ഇടുക്കി: കൊവിഡിന്റെ രണ്ടാം വരവില്‍ കേരളത്തില്‍ കാര്യങ്ങള്‍ കൈവിട്ട് പോകാന്‍ കാരണം സംസ്ഥാന സര്‍ക്കാര്‍ കണക്കുകള്‍ മറച്ചുവെച്ചത് മൂലമെന്ന് സംശയം. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ വോട്ടെടുപ്പിന് ശേഷം രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നതാണ് ഇതിന് പ്രധാനകാരണം.
വോട്ടെടുപ്പ് നടക്കുന്നതിന് രണ്ടാഴ്ച മുമ്പ് വരെ ശരാശരി 1500-2500നും ഇടയിലായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം. ഇതില്‍ മാര്‍ച്ച് 22ന് 1239ലേക്ക് വരെ രോഗികള്‍ കുറഞ്ഞിരുന്നു. ഇടക്ക് രണ്ട് ദിവസം 2800ലേക്കും രോഗികള്‍ എത്തിയിരുന്നു. തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും ഏഴിനും 3502 രോഗികളിലേക്ക് ഇതെത്തി. പിന്നാലെ 8ന് 4353, 9ന് 5063 10ന് 6194 11ന് 6986 എന്നിങ്ങനെ ഘട്ടം ഘട്ടമായി ഉയര്‍ന്ന് ഇരുപതിനായിരത്തിലേക്ക് എത്തുകയായിരുന്നു. ഇതാണ് സംശയത്തിന് ഇടയാക്കുന്നത്. തെരഞ്ഞെടുപ്പ് കൃത്യമായ മാനദണ്ഡങ്ങളോടെ നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഇത് പാലിക്കപ്പെട്ടില്ല.
യാതൊരു നിയന്ത്രണവും പാലിക്കാതെ ഭരണ കക്ഷിയുടെ നേതാക്കളും മുഖ്യമന്ത്രിയും പങ്കെടുത്ത പരിപാടികളില്‍ വലിയ തോതില്‍ ജനങ്ങള്‍ എത്തിയതാണ് ഇതിന് തുടക്കം. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളും ഇതോടെ പോലീസിന് നിയന്ത്രിക്കാന്‍ പറ്റാതെയായി. പരിശോധനകള്‍ നടത്തുന്നതും ഇതിനിടെ ഗണ്യമായി കുറഞ്ഞു. ഭരണം പിടിക്കുകയെന്നത് മാത്രം മുന്നില്‍ കണ്ട് ഫലം വന്നതില്‍ പലതും പുറത്ത് വിടാതെ പര്യടനങ്ങളും പൊതുസമ്മേളനങ്ങള്‍ക്കും തടസമാകാതിരിക്കാന്‍ മറച്ച് വെയ്ക്കുകയും ചെയ്തു.
ഇക്കാര്യം ആരോഗ്യ പ്രവര്‍ത്തകരും തുറന്ന് സമ്മതിക്കുന്നു. തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മുമ്പ് മുതല്‍ കേരളത്തില്‍ വലിയ തോതില്‍ സമ്മേളനങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇതിന് തടയിടേണ്ടവര്‍ തന്നെ വളം വെച്ചതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുകയായിരുന്നു. മുമ്പും സമാനമായി രോഗികളുടെ എണ്ണം കുറച്ച് കാട്ടിയതായും പരിശോധനകള്‍ നടത്തുന്നില്ലെന്നുമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് തന്നെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുകയും വലിയ വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു. നേതാക്കള്‍ക്ക് കൂട്ടത്തോടെ കൊവിഡ് ബാധിക്കുകയും ചെയ്തു.
രണ്ടാം വരവില്‍ വാക്സിനെടുക്കാന്‍ കൂട്ടയിടി
ജനുവരി 16ന് ആണ് രാജ്യത്ത് വാക്സിനേഷന് ആരംഭിച്ചത്. കേരളത്തില്‍ ആദ്യഘട്ടത്തില്‍ കൃത്യമായ അറിവുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ പോലും പുറതിരിഞ്ഞ് നിന്നത് വാക്സിനേഷന് വലിയ തിരിച്ചടിയായി. ഇപ്പോഴും വാക്സിനെടുക്കാത്തവര്‍ നിരവധിയാണ്.
തെരഞ്ഞെടുപ്പ് എത്തിയതോടെ ജില്ലാ ഭരണകൂടങ്ങള്‍ നിര്‍ബന്ധിച്ച് ഡ്യൂട്ടിയുള്ളവര്‍ക്ക് വാക്സിനെടുപ്പിക്കുകയായിരുന്നു. 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള ഗുരുതര രോഗികള്‍ക്കും വാക്സിനെടുക്കാന്‍ അനുമതി വരികയും മാസ് വാക്സിനേഷന് ക്യാമ്പ് നടത്തുകയും ചെയ്തെങ്കിലും വലിയൊരു വിഭാഗം അപ്പോഴും ഭയന്ന് മാറി നിന്നു. ഈ സമയത്തിനിടെ മൂന്നു മാസം കഴിഞ്ഞ് പോകുകയും ചെയ്തു. പ്രതീക്ഷിച്ച ആളുകള്‍ എത്താതെ വന്നതോടെ വാക്സിന് കൂടുതല്‍ ലഭിച്ചതുമില്ല. ആവശ്യത്തിനുള്ള വാക്സിന് നല്‍കുമെന്ന് കേന്ദ്രം പലകുറി അറിയിക്കുകയും ചെയ്തു. സാധാരണ ആശുപത്രികളില്‍ ഒരു ദിവസം 100-150 പേര്‍ക്ക് വരെ കുത്തിവയ്ക്കാന്‍ അവസരം നല്കിയപ്പോള് എത്തിയത് 10-50 പേര് വരെയാണ്. മാസ് കാമ്പില്‍ 3000-4000 വരെ പ്രതീക്ഷിച്ചപ്പോള്‍ എത്തിയതാകട്ടെ 500-2000 വരെയും.
എന്നാല്‍ കൊടുങ്കാറ്റായ കൊവിഡിന്റെ രണ്ടാം വരവില്‍ വയസ്സായവര്‍ പോലും തിക്കിതിരക്കിയെത്തി ഇപ്പോള്‍ വാക്സിനെടുക്കുകയാണ്. ഇതോടെ വാക്സിന് പെട്ടെന്ന് കിട്ടാതെയായി, ആശുപത്രികളുടെ പ്രവര്‍ത്തനവും ആകെ അവതാളത്തിലായി. ഒരാള്‍ക്ക് വാക്സിനെടുത്ത ശേഷം അരമണിക്കൂറെങ്കിലും നിരീക്ഷിക്കേണ്ടതുണ്ട്. ഇതൊന്നും കണക്കിലെടുക്കാതെ ഓടി വന്ന് കുത്തിവച്ചിട്ട് പോകാനാണ് പലരും ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: