അഡ്വ.ആര്.വി. ശ്രീജിത്ത്
ആവിഷ്ക്കാര സ്വാതന്ത്ര്യം സ്വാതന്ത്ര്യത്തിന്റെ മാതാവാണ്. ഒരാള്‍ക്ക് സ്വയം പ്രകടിപ്പിക്കുവാനുള്ള അവകാശമാണ് അത്. ഭാരതത്തിന്റെ ഭരണഘടനയില്‍ അനുച്ഛേദം 19 ആണ് ആവിഷ്ക്കാരസ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്നത്. ആവിഷ്ക്കാരസ്വാതന്ത്ര്യം എന്ന ആശയം നമ്മുടെ ഭരണഘടനാ നിര്‍മ്മാണസഭ ഐക്യകണ്ഠേനയാണ് സ്വീകരിച്ചത്. എന്നാല്‍ ഈ അവകാശങ്ങള്‍ അനിയന്ത്രിതമായിരിക്കണമെന്ന വാദം ഭരണഘടനാ നിര്‍മ്മാണ സഭ അംഗീകരിച്ചില്ല. ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന് ന്യായമായ നിയന്ത്രണങ്ങള്‍ ഉണ്ടാകണം എന്ന വാദത്തിനാണ് അംഗീകാരം ലഭിച്ചത്. ഇതേ തുടര്‍ന്നാണ് അനുച്ഛേദം 19 ല്‍ തന്നെ ഈ അവകാശത്തിന്മേലുള്ള ന്യായമായ നിയന്ത്രണങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ളത്. അവകാശങ്ങള്‍ നല്കിയ അനുച്ഛേദത്തില്‍ തന്നെ അതിന്റെ നിയന്ത്രണങ്ങളും പറഞ്ഞിരിക്കുന്നുവെന്നും ചുരുക്കം.
രാഷ്ട്രസുരക്ഷ,വിദേശരാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധം, പൊതുക്രമം സംരക്ഷിക്കല്‍, മാന്യതയും ധാര്‍മ്മികതയും, കോടതിയലക്ഷ്യ നടപടികള്‍, മാനനഷ്ടം, കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കല്‍ എന്നിവ അനുച്ഛേദം 19 തന്നെ നിര്‍ദ്ദേശിക്കുന്ന ന്യായമായ നിയന്ത്രണങ്ങളാണ്.
ന്യായമായ നിയന്ത്രണങ്ങളില്‍ കുറെ കൂട്ടിചേര്‍ക്കലുകള്‍ ഉണ്ടായി. ആദ്യത്തെ ഭരണഘടനാ ഭേദഗതിയിലൂടെ കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കലിനെ ന്യായമായ നിയന്ത്രണങ്ങളുടെ പട്ടികയില്‍പ്പെടുത്തി. 1963 ല്‍ ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും സംബന്ധിക്കുന്ന വിഷയങ്ങള്‍ ന്യായമായ നിയന്ത്രണങ്ങളുടെ ഭാഗമാക്കി. കോടതികളുടെ ഭാഗത്ത് നിന്നും, ന്യായമായ നിയന്ത്രണങ്ങളെ വിപുലീകരിച്ച് കൊണ്ട് വിധിന്യായങ്ങള്‍ ഉണ്ടായി. 1974 ലെ കിഷോരിമോഹന് കേസ്സിലും സിപിഎം ഢ. ഭരത്കുമാര്‍ (ബന്ദ് കേസ്സിലും) പൊതുമുതലുകളും പൊതുക്രമവും നശിപ്പിക്കുന്നത് ആവിഷ്ക്കാരസ്വാതന്ത്ര്യത്തിന്റെ ഭാഗമല്ലെന്ന്് വിധിച്ചു. 2004 ലെ ജയിംസ് കുര്യന് കേസ്സിലും, 2018 ലെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി കേസ്സിലും പ്രതിഷേധിക്കാനുള്ള അവകാശമെന്നാല്‍ നിയമം കയ്യിലെടുക്കാനുള്ള അവകാശമല്ലെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്.
ഈ പശ്ചാത്തലത്തില്‍ വേണം കാസര്‍കോട് കേന്ദ്രസര്‍വ്വകലാശാലയിലെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്സ് വിഭാഗത്തിലെ അദ്ധ്യാപകന് ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്റെ പ്രവൃത്തി ചര്‍ച്ച ചെയ്യേണ്ടത്. ‘ഫാസിസവും നാസിസവും’ എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം തയ്യാറാക്കി വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ പഠനകുറിപ്പിലാണ് ഗുരുതരമായ അച്ചടക്കലംഘനം നടത്തിയിരിക്കുന്ന്. ഈ പഠന വിഷയത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍ അദ്ദേഹം ഇന്ത്യയില്‍ ഇന്ന് ഫാസിസ്റ്റ് വര്‍ഗ്ഗീയതയാണ് നടക്കുന്നത് എന്ന് പറയുന്നു. അതേ ലക്ചര്‍ നോട്ടിന്റെ ഒരു ഭാഗത്ത് ആര്‍എസ്എസ്സും പരിവാര്‍ സംഘടനകളും പ്രോട്ടോഫാസിസ്റ്റ് സംഘടനകളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. മാത്രവുമല്ല 2014 മുതല്‍ ഭരണത്തിലുള്ള നരേന്ദ്രമോദി സര്‍ക്കാര്‍ ഒരു ഫാസിസ്റ്റ് സര്‍ക്കാരാണെന്ന് അദ്ധ്യാപകന്റെ കുറിപ്പ് തുടരുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അദ്ധ്യാപകരുടെയും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെയും അക്കാദമി സ്വാതന്ത്ര്യത്തിന്റെയും പരിധി എവിടെവരെയുന്നുള്ളത് കോടതി കയറിയ വിഷയമാണ്. പ്രസാദ് പന്നിയന്‍ ഢ. കേന്ദ്രസര്‍വ്വകലാശാല, അനില്‍കുമാര്‍ എ.പി ഢ. മഹാത്മാഗാന്ധി സര്‍വ്വകലാശാല എന്നീ കേസുകളില്‍ സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു അവകാശമുണ്ട് എന്ന വിധി വന്നു. ഈ കേസ്സുകളും ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്റെ കേസ്സും വ്യത്യസ്തമാണ്. ഒന്നാമതായി സര്‍വ്വകലാശാല തയ്യാറാക്കിയ സിലബസ്സിന്റെ ചട്ടക്കൂടില്‍ നിന്നുവേണം അദ്ധ്യാപകന് ക്ലാസെടുക്കാന്‍. ഈ സിലബസ്സില്‍ എവിടെയും കേന്ദ്രസര്‍ക്കാറിനെ കുറിച്ച് പരാമര്‍ശമില്ല. അത്തരത്തില്‍ സിലബസിന് വിരുദ്ധവും വ്യത്യസ്തവുമായ പാഠ്യക്രമം സ്വീകരിച്ചത് ഒരദ്ധ്യാപകനെ സംബ്ധിച്ച് ഗുരുതരമായ വീഴ്ചയാണ്.
ആര്‍എസ്എസ്സിനെ കുറിച്ച് ഒരു വ്യക്തിക്ക് തന്റേതായ നിലപാട് വ്യക്തമാക്കാം. എന്നാല്‍ അത് സിലബസ്സിന്റെ ഭാഗമാക്കി ഒളിച്ച് കയറ്റുന്നത് നിയമപരമായും ധാര്‍മ്മികമായും തെറ്റാണ്. അതിലും വലിയ ആരോപണമാണ് അദ്ദേഹം ഭരണകൂടത്തിനെതിരെ ഉയര്‍ത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഭരണകൂടം ഫാസിസ്റ്റ് ആണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ലോകത്തിലെ ഏറ്റവും വലിയജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ഭരണക്രമം തന്നെ ഫാസിസ്റ്റ് ആണ് എന്ന ആരോപണം രാജ്യത്തെക്കുറിച്ചുള്ള തെറ്റായ ധാരണ ലോകത്തിന് തന്നെ നല്‍കാനുള്ള ശ്രമമാണ്. അധ്യാപനത്തിന്റെ മറവില്‍ തന്റെ രാഷ്ട്രീയം കടത്തുവാനാണ് അദ്ദേഹം ഇതിലൂടെ ശ്രമിക്കുന്നത്. ഇത് നിര്‍ദ്ദോഷമായ ഒരു അഭിപ്രായപ്രകടനമല്ല മറിച്ച് ഒരു രാഷ്ട്രീയ പ്രവര്‍ത്തനം തന്നെയാണ്.
കേന്ദ്രസര്‍വ്വകലാശാല കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള ഒരു സ്വയം ഭരണ സ്ഥാപനമാണ്. സിസിഎസ് (സിസിഎ) റൂള്‍സും സിസിഎസ് (കോണ്‍ഡക്റ്റ്) റൂള്സുമാണ് സര്‍വ്വകലാശാലയിലെ അദ്ധ്യാപകര്‍ക്കും അനദ്ധ്യാപകര്‍ക്കും ബാധകം. സിസിഎസ് (കോണ്‍ഡക്റ്റ്) റൂള്‍സ് 3 (8) പ്രകാരം ഒരു സര്‍ക്കാര്‍ ജീവനക്കാരന് രാഷ്ട്രീയ പക്ഷപാതിത്വം ഉണ്ടാകാന്‍ പാടില്ല. ഒരു സര്‍ക്കാര്‍ ജീവനക്കാരന് സ്വന്തം പദവി ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്നും, സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നിരക്കാത്ത പ്രവൃത്തി ചെയ്യാന്‍ പാടില്ലെന്നും ചട്ടം നിഷ്കര്‍ഷിക്കുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളുടെ നഗ്നമായ ലംഘനമാണ് ഉണ്ടായിരിക്കുന്നത്.
സര്‍ക്കാരിന്റെ നയങ്ങളെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് വിമര്‍ശിക്കാന്‍ പാടില്ലെന്ന് റൂള്‍ 9 ന്റെയും ലംഘനമാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്. ഒരു ജനാധിപത്യ ഭരണക്രമത്തെ ഫാസിസ്റ്റ് ഭരണകൂടമായി ചിത്രീകരിച്ച്,ലോകത്തിന്റെ മുന്നില്‍ രാജ്യത്തിന്റെ ഭരണക്രമത്തെ പോലും അപമാനിക്കാനുള്ള ശ്രമമാണ് ഗില്‍ബര്‍ട്ട് എന്ന അദ്ധ്യാപകന്റേത്. ഇത്തരം നടപടികള്‍ ആവിഷ്കാരവ്യാപനത്തിന്റെ പരിധിയില്‍ വരുന്നില്ലെന്ന് മാത്രമല്ല ചട്ടങ്ങളുടെയും നിയമങ്ങളുടെയും നഗ്നമായ
ലംഘനവുമാണ്.
9447034233
പ്രതികരിക്കാൻ ഇവിടെ എഴുതുക: