കഴിഞ്ഞ തവണ മണ്ഡലത്തില്‍ നിന്നുണ്ടായ മികച്ച അനുഭവം ?
എന്റെ പൊതുപ്രവര്‍ത്തന ജീവിതത്തില്‍ സാധാരണക്കാരുടെ ജീവിതരീതി മെച്ചപ്പെടുത്താനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഒരുപാട് സന്തോഷം നല്കുന്നു. അടിസ്ഥാന വികസനം ആവശ്യമായിരുന്ന ചാത്തന്നൂര്‍ മണ്ഡലത്തില്‍ ആവിഷ്കരിച്ച പദ്ധതികള്‍ സാക്ഷാത്കാരത്തിലേക്ക് എത്തുന്ന വേളയില്‍ ജനങ്ങളുടെ മുഖത്തെ നിറഞ്ഞ പുഞ്ചിരി എന്നും സന്തോഷം പകരുന്നതാണ്. അവരുടെ സന്തോഷങ്ങള്‍ക്കപ്പുറം മറ്റ് മികച്ച അനുഭവങ്ങള്‍ ഒന്നും തന്നെയില്ല.
ജനങ്ങള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളും നടപടിയും ?
മണ്ഡലത്തിലെ അടിസ്ഥാന വികസനങ്ങള്‍ തന്നെയായിരുന്നു പ്രധാന ആവശ്യങ്ങള്‍. വിദ്യാഭ്യാസ-ആരോഗ്യ- കാര്‍ഷിക മേഖലയില്‍ സമഗ്രമായ മാറ്റമാണ് ഇക്കാലയളവില്‍ ഉണ്ടായത്. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ‘ദാഹനീര് ചാത്തന്നൂര്‍’ പദ്ധതി ആവിഷ്കരിച്ചു. നിരവധി കുടുംബങ്ങളെ ഇത് സഹായിച്ചു. പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന് ജനമൈത്രി പോലീസുമായി സഹകരിച്ച് ‘സുരക്ഷിത ചാത്തന്നൂര്‍’ പദ്ധതി, അങ്കണവാടികള്‍ ഹൈടെക്ക് ആക്കുന്നതിന് പൊന്‍കിരണം പദ്ധതി, യുവാക്കള്‍ക്കായി കളിക്കളം ചാത്തന്നൂര്‍ എന്നീ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ കഴിഞ്ഞു. സര്‍ക്കാര്‍ ഓഫീസുകള്‍ ജനസൗഹൃദമാക്കുന്നതിന് ആരംഭിച്ച ജനപക്ഷം ചാത്തന്നൂര്‍ പദ്ധതി മികച്ച പ്രതികരണമാണ് നല്‍കിയത്.
ഏറെ ആഗ്രഹിച്ച, എന്നാല്‍ നടപ്പാക്കാന്‍ കഴിയാതെ പോയ പദ്ധതി ?
എടുത്തുപറയാന്‍ ഉള്ളത് ചാത്തന്നൂര്‍ താലൂക്ക് രൂപീകരണമാണ്. ഇതിനായി നിരവധി തവണ നിയമസഭയില്‍ സബ്മിഷനുകള്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ സര്‍വേ നടത്തുകയും താലൂക്ക് രൂപീകരണത്തിനായി മിനി സിവില്‍ സ്റ്റേഷന് വിപുലീകരണത്തിന് രണ്ടു കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാല്‍ കൊവിഡ് വന്നതോടെ പദ്ധതിയുടെ തുടര്‍ന്നുള്ള നടപടികള്‍ നിലച്ചു. കൊവിഡ് കുറഞ്ഞ സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ചകള്‍ സജീവമായെങ്കിലും രോഗവ്യാപനം മൂര്‍ച്ഛിച്ചത് പദ്ധതി ഇഴയാന്‍ കാരണമായി. താലൂക്ക് രൂപീകരണം നടക്കുന്നതോടെ ജനങ്ങളുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് പരിഹാരമാകും.
എംഎല്‍എ എന്ന നിലയില്‍ ഉണ്ടായ മോശം അനുഭവം ?
മണ്ഡലത്തില്‍ പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് അത്തരത്തില്‍ ഒരു മോശം അനുഭവങ്ങള്‍ ഉïായിട്ടില്ല. എങ്കിലും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രമുഖ മുന്നണി നേതാവും സ്ഥാനാര്‍ത്ഥിയുമായ വ്യക്തി എനിക്കെതിരെ നടത്തിയ അപക്വമായ പ്രചരണം മാനസികമായി വിഷമമുണ്ടാക്കി. തികച്ചും വ്യക്തിപരമായ അനാവശ്യ ആക്ഷേപങ്ങളാണ് അദ്ദേഹം എനിക്കെതിരെ ആരോപിച്ചത്. മറ്റ് മോശം അനുഭവങ്ങള്‍ ഒന്നും തന്നെയില്ലെന്ന് പറയാം.
പുതിയ എംഎല്‍എ ചെയ്യണമെന്ന് ആഗ്രഹിക്കുന്നത് ?
പാവപ്പെട്ട ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുക എന്നതാണ് അടിസ്ഥാനം. പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കുന്നതിന് കൃത്യമായ പഠനം ആവശ്യമാണ്. അത് ചെയ്ത ശേഷമായിരിക്കണം ഓരോ പദ്ധതിയും നടപ്പാക്കേണ്ടത്. ആവിഷ്കരിച്ച പദ്ധതികളുടെ പൂര്‍ത്തീകരണത്തില്‍ ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: