ന്യൂദല്‍ഹി: ഇന്ത്യയുടെ കാര്‍ഷിക കയറ്റുമതിയില്‍ വന്‍ വളര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിനേക്കാള്‍ 18 ശതമാനമാണ് വളര്‍ച്ച കൈവരിച്ചിരിക്കുന്നത്. കാര്‍ഷിക വ്യാപാരമിച്ചം കൊറോണ തീര്‍ത്ത പ്രതിസന്ധിയിലും വര്‍ധിച്ചു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 93,908 കോടി രൂപയായിരുന്നത് കഴിഞ്ഞ വര്‍ഷം 132,580 കോടി രൂപയായി വര്‍ധിച്ചു.
ഗോതമ്പ് കയറ്റുമതിയില്‍ ഇന്ത്യ 727 ശതമാനം വളര്‍ച്ച നേടി. 425 കോടി രൂപയില്‍ നിന്ന് 3283 കോടി രൂപയായാണ് കയറ്റുമതി വര്‍ധിച്ചത്. ഇതര ധാന്യങ്ങളുടെ കയറ്റുമതിയില്‍ 1318 കോടി രൂപയില്‍ നിന്ന് 4542 കോടി രൂപയായും വളര്‍ച്ച രേഖപ്പെടുത്തി. അരിയാണ് കയറ്റുമതിയില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തിയ മറ്റൊരു ധാന്യവിള. 132 ശതമാനം വളര്‍ച്ചായാണ് അരി കയറ്റുമതിയില്‍ ഇന്ത്യ കൈവരിച്ചിരിക്കുന്നത്. ബസുമതി ഇതര അരി കയറ്റുമതി 2019-20ല്‍ 13,030 കോടി രൂപയായിരുന്നത് 2020-21 സാമ്പത്തിക വര്‍ഷം 30,277 കോടി രൂപയായി ഉയര്‍ന്നു.
കാര്‍ഷിക അനുബന്ധ ചരക്കുകളുടെ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2.31 കോടിയായിരുന്നത് വര്‍ധിച്ച് 2.74 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇറക്കുമതിയിലും വര്‍ധനയുണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 137014.39 കോടി രൂപയായിരുന്നത് 2.93 ശതമാനം ഉയര്‍ന്ന് 141034.25 കോടി രൂപയായി. ഗോതമ്പ്, മറ്റ് ധാന്യങ്ങള്‍, അരി (ബസുമതി ഒഴികെയുള്ളത്), സുഗന്ധവ്യഞ്ജനങ്ങള്‍, പഞ്ചസാര, അസംസ്‌കൃത പരുത്തി, സംസ്‌ക്കരിക്കാത്ത പച്ചക്കറികള്‍, സംസ്‌കരിച്ച പച്ചക്കറികള്‍, ലഹരി പാനീയങ്ങള്‍ എന്നിവയാണ് കയറ്റുമതിയില്‍ ഗണ്യമായ വളര്‍ച്ച രേഖപ്പെടുത്തിയ കാര്‍ഷിക ഉത്പന്നങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: