ഭൂമിയില്‍ നിന്ന് ആകാശത്തിലേക്ക് ഉയര്‍ന്നുപോയ ഒരു പുല്‍ക്കൊടിയെപ്പറ്റി അക്കിത്തം എഴുതിയിട്ടുണ്ട്. നിര്‍മ്മലമായ നീലാകാശത്തില്‍ ആനന്ദിച്ചങ്ങനെ അഭിരമിക്കുമ്പോള്‍ തന്നിലൊരു താമരപ്പൂവിടരുന്നത് പുല്‍ക്കൊടിക്ക് അനുഭവപ്പെടുന്നു. എന്നാല്‍ ആ ആനന്ദലഹരിയിലും പുല്‍ക്കൊടി താഴെയുള്ള മണ്ണിനെ മറയ്ക്കുന്നില്ല. തന്റെ അസ്തിത്വവും ആധാരവും ഭൂമിയിലാണെന്നും ഭൂമി നല്കിയ ബലം കൊണ്ടുമാത്രമാണ് താന്‍ ആകാശത്തോളം വളരുന്നതെന്നും പുല്‍ക്കൊടിക്കറിയാം.
”കാല്മടമ്പിലുണ്ടിപ്പൊഴുമാര്ദ്രം
ഭൂമി പണ്ടു പുരട്ടിയ പങ്കം
ആ മണ്ണീ ഞാന്‍ തുടയ്ക്കുകിലെന്റെ
താമരപ്പൂ കൊഴിഞ്ഞുപോമല്ലോ”
പുല്‍ക്കൊടിയുടെ ഈ ഉപനിഷത്ത് ഏറ്റുവാങ്ങുമ്പോള്‍ നമ്മുടെ ഉള്ളിലും ചില തിരിച്ചറിവുകള്‍ മുളച്ചുവരുന്നു. മണ്ണില്‍ നിന്ന് മനുഷ്യന് എത്രയോ അകന്നുകഴിഞ്ഞിരിക്കുന്നു. മണ്ണില്‍ തൊടാതെ വളരാന്‍ നാം പരിശീലിച്ചിരിക്കുന്നു. മുറ്റവും പാതയും ക്ഷേത്രാങ്കണങ്ങളുമെല്ലാം ആധുനികശിലകള് പാകി വൃത്തിയാക്കിയിരിക്കുന്നു. മണ്ണും പൊടിയും കയറാത്ത മാളികകളില് പ്ലാസ്റ്റിക് പൂപ്പാത്രങ്ങള്‍ അലങ്കരിച്ച് നാം നിര്‍വൃതിയടയുന്നു. എല്ലാവര്‍ക്കുമായി തുറന്നുകിടന്നിരുന്ന കിണറുകള്‍ കാണാനില്ല. ഒരാളിലേക്കുമാത്രം ചുരത്തുന്ന കുഴല്വെള്ളത്തോളം നാം ചുരുങ്ങി. അലങ്കാരച്ചെടികള്‍ ബാല്‍ക്കണിയില്‍ തൂക്കിയിടാന്‍ അല്പം മണ്ണ് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പായ്ക്ക്ചെയ്തു കിട്ടുന്ന കാലം അത്രദൂരെയല്ല. കാല്മടമ്പില് നിന്ന് മണ്ണിന്റെ അടയാളം എന്നേ മാഞ്ഞുകഴിഞ്ഞു! മനസ്സില്‍ നിന്ന് മലയാളവും മറഞ്ഞു. മണ്ണിലില്ലാത്തതൊന്നും മനസ്സിലും ഉണ്ടാവില്ല. ഗ്രാമത്തിന്റെ വിശുദ്ധിയും മണവും മമതയും മനസ്സില്‍ നിലനില്ക്കണമെങ്കില് മണ്ണില്‍ കൃഷി ചെയ്യണം. കേവലം അന്നം ഉല്പാദിപ്പിക്കുന്ന പ്രക്രിയയല്ല കൃഷി. ”പരസ്പരം ഭാവയന്ത” എന്ന സംസ്കാരത്തെ ഉല്‍പ്പാദിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന അടിസ്ഥാന ജീവിത പ്രക്രിയയാണത്. അതുകൊണ്ടാവണം, കാലടിയിലെ മണ്ണടയാളം തുടച്ചുമാറ്റുമ്പോള്‍ മനുഷ്യസംസ്കാരത്തിന്റെ പൂങ്കുലകളെല്ലാം കൊഴിഞ്ഞുവീഴുമെന്ന് അക്കിത്തം ആശങ്കപ്പെടുന്നത്.
പ്രപഞ്ചത്തിലെ ഏറ്റവും അത്ഭുതകരമായ വസ്തുവാണ് മണ്ണ്. ജീവനെ ഉല്പ്പാദിപ്പിക്കുവാന് മണ്ണിനുകഴിഞ്ഞു. സൃഷ്ടിയും സ്ഥിതിയും സംഹാരവും മണ്ണിന്റെ ലീലകളാണ്. മണ്ണില്‍നിന്ന്, മണ്ണിലൂടെ, മണ്ണിലേക്ക് എന്നതാണ് ഓരോ ജീവന്റെയും ഗതി. സൂക്ഷ്മരൂപത്തില്‍ മണ്ണ്ബ്രഹ്മം തന്നെയാകുന്നു. യോഗശാസ്ത്രത്തില്‍ ജീവന്റെ ആധാരചക്രമായ മൂലാധാരത്തെ പ്രഥ്വിതത്ത്വമായാണ് വ്യാഖ്യാനിക്കുന്നത്. സമുദ്രങ്ങള്‍ കൊണ്ടുപുടവചുറ്റിയും പര്‍വതങ്ങളാകുന്ന മാറിടങ്ങളില്‍ നിന്ന് നീരുറവകളാകുന്ന മുലപ്പാല്‍ ചുരത്തിയും സര്‍വചരാചരങ്ങള്‍ക്കും അഭയവും ആശ്രയവുമേകിയും ഈശ്വരപത്നിയായി ശോഭിച്ചുനില്ക്കുന്ന ഭൂമിയെക്കുറിച്ച് പ്രാതസ്മരണാമന്ത്രങ്ങളില് വര്‍ണിക്കുന്നു. അന്നമായും അറിവായും നമുക്കുമുന്നില്‍ പ്രത്യക്ഷമാകുന്ന ഈശ്വരസ്വരൂപമാണ് ഭൂമി. അതുകൊണ്ട് സഹസ്രാബ്്ദങ്ങളായി തുടരുന്ന ഭാരതസംസ്കൃതി മണ്ണിനെ മാതാവായി മാനിക്കാന്‍ പഠിപ്പിക്കുന്നു.
പൊക്കിള്‍ക്കൊടി മണ്ണില്‍ കുഴിച്ചിടുമ്പോള്‍, പെറ്റമ്മയില്‍ നിന്ന് പോറ്റമ്മയായ ഭൂമിയിലേക്ക് ജീവന്റെ അസ്തിത്വത്തെ പറിച്ചുനടുകയാണ്. ഇനി അന്നം തിരയേണ്ടത് ആ മാറിലാണ് എന്ന തിരിച്ചറിവ് ജാതകര്‍മ്മം മുതല്‍ ആരംഭിക്കുന്നു. വിദ്യാരംഭവേളയില്‍ അരിയിലും മണ്ണിലും എഴുതി വളര്‍ന്നവരാണ് നമ്മള്. അന്നവും അറിവും മണ്ണില്‍ നിന്നാണ് വരുന്നത്. അടിസ്ഥാന വിദ്യാഭ്യാസത്തിന് ‘നിലത്തെഴുത്ത്’ എന്നാണ് നാം പറഞ്ഞിരുന്നത്. മണ്ണില്‍ ഹരിശ്രീ കുറിയ്ക്കുക എന്നതിന് അനേകം അര്‍ത്ഥതലങ്ങളുണ്ട്. ഹരിയെന്ന പൗരുഷവും ശ്രീ എന്ന പ്രകൃതിയും മേളിക്കുന്ന കൃഷിയില്‍ നിന്ന് രൂപപ്പെടുന്ന ധാന്യമണികള്ക്കും ‘ഹരിശ്രീ’ എന്നാണ് പറഞ്ഞിരുന്നത്. തമിഴിലെ ‘അരിശി’യും മലയാളത്തിലെ ‘അരി’യും ഹരിശ്രീയുടെ രൂപഭേദങ്ങളത്രേ. ജന്മംകൊണ്ടും കര്‍മ്മംകൊണ്ടും നന്മകളെല്ലാം കൃഷിക്കാരാണ് എന്ന് അടിവരയിട്ടുറപ്പിക്കുന്ന അനേകം ആചരണ മൂഹൂര്‍ത്തങ്ങള്‍ നമ്മുടെ പൈതൃകത്തിലുണ്ട്. അന്ത്യകര്മ്മത്തിനുശേഷം ഭൗതികദേഹം എരിഞ്ഞമര്‍ന്ന മണ്ണില്‍ പുത്രന് നവധാന്യങ്ങള്‍ വിതച്ച് അത് കൃഷിഭൂമിയാക്കുന്നു. വിഷുവിന് കണികണ്ടുതെളിഞ്ഞ് വിത്തും കൈക്കോട്ടുമായി കൃഷിയിടം തൊട്ടുവണങ്ങി കര്‍മ്മം ആരംഭിക്കുന്നു. പാടം മഹാലക്ഷ്മിയാണ്. സത്യമുള്ളതാണ്. ആദ്യത്തെ ഞാറ് കിഴക്കോട്ടുനോക്കി ആദിത്യന് സമര്‍പ്പിക്കുന്നു. കൊയ്തെടുത്ത ആദ്യ കതിരുകള്‍ ഗ്രാമദേവതയ്ക്കു മാറ്റിവയ്ക്കുന്നു. വിത്തുസൂക്ഷിക്കുന്ന മുറിയില്‍ വിളക്കുവയ്ക്കുന്നു. അടുക്കളയില്‍ അരികഴുകിയിടുമ്പോള് അമ്മമാര്‍ നാമം ജപിക്കുന്നു. അന്നം പാകം ചെയ്യുന്നത് ആരാധന തന്നെയാകുന്നു. മണ്ണിനോടും മണ്ണുനല്‍കുന്ന സമ്മാനങ്ങളോടും നമുക്കുള്ള സ്നേഹാദരവുകളാണ് ഇവിടെയെല്ലാം പ്രകടമാവുന്നത്.
അതിപുരാതനവും പ്രകൃത്യനുകൂലവുമായ നമ്മുടെ കാര്‍ഷിക പാരമ്പര്യം എങ്ങനെയാണ് നഷ്ടമായത്? തകഴിയുടെ കഥകള്‍ സൂക്ഷ്മമായി വായിക്കുമ്പോള്‍ നമുക്കതിനുത്തരം കിട്ടും. കേശവന്‍നായരെന്ന സത്യസന്ധനായ കൃഷിക്കാരന്റെ ഭൂമി തട്ടിയെടുത്ത് ഇരട്ടി വിളവുണ്ടാക്കാന്‍ രാസവളങ്ങളുടെ മാന്ത്രികകൂട്ടുമായി ഔതക്കുട്ടിവരുന്നു. പുഞ്ചപ്പാടത്തിന്റെ നേരും നെറിയും അവിടെ ലംഘിക്കപ്പെടുന്നു. വിളവുകൊണ്ടുമാത്രം കൃഷിയെ അളക്കുന്ന കച്ചവട സമ്പ്രദായം രൂപപ്പെടുന്നു. അയല്നിലത്തെ ശത്രുവായിക്കാണുന്ന ഔതക്കുട്ടിയുടെ രീതിശാസ്ത്രം കേശവന്‍നായരെ തോല്പിച്ചുകളയുന്നു. ഭൂമിയെ ചൂഷണം ചെയ്യുന്ന പാശ്ചാത്യമനോഭാവത്തിന്റെ ആള്‍രൂപമാണ് ഔതക്കുട്ടി. പല രൂപങ്ങളില്‍ പല ഔതക്കുട്ടിമാര് നമ്മെ നിരന്തരം വഴിതെറ്റിച്ചുകൊണ്ടിരുന്നു. പാടം നികത്തി പുരയിടമാക്കാന്‍, അവിടെ, റബര്നടാന്, കുന്നുകള്‍ വാങ്ങിക്കൂട്ടി മണ്ണുവിറ്റുപണമുണ്ടാക്കാന്, പാറക്കെട്ടുകള്‍ കാര്‍ന്നെടുത്ത് ഓഹരികളില്‍ നിക്ഷേപിക്കാന്‍ മുപ്പതു വെള്ളിക്കാശിന്റെ കിലുക്കവുമായി പാടവരമ്പത്തും പറമ്പിലും അവര്‍ കാത്തിരുന്നു. അന്നം ഉണ്ടാക്കുന്നവര്‍ക്ക് അത് അനുഭവിക്കാന്‍ കഴിയാത്ത ദുഃസ്ഥിതി സംജാതമായി. ഒടുവില്‍ ഉര്‍വരത ക്ഷയിച്ച് ഒന്നിനും കൊള്ളാത്ത നിലയില്‍ മണ്ണും വഴിയരികില്‍ വലിച്ചെറിയപ്പെട്ടു. ‘ഉപയോഗിച്ച് ഉപേക്ഷിക്കുക’ എന്ന ദയാരഹിതമായ സമീപനം ഈ ഭൂമിയെ നരകമാക്കിയിരിക്കുന്നു.
വാസ്തവത്തില്‍ നമ്മുടെ നിലനില്‍പ്പുതന്നെയാണ് നമ്മള് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഭൂമിയില്‍ മനുഷ്യന് നടത്തിയ ദയാരഹിതമായ ഇടപെടലുകള്‍ ഇരട്ടിശക്തിയോടെ മനുഷ്യനെതിരെ തിരിച്ചെത്തിക്കൊണ്ടിരിക്കുന്നു. ആയുസും ആരോഗ്യവും ക്ഷയിച്ച തലമുറകള്‍ അന്നവും വെള്ളവുമില്ലാതെ അലഞ്ഞൊടുങ്ങാന് വിധിക്കപ്പെട്ടേക്കാം. സ്വയംകൃതാര്ഥത്തിന്റെ നരകദര്‍ശനം അനുഭവപ്പെട്ടുതുടങ്ങിയ ഇക്കാലത്തെങ്കിലും ഒരു തിരുത്തല്‍ അനിവാര്യമാണ്. മനുഷ്യന് ഉള്‍പ്പെടുന്ന അനേക കോടി ജീവവംശങ്ങള്ക്കുവേണ്ടി നരകത്തെ സ്വര്‍ഗമാക്കാനുള്ള പരിശ്രമം ആരംഭിക്കേണ്ടിയിരിക്കുന്നു. പഥ്യങ്ങള്‍ പാലിച്ചും പരിധികള്‍ മാനിച്ചും ഭൂമിയെന്ന അമ്മയെ രോഗക്കിടക്കയില്‍ ശുശ്രൂഷിക്കേണ്ടത് മക്കളെന്ന നിലയില്‍ നമ്മുടെ ധര്‍മ്മമാണ്. അന്നമൂട്ടി നമുക്ക് ബലം നല്കിയ അമ്മയുടെ കരുത്ത് ശോഷിച്ചിരിക്കുന്നു. നമ്മുടെ ദുഃശാഠ്യങ്ങള്‍ക്ക് വിധേയപ്പെട്ട് ആ ശരീരം തളര്‍ന്നിരിക്കുന്നു. ‘അമ്മയ്ക്ക് വയ്യ’ എന്ന് ക്ഷീണിതമായ സ്വരത്തില്‍ മക്കളോട് പറയുന്നുണ്ട്. ഇനിയെങ്കിലും ഉചിതമായ ഔഷധം നല്കി വേണ്ടതുപോലെ സംരക്ഷിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാവും. അമ്മയ്ക്ക് അന്നം ഊട്ടുവാനുള്ള നിയോഗം കാലം നമുക്കായി കരുതിവച്ചിരിക്കുന്നു.
ചൈത്രമാസപ്പിറവിയും മേടവിഷുവും രണ്ടുമംഗളമുഹൂര്ത്തങ്ങളാണ്. ഈ വര്‍ഷം ഇവ രണ്ടും തൊട്ടുചേര്ന്നുവന്നിരിക്കുന്നു. ഭൂപോഷണയജ്ഞം എന്ന മഹത്തായ ചികിത്സാപദ്ധതി ആരംഭിക്കുവാന്‍ ഏറ്റവും അനുയോജ്യമായ അവസരമാണിത്. വിഷുപ്പുലരിയില്‍ പുഷ്പഫല സമൃദ്ധമായ കണിത്താലത്തിന് പിന്നില്‍ ഗോകുലപാലനായ അമ്പാടിക്കണ്ണനുണ്ട്. കാലിമേച്ചും കന്നുപൂട്ടിയും ആനന്ദത്തോടെ ജീവിച്ചുകാണിച്ച കണ്ണന്റെ ദര്‍ശനം തന്നെ ശുഭശകുനമാണ്. വെണ്ണപോലെ മണ്ണും നുകര്‍ന്ന് വളര്‍ന്ന ആ ബാലന് മലയുടെയും പുഴയുടെയും കാവലാളായി. മണ്ണില്മുളച്ച് വിണ്ണിലേക്ക് വളര്‍ന്ന പുല്‍ക്കൊടിയുടെ ഗാനധാരകൊണ്ട് പ്രപഞ്ചദുഃഖങ്ങളെ സാന്ത്വനിപ്പിച്ചു. ഒരു ചീരയിലായാല് ലോകത്തിന് മുഴുവന്‍ വിശപ്പകറ്റി. അവനൊരു മഴമേഘമായി മണ്ണിനെ പ്രണയിച്ചു. ബലമില്ലാത്തവര്‍ക്ക് അവന് ബലമായി. ആലിലമേല് അതിജീവിച്ചുകൊണ്ട് അനാഥര്‍ക്ക് അനുഗ്രഹമായി. മണ്ണില്‍ കളിച്ചുവളര്‍ന്ന കണ്ണനെ കണികണ്ടുകഴിഞ്ഞു. ഇനി മണ്ണിനെ ഉര്‍വരമാക്കാനുള്ള ഭൂപോഷണയജ്ഞത്തില്‍ പങ്കാളികളാവാം.
”നീറുമീ ഭൂമിക്കു നമ്മള് മധുവാകട്ടെ
നീരിനും നിര് നോവുകള്‍ക്കും മധുവാകട്ടെ
ചില്ലയില്ലാക്കുരുവിക്കും മധുവാകട്ടെ
വിശപ്പിന്നന്നമായ് വീഴും മധുവാകട്ടെ
വിയര്പ്പിന് തുണയാകും മധുവാകട്ടെ
പിറക്കാന്‍ നോറ്റിരിക്കുന്ന പൈതലിനുള്ളില്
നിറഞ്ഞപീലികള് ചാര്‍ത്തും മധുവാകട്ടെ”
(അച്ഛന് പിറന്ന വീട് – പ്രൊഫ. വി. മധുസൂദനന് നായര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: