തൃശൂര്‍: കൊവിഡ് ആശങ്കയില്‍ ആളും ആരവങ്ങളുമില്ലാത്ത തൃശൂര്‍ പൂരം പ്രൗഢിയോടെ ആഘോഷിക്കാന്‍ പൂര നഗരി ഒരുങ്ങി. നാളെയാണ് പൂരം. ഇന്നലെ രാത്രി തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങള്‍ പൂരപ്പറമ്പില്‍ ഓരോ കുഴിമിന്നല്‍ അമിട്ട് വീതം പൊട്ടിച്ച് സാമ്പിള്‍ വെടിക്കെട്ട് പ്രതീകാത്മകമായി നടത്തി. രാത്രി ഏഴോടെ ആദ്യം തിരുവമ്പാടി യാണ് കുഴിമിന്നല്‍ പൊട്ടിച്ചത്. തുടര്‍ന്ന് പാറമേക്കാവ് കുഴിമിന്നല്‍ പൊട്ടിച്ചു.
ചരിത്രത്തിലാദ്യമായാണ് കാണികളില്ലാതെ പൂരത്തിന്റെ സാമ്പിള്‍ അരങ്ങേറുന്നത്. പൂരം പ്രധാനവെടിക്കെട്ടിനെ പോലെ തന്നെ പ്രാധാന്യമുള്ളതാണ് സാമ്പിളും. സ്ത്രീകളും കുട്ടികളുമടക്കം ജില്ലയ്ക്കകത്തും പുറത്തു നിന്നുമായി പതിനായിരങ്ങള്‍ സാമ്പിള്‍ കാണാന്‍ പൂരനഗരിയിലെത്താറുണ്ട്. ഇത്തവണയും പ്രതീകാത്മക സാമ്പിള്‍ കാണാന്‍ നിരവധി പേര് സ്വരാജ് റൗണ്ടില്‍ തടിച്ചു കൂടി.
തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങള്‍ സ്വരാജ് റൗണ്ടില്‍ നിര്‍മ്മിച്ച പൂരപ്പന്തലുകളില്‍ സാമ്പിളിനോടനുബന്ധിച്ച് വൈദ്യുതദീപലാങ്കാരം തെളിയിച്ചതോടെ നഗരം വര്ണപ്രഭയിലായി. പാറമേക്കാവ്-തിരുവമ്പാടി ക്ഷേത്രങ്ങളില്‍ ഇന്നലെ കുടസമര്പ്പണവും നടന്നു. നിരവധി ഭക്തര്‍ വഴിപാടായി കുടകള്‍ സമര്‍പ്പിക്കാനെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: