സിഡ്നി: ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയില്‍ നിന്നും ആസ്ത്രേല്യ പിന്മാറി. നേരത്തെ ആസ്ത്രേല്യന്‍ സര്‍ക്കാര്‍ ചൈനയുമായി ഒപ്പുവെച്ച ഇതു സംബന്ധിച്ച കരാര്‍ റദ്ദാക്കിയതായും ആസ്ത്രേല്യ അറിയിച്ചു.
തങ്ങളുടെ വിദേശകാര്യ നയവുമായി ഈ പദ്ധതി യോജിക്കുന്നില്ലെന്ന് കണ്ടാണ് നടപടിയെന്നും വിദേശകാര്യ മന്ത്രി മാരിസ പെയ്ന് വ്യക്തമാക്കി. 2018ലാണ് ചൈനയും ആസ്ത്രേല്യന്‍ സര്‍ക്കാരും തമ്മില്‍ കരാറുണ്ടാക്കിയത്.
ചൈന 2013ല്‍ ആവിഷ്കരിച്ച ബെല്‍റ്റ് ആന്റ് റോഡ് പദ്ധതി 70 രാജ്യങ്ങളെയും അന്താരാഷ്ട്ര സംഘടനകളെയും സഹകരിപ്പിച്ചുള്ള ചൈനയുടെ നേതൃത്വത്തിലുള്ള ഒരു ആഗോള അടിസ്ഥാനസൗകര്യ വികസന പദ്ധതിയാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ചൈനയുടെയും ആഗോള ശക്തി വിളിച്ചറിയിക്കുന്ന പദ്ധതിയാണിത്. ഇതില്‍ ബെല്‍റ്റ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മധ്യേഷ്യയിലെ വിവിധ രാജ്യങ്ങളെ റോഡും റെയില്‍വേലൈനും വഴി ബന്ധിപ്പിക്കുകയാണെങ്കില്‍ റോഡ് എന്നത് കൊണ്ടുദ്ദേശിക്കുന്നത് തെക്ക്കിഴക്കന്‍ ഏഷ്യയെ തെക്കന്‍ ഏഷ്യ, മധ്യേഷ്യ, ആഫ്രിക്ക എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇന്തോ-പസഫിക് കടല്‍പാതയാണ്. ഈ പദ്ധതിയുടെ ഭാഗമായി തുറമുഖങ്ങള്‍, റോഡുകള്‍, വിമാനത്താവളങ്ങള്‍, അണക്കെട്ടുകള്‍, ടണലുകള്‍, അംബരചുംബികളായ കെട്ടിടങ്ങള്‍ എന്നിവയാണ് ഉദ്ദേശിക്കുന്നത്.
എന്നാല്‍ ആസ്ത്രേല്യയുടെ പിന്മാറ്റം ചൈനയ്ക്കെതിരെ വര്‍ധിച്ചുവരുന്ന എതിര്‍പ്പിന്റെ ഭാഗമായി വേണം കരുതാന്‍. യുഎസും ബ്രിട്ടനും ആസ്ത്രേല്യയും ജപ്പാനും എല്ലാം ചൈനയുടെ ലോകത്തിലെ ഒന്നാം നമ്പര്‍ ശക്തിയാകാനുള്ള നീക്കത്തിനെതിരെ നിലപാടെടുത്ത് നീങ്ങുകയാണ്. ചൈനയെ ലോകത്തിലെ സൂപ്പര്‍ പവര്‍ ആക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതി കൂടിയാണ് ബെല്‍റ്റ് ആന്റ് റോഡ് പദ്ധതി. ഇന്ത്യയും ഈ നീക്കത്തില്‍ ആസ്ത്രേല്യയോടൊപ്പമാണ്. ഇതിന്റെ ഭാഗം കൂടിയാണ് ആസ്ത്രേല്യ, യുഎസ്, ജപ്പാന്, ഇന്ത്യ എന്നീ രാഷ്ട്രങ്ങള്‍ ചേര്‍ന്നുള്ള ക്വാഡ് രാഷ്ട്രങ്ങളുടെ നീക്കം. ഇന്തോ-പസഫിക് കടല്‍പ്പാതയില്‍ ചൈനയുടെ മേധാവിത്വം ഒഴിവാക്കുകയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: