണ്ടെത്തിയതിന് വ്യക്തമായ തെളിവ് ഉണ്ടെന്നും, ഇത് ഹാജരാക്കുമെന്നാണ് അടുത്തിടെ ചോദ്യം ചെയ്യലിനായി വിജിലന്‍സ് വിളിച്ചപ്പോള്‍ കെ.എം. ഷാജി അറിയിച്ചത്.
ഇതിനെ തുടര്‍ന്ന് വിജിലന്‍സ് വ്യാഴാഴ്ച വരെ സമയം അനുവദിച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ രസീതുകള്‍ ശേഖരിക്കുന്നതിന് കുറച്ചുകൂടി സമയം വേണമെന്നാണ് എംഎല്‍എയുടെ ഇപ്പോഴത്തെ ആവശ്യം. സ്വത്ത് വിവരം സംബന്ധിച്ച സംശയങ്ങള്‍ക്ക് കൂടുതല്‍ തെളിവുകളും ഇതോടൊപ്പം ഹാജരാക്കുമെന്നും ഷാജി അറിയിച്ചിട്ടുണ്ട്.
അതിനിടെ കെ.എം. ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘത്തെ വിപുലീകരിച്ചു. കേസുമായി ബന്ധപ്പെട്ട് നിരവധി രേഖകളും തെളിവുകളും പരിശോധിക്കേണ്ടതിനാലാണ് സംഘം വിപുലീകരിക്കുന്നത്. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് കോഴിക്കോട് വിജിലന്‍സ് കോടതിക്ക് ഇന്ന് കൈമാറിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: