കരുനാഗപ്പള്ളി: കൊറോണ രോഗവിവരം മറച്ചുവെച്ചു കച്ചവടം നടത്തിയ വ്യാപാരിക്കെതിരെ പിഴ ചുമത്തി കേസെടുത്തു പോലീസ്. തൊടിയൂര്‍ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ് ചെട്ടിയത്ത് ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ജെ.കെ സ്റ്റോഴ്സ് ഉടമയായ സക്കീര്‍ഹുസൈനാണ് കൊവിഡ് പോസിറ്റിവ് ആയ വിവരം മറച്ചുവച്ചു കച്ചവടം നടത്തിയത്. ഈ മാസം 15ന് കൊവിഡ് പോസിറ്റീവ് ആയ വിവരം അറിഞ്ഞിട്ടും ആരോഗ്യവകുപ്പിലും പോലീസിലും അറിയിക്കാതെ വീടിനോട് ചേര്‍ന്നുള്ള കടയില്‍ സക്കീറും ഭാര്യയും ചേര്‍ന്ന് കച്ചവടം നടത്തിവരികയായിരുന്നു.
ഇയാളുടെ മകനും കൊവിഡ് പോസിറ്റിവ് ആയിരുന്നതായി പറയപ്പെടുന്നു. രോഗവിവരം അറിയാതെ നൂറുകണക്കിനാളുകളാണ് ദിവസവും ഈ കടയില്‍ സാധനം വാങ്ങിക്കാന്‍ എത്തിയിരുന്നത്. സക്കീറിന് പോസിറ്റീവ് ആയ വിവരം അറിഞ്ഞ നാട്ടുകാരില്‍ ഒരാളാണ് പോലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും വിവരം അറിയിച്ചത്. തുടര്‍ന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ പലതവണ ടെസ്റ്റ് ചെയ്ത കാര്യം അന്വേഷിച്ചെങ്കിലും നെഗറ്റിവ് ആണെന്ന് കള്ളം പറയുകയായിരുന്നു.
സംശയം തോന്നിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വെബ്സൈറ്റില്‍ പരിശോധിച്ചപ്പോഴാണ് ഇയാള്‍ക്ക് ഈ മാസം 15നു പോസിറ്റീവ് ആയതായി കണ്ടെത്തിയത്. ഇതേതുടര്‍ന്ന് കരുനാഗപ്പള്ളി എസ്എച്ച്ഒ ക്വാറന്റൈന് ലംഘിച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തു. സെക്ടറല്‍ മജിസ്ട്രേറ്റ് എത്തി 3000 രൂപ പിഴയും ചുമത്തി. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാല്‍ നടത്തിവന്ന കടയും ആരോഗ്യപ്രവര്‍ത്തകര്‍ അടപ്പിച്ചു. സക്കീറിന്റെ കടയുടെ സമീപത്തുള്ള നിരവധി ആളുകള്‍ക്ക് കഴിഞ്ഞദിവസങ്ങളില്‍ കൊവിഡ് പോസിറ്റീവ് ആവുകയും 47 വയസുള്ള ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഈ മാസം 13നു ശേഷം സക്കീറിന്റെ കടയില്‍ പോയവര്‍ തൊടിയൂര്‍ പിഎച്ച്സിയില്‍ ബന്ധപ്പെടണമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. സമീന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: