കണ്ണൂര്‍: കതിരൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി നഷ്ടപ്പെട്ട കേസില്‍ തുടരന്വേഷണം നിലച്ചു. സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ കതിരൂര്‍ സ്വദേശിയും സിപിഎം പ്രവര്‍ത്തകനുമായ നാലാം മൈല്‍ ലക്ഷം വീട് കോളനിയിലെ പറമ്പത്ത് മാരിമുത്തുവെന്ന നിജേഷ് ഇപ്പോള്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്.
ബോംബുണ്ടാക്കിയ സ്ഥലത്തിന്റെ ഉടമയായ വിനുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. സ്ഫോടനത്തിന് ശേഷം നിര്‍മ്മാണം നടത്തിയ സ്ഥലത്തെ ബോംബ് നിര്‍മ്മാണ സാമഗ്രികളുള്‍പ്പടെ സ്ഥലത്ത് നിന്ന് നീക്കം ചെയ്ത് പരമാവധി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടന്നിരുന്നു. ഇവിടെ എത്ര ബോംബുകളുണ്ടായിരുന്നെന്നോ അവ എവിടെയ്ക്കാണ് മാറ്റിയതെന്നോ ഇപ്പോഴും അവ്യക്തമാണ്. ഒരാള്‍ക്ക് പരിക്കേറ്റുവെന്ന് സ്ഥിരീകരിക്കുകയും ബോംബ് നിര്‍മ്മാണത്തിന് എല്ലാവിധ ഒത്താശയും സൗകര്യവും ചെയ്ത് കൊടുത്ത സ്ഥലം ഉടമയെ അറസ്റ്റ് ചെയ്തതുമാണ് കേസിലുണ്ടായ ആകെയുള്ള പുരോഗതി. നിര്‍മ്മാണത്തിനിടെയുണ്ടാകുന്ന സ്ഫോടനത്തില്‍ അന്വേഷണം നേതൃത്വത്തിലേക്ക് നീളുന്ന ഘട്ടങ്ങളിലെല്ലാം നേതൃത്വം ഇടപെട്ട് അന്വേഷണം മരവിപ്പിക്കാറുണ്ട്.
സിപിഎം ബോംബ് ഫാക്റ്ററിയായി നിലകൊണ്ട കതിരൂരില്‍ എത്രകാലമായി ബോംബ് നിര്‍മ്മാണം തുടങ്ങിയിട്ടെന്നോ ഏതൊക്കെ പ്രദേശങ്ങളില്‍ ഇവിടെ നിന്ന് ബോംബ് നിര്‍മ്മിച്ച് വിതരണം ചെയ്തിട്ടുണ്ടെന്നോ പോലീസ് വ്യക്തമായി അന്വേഷിച്ചിട്ടില്ല. ബോബ് നിര്‍മ്മാണത്തിനാവശ്യമായ സാമഗ്രികള്‍ എവിടെ നിന്നാണ് എത്തിക്കുന്നതെന്നോ ആരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നോ ഇതുവരെ വ്യക്തമായിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ചെലവ് ബോംബ് നിര്‍മ്മാണത്തിനാവശ്യമാണ്. ഇതിന്റെ സ്രോതസ്സും കണ്ടെത്തേണ്ടതുണ്ട്. ഇതെല്ലാം വിസ്മരിച്ച് കൊണ്ടാണ് സിപിഎം നേതൃത്വത്തിന്റെ സമ്മര്‍ദ്ധത്തില്‍ പോലീസ് കേസ് അട്ടിമറിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ കതിരൂര്‍ പൊന്ന്യം പാലത്തിനടുത്ത് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഒരാളുടെ കൈപ്പത്തി നഷ്ടമായിരുന്നു. ഈ കേസിന്റെ അന്വേഷണവും ഇപ്പോള്‍ ദുരൂഹമാണ്. കൂടുതല്‍ പേര്‍ക്ക് പരിക്ക് പറ്റിയെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും അന്വേഷണം എങ്ങും എത്തിയില്ല. എത്ര പേര്‍ക്ക് പരിക്ക് പറ്റിയെന്ന് പോലും ഇപ്പോഴും അവ്യക്തമാണ്. കണ്ണൂര്‍ ജില്ലയില്‍ സമാധാനം നിലനില്‍ക്കെയാണ് കതിരൂരില്‍ ബോബ് നിര്‍മ്മാണം നടത്തുന്നത്. സിപിഎം കേന്ദ്രങ്ങളില്‍ നിരന്തരമായി ഇത്തരം സ്ഫോടനങ്ങള്‍ നടക്കുമ്പോഴും വന്‍ തോതില്‍ ബോംബ് നിര്‍മ്മിച്ച് ശേഖരിക്കുന്നത് ആരെയൊക്കെ അപായപ്പെടുത്താനാണെന്ന് വ്യക്തമല്ല.
പോലീസിന്റെ അന്വേഷണ പരിധിയില്‍ ഇതൊന്നും ഉള്‍പ്പെടാറില്ല. ഇത്തരം സ്ഫോടനം നടന്നാല്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പ്രാഥമികമായ അന്വേഷണം നടത്തലല്ലാതെ കൂടുതല്‍ നടപടിയൊന്നും പോലീസിന്റെ ഭാഗത്തു നിന്നുണ്ടാവാറില്ല എന്നതാണ് വസ്തുത. സിപിഎം നേതൃത്വത്തിന് വഴങ്ങി പോലീസ് ഒത്തുകളി നടത്തുന്നതിനാല്‍ ബോംബ് നിര്‍മ്മാണം നിര്‍ബാധം തുടരും. ഒറ്റപ്പെട്ട അപകടം നടക്കുമ്പോള്‍ മാത്രമാണ് ഇത്തരം സംഭവങ്ങള്‍ പുറം ലോകം അറിയുന്നത്. തുടരന്വേഷണം സിപിഎം നേതൃത്വം ഇടപെട്ട് അട്ടിമറിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: