ഹൈദരാബാദ്: കൊവിഡ് കാലഘട്ടത്തില്‍ പലരും ഏര്‍പ്പെട്ട വ്യത്യസ്തമായ ബിസിനസുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കാറുണ്ട്. എന്നാല്‍ ശവസംസ്കാരത്തിനും പാക്കേജ് എന്ന് കേള്‍ക്കുമ്പോള്‍ ഒരു നിമിഷം അമ്പരക്കും. എന്നാല്‍ അതും യാഥാര്‍ത്ഥ്യമായി വന്നിരിക്കുന്നു. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലാണിപ്പോള്‍ ശവസംസ്കാര പാക്കേജുകളുമായി കോര്‍പ്പറേറ്റ് ശൈലിയിലുള്ള ഒരു ഡസന്‍ കമ്പനികള്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രത്യേക ശവസംസ്കാര സര്‍വീസുകള്‍ നഗരങ്ങളില്‍ വ്യാപകമാകുകയാണ്. 30,000 മുതല്‍ 35,000 വരെയാണ് ഇതിന് നിരക്ക് ഈടാക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആദായകരമായ ഒരു ബിസിനസായി ഇത് മാറിക്കഴിഞ്ഞു.
സംസ്കാര ചടങ്ങുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഓരോ നഗരത്തിലും കമ്പനികള്‍ മാനേജര്‍മാരെ നിയമിച്ചിട്ടുണ്ട്. ഇവരായിരിക്കും സംസ്കാര കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. മരിച്ചുകഴിഞ്ഞാല്‍ എല്ലാകാര്യങ്ങളും ഇവര്‍ നോക്കും. മൃതദേഹം കൊണ്ടുപോകാനുള്ള വാഹനം, ശ്മശാനം ബുക്കിങ്, മതാചാരമനുസരിച്ച് വൈദികനെ തയാറാക്കല്‍ തുടങ്ങി എല്ലാ കാര്യങ്ങളും നോക്കുമെന്ന് ബെംഗളൂരു ആസ്ഥാനമായുള്ള അന്ത്യേഷ്ടി ഫ്യൂണറല്‍ സര്‍വീസ് മാനേജര്‍ സമ്പത്ത് പറയുന്നു. ചെന്നൈ, ദല്‍ഹി, ജയ്പൂര്‍ നഗരങ്ങളിലെല്ലാം ഇവര്‍ സര്‍വീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പാക്കേജിന് ഹൈദരാബാദില്‍ ഇപ്പോള്‍ 32,000 രൂപയാണ് ഈടാക്കുന്നത്.
ആദ്യം കമ്പനികളുടെ ഹോട്ട്ലൈന്‍ നമ്പരില്‍ ബുക്ക് ചെയ്യണം. തുടര്‍ന്ന് കമ്പനിയുടെ സിറ്റി കോര്‍ഡിനേറ്റര്‍ എല്ലാ സേവനങ്ങളും നല്‍കും. കമ്പനി അക്കൗണ്ടില്‍ തുക നേരിട്ട് അടയ്ക്കണം. രണ്ടുതരത്തിലുള്ള പാക്കേജുകളാണ് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്നത്. കൊവിഡ് രോഗികള്‍ക്ക് 30,000 രൂപയാണ് ഈടാക്കുന്നതെന്ന് ഒരു കമ്പനി എക്സിക്യൂട്ടീവ് വെളിപ്പെടുത്തുന്നു. നല്‍കേണ്ട സേവനങ്ങള്‍ക്കനുസൃതമായി 30,000 മുതല്‍ 40,000 രൂപ വരെ ഈടാക്കുമെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ചില ഇടനിലക്കാര്‍ സംസ്കാര ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിനായി 80,000 രൂപ വരെ വാങ്ങുന്നുണ്ടെന്ന് ചിലര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: