കൊച്ചി: വ്യാജ വാര്‍ത്ത നല്കി ജനങ്ങളെ ഇളക്കി വിടുന്ന ഏഷ്യാനെറ്റ് ന്യൂസിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ദേശീയതലത്തില്‍ ക്യാമ്പയിന്. ഏഷ്യാനെറ്റ് ന്യൂസ് നല്കിയ വ്യാജവാര്‍ത്തകള്‍ ഇഗ്ലീഷിലേക്കും ഹിന്ദിയിലേക്കും തര്‍ജിമ ചെയ്താണ് കഴിഞ്ഞ ദിവസം മുതല്‍ ദേശീയതലത്തില്‍ ക്യാമ്പയിന് നടക്കുന്നത്. ‘ബാന്‍ ഏഷ്യാനെറ്റ്’ എന്ന പേരില്‍ നടക്കുന്ന ക്യാമ്പയിന് ട്വിറ്റര്‍ ട്രെന്‍ഡിങ്ങിലും ഇടം നേടിയിട്ടുണ്ട്.
കൊറോണ വാക്സിന് കേരളത്തില്‍ വന്‍ ക്ഷാമമാണെന്നുള്ള വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം മുതല്‍ തുടര്‍ച്ചയായി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് മധ്യകേരളത്തില്‍ നൂറുകണക്കിന് ആള്‍ക്കാരാണ് വാക്സിന് കേന്ദ്രത്തിലേക്ക് എത്തിയത്. തുടര്‍ന്ന് കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച ജനങ്ങള്‍ പോലീസുമായിവരെ ഏറ്റുമുട്ടിയിരുന്നു.
ജനങ്ങളെ ഭയപ്പെടുത്തുന്ന വിധത്തിലും വാക്സിന് ക്ഷാമം ഉണ്ടെന്നു പറഞ്ഞ് കേരളത്തിലെ ജനങ്ങളെ ഏഷ്യാനെറ്റ് ന്യൂസ് ഇളക്കിവിടുകയാണെന്നുമാണ് ക്യാമ്പയിന് പങ്കെടുക്കുന്നവര്‍ വ്യക്തമാക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ വെബ്സൈറ്റില്‍ നല്കിയ വാ്സതവവുമായി ബന്ധമില്ലാത്ത വാര്‍ത്തകളുടേതടക്കം ലിങ്കുകള്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് ക്യാമ്പയിനില്‍ പങ്കെടുക്കുന്നവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് കൊവിഡ് വാക്സിന് ക്ഷാമമുണ്ടെന്ന എഷ്യാനെറ്റിന്റെ വാര്‍ത്ത വ്യാജമണെന്നും രേഖകള്‍ സഹിതം പുറത്തുവിട്ട് ക്യാമ്പയിന് പങ്കെടുക്കുന്നവര്‍ തെളിയിച്ചു. ഏപ്രില്‍ 15ലെ കണക്കനുസരിച്ച് സംസ്ഥാനത്ത് 5,17,480 ഡോസ് വാക്സിന് സ്റ്റോക്കുണ്ട്. കഴിഞ്ഞ ദിവസം രാത്രിയോടെ രണ്ട് ലക്ഷം ഡോസ് വാക്സിന് കൂടി എത്തി. ഇതോടെ ഏഴേകാല്‍ ലക്ഷത്തോളം ഡോസ് സ്റ്റോക്കുണ്ട്.
രണ്ട് ലക്ഷത്തോളം ഡോസാണ് പ്രതിദിനം വാക്സിനേഷന് വേണ്ടത്. ഏപ്രില്‍ 15ന് രാത്രി വരെയുള്ള കണക്കനുസരിച്ച് 2,05,933 പേര്‍ക്കാണ് അന്ന് വാക്സിന് നല്‍കിയത്. 15ന് വാക്സിന് നല്‍കേണ്ടത് 3,43,473 പേര്‍ക്കാണ്. അതായത് 60 ശതമാനം പേര്‍ക്ക് മാത്രമാണ് വാക്സിന് നല്‍കിയത്. അതേസമയം കൊവാക്സിനും കൊവിഷീല്‍ഡും കൂടി 5,17,480 ഡോസ് സ്റ്റോക്കുമുണ്ട്.
സംസ്ഥാനത്ത് ഇതുവരെ 56,74,896 പേരാണ് വാക്സിന് എടുത്തത്. 50,36,612 പേര് ആദ്യഡോസ് വാക്സിനും 6,38,257 പേര് രണ്ടാമത്തെ ഡോസും എടുത്തു. കൊവാക്സിന് 2,20,530- കൊവിഷീല്‍ഡ് 2,96,910- ഡോസുകള്‍ 15ലെ കണക്കനുസരിച്ച് സംസ്ഥാനത്തുണ്ട്. ആദ്യം വിതരണം ചെയ്ത കൊവാക്സിന്റെ 2.20 ലക്ഷം ഡോസ് ഇപ്പോഴും സ്റ്റോക്കുണ്ട്. എന്നാല്‍ ഇത് വിതരണം ചെയ്യുന്നില്ല. ആദ്യം കൊവാക്സിന് എടുത്തവര്‍ക്ക് രണ്ടാമത്തെ ഡോസ് നല്‍കാനായി പിടിച്ചുവച്ചിരിക്കുകയാണ്. ഇപ്പോള്‍ കൊവിഷീല്‍ഡ് മാത്രമാണ് വിതരണം ചെയ്യുന്നത്. ഇതാണ് സംസ്ഥാനത്ത് വാക്സിന് പ്രതിസന്ധിയുണ്ടെന്ന് പ്രചരിപ്പിക്കുന്നതിന്റെ പ്രധാന കാരണം.
ഏപ്രില്‍ 17 നുള്ള കണക്ക് അനുസരിച്ച് വാക്സിന് നല്‍കിയത് അന്ന് ലക്ഷ്യമിട്ടതിന്റെ 41 ശതമാനം പേര്‍ക്ക് മാത്രമാണ്. 4,22,970 ഡോസ് വാക്സിന് സ്റ്റോക്കുള്ളപ്പോഴാണിത്.ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഏപ്രില്‍ 17 ന് മൂന്നു ലക്ഷത്തി അമ്പത്തയ്യായിരത്തിലേറെപ്പേര്‍ക്ക്(3,55,401) വാക്സിന് നല്‍കണം. എന്നാല്‍ വാക്സിന് നല്‍കിയത് ഒരു ലക്ഷത്തി നാല്‍പ്പത്താറായിരത്തിലേറെപ്പേര്‍ക്ക്(1,46,577) മാത്രമാണ്. അതായത് ആ ദിവസം ലക്ഷ്യം വച്ചതിന്റെ 41 ശതമാനം മാത്രം. ജില്ല തിരിച്ചുള്ള കണക്ക് നോക്കിയാല്‍ പാലക്കാട് വിതരണം ചെയ്യാനുദ്ദേശിച്ചതിന്റെ 15 ശതമാനം വാക്സിനേഷന് മാത്രമാണ് അന്ന് നടത്താനായത്.
അതേസമയം അന്ന് വയനാടും കാസര്‍കോടും ഉദ്ദേശിച്ചതിനേക്കാള്‍ കൂടുതല്‍ വാക്സിന് വിതരണം ചെയ്തു. 45 വയസിനും 60 വയസിനും മുകളിലുള്ളവരുടെ വാക്സിന്റെ ആദ്യഡോസ് വിതരണത്തില്‍ ഇതുവരെ 37 ശതമാനം പേര്‍ക്ക് മാത്രമാണ് നല്‍കിയത്. 1,13,75,715 പേര്‍ക്ക് നല്കേണ്ടിടത്ത് നല്കിയതാകട്ടെ 41,98,253 പേര്‍ക്കും. ഈ പ്രായ പരിധിയുള്ളവര്‍ക്ക് നല്‍കേണ്ട രണ്ടാമത്തെ ഡോസ് വാക്സിന് 12 ശതമാനം മാത്രമാണ് പൂര്‍ത്തീകരിച്ചത്. മുന്‍നിര പോരാളികള്‍ക്കുള്ള രണ്ടാംഘട്ട വാക്സിന് വിതരണവും 44 ശതമാനം മാത്രമാണ് എത്തിയത്.
ഇത് വാക്സിന് ക്ഷാമം കൊണ്ടല്ലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 17 ലെ കണക്ക് അനുസരിച്ച് കൊവാക്സിനും (1,60,190 ഡോസും) കൊവിഷീല്‍ഡ് (2,62,780 ഡോസും) ചേര്‍ത്ത് 4,22,970 ഡോസ് സംസ്ഥാനത്ത് സ്റ്റോക്കുണ്ട്. 1,46,577 പേര്‍ക്ക് നല്കയിതിന് ശേഷമുള്ള കണക്കാണിത്. മാത്രമല്ല ഉപയോഗിക്കുന്നത് അനുസരിച്ചുള്ള വാക്സിന് കേന്ദ്രം എത്തിച്ച് നല്‍കുന്നുമുണ്ട്. എന്നിട്ടാണ് 18 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് വാക്സിന് ക്ഷാമം എന്ന പേരില്‍ വാര്‍ത്തകള്‍ കൊടുത്ത് ജനങ്ങളെ ഭയപ്പെടുത്തുന്നത്. ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടത്തുന്ന ഏഷ്യാനെറ്റിനെ വിലക്കണമെന്നും ഇവര്‍ ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്.
നേരത്തെ, ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത നല്‍കിയതിന് കേന്ദ്ര സര്‍ക്കാര്‍ ഏഷ്യാനെറ്റ് ന്യൂസിനെ 48 മണിക്കൂര്‍ വിലക്കിയിരുന്നു. തുടര്‍ന്ന് നിരുപാധികം മാപ്പ് ഏഴുതി നല്‍കിയാണ് ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും സംപ്രേക്ഷണം തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: