ന്യൂദല്‍ഹി : വ്യോമസേനയ്ക്ക് കരുത്തായി അഞ്ചാംഘട്ട റഫേല്‍ വിമാനങ്ങളും ഇന്ത്യന്‍ മണ്ണില്‍ പറന്നിറങ്ങി. ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ വ്യോമസേനാ മേധാവി ആര്.കെ.എസ്. ബദൗരിയയാണ് ഫ്രാന്‍സിലെ മെരിഗ്നാക് വ്യോമതാവളത്തില്‍ നിന്ന് അഞ്ച് വിമാനങ്ങളേയും ഫ്ളാഗ് ഓഫ് ചെയ്തത്.
വ്യോമസേന തന്നെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റഫേലിന്റെ നിര്‍മാതാക്കള്‍ക്കും പരിശീലകര്‍ക്കും നന്ദി അറിയിക്കുന്നതായി ഫ്ളാഗ്ഓഫ് ചടങ്ങില്‍ ബദൗരിയ അറിയിച്ചു. എണ്ണായിരം കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് റഫേല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് എത്തിയത്. യാത്രാ മധ്യേ യുഎഇയിലെ അല്‍ ധഫ്ര വ്യോമതാവളത്തിലിറങ്ങി ഇന്ധനവും നിറച്ച ശേഷമാണ് രാജ്യത്തേക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷം ജൂലൈ 29നാണ് ആദ്യ ഘട്ടത്തിലെ അഞ്ച് റഫേലുകള്‍ അമ്പാല വ്യോമതാവളത്തിലെത്തിയത്. ഇതുവരെ 14 റഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്.
ഇന്ത്യയിലെ ത്തിയ രണ്ടാം ഘട്ടത്തിലെ അഞ്ച് റഫേലുകളെ കിഴക്കന്‍ മേഖലയെ കേന്ദ്രീകരിച്ചാണ് വിന്യസിക്കുക. പശ്ചിമബംഗാളിലെ ഹസീമാരാ വ്യോമതാവളത്തിലാണ് റഫേലുകള്ക്കായി സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 58000 കോടി ചെലവില്‍ 36 റഫേലുകള്ക്കാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് വാങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: