ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ അധോലോക നായകന് വികാസ് ദുബെയെ ഏറ്റുമുട്ടലില്‍ വധിച്ച കേസില്‍ യോഗി സര്‍ക്കാരിനും ഉത്തര്‍പ്രദേശ് പൊലീസിനും ക്ലീന്‍ ചിറ്റ്. വ്യാജ ഏറ്റുമുട്ടല്‍ കഥയുണ്ടാക്കി വികാസ് ദുബെയെ യോഗി സര്‍ക്കാര്‍ കൊന്നു തള്ളിയതാണെന്ന ആരോപണം അന്വേഷണ കമ്മീഷന് തള്ളി. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മൂന്നംഗ അന്വേഷണകമ്മീഷന് സുപ്രീംകോടതിയിലും യുപി സര്‍ക്കാരിലും സമര്‍പ്പിച്ചു.
2020 ജൂലായിലാണ് മാഫിയ തലവന്‍ വികാസ് ദുബെയും അഞ്ച് അനുയായികളും കൊല്ലപ്പെട്ടത്. ഇതിനും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വികാസ് ദുബെയെ പിടിക്കാന്‍ നേരത്തെ പൊലീസ് എത്തിയപ്പോഴുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു.മദ്ധ്യപ്രദേശില്‍ നിന്നും അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശിലേക്ക് കൊണ്ടുപോകും വഴിയാണ് വികാസ് ദുബെയും പൊലീസും തമ്മില്‍ സംഘട്ടനമുണ്ടായത്. യാത്രക്കിടയില്‍ വാഹനം മറഞ്ഞ് അപകടമുണ്ടായെന്നും ഇതിനിടെ തോക്ക് തട്ടിയെടുത്ത് വികാസ് ദുബെ ഓടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെച്ച് കൊന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ ഇത് പൊലീസ് സൃഷ്ടിച്ച വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പുതിയ തെളിവുകള്‍ ഒന്നും ലഭിക്കാത്ത സാഹചര്യത്തില്‍ കമ്മീഷന് വ്യാജഏറ്റുമുട്ടല്‍ കൊല എന്ന ആരോപണം തള്ളുകയായിരുന്നു.
വികാസ് ദുബെയുടെ ബന്ധുക്കളും വ്യാജ ഏറ്റുമുട്ടല്‍ കൊല എന്ന ആരോപണവുമായി രംഗത്തെത്തി. എന്നാല്‍ ഏറ്റുമുട്ടലാണെന്നത് സംബന്ധിച്ച പുതിയ തെളിവുകള്‍ ഒന്നും ലഭിച്ചില്ലെന്നും ആരും പുതുതായി മൊഴി നല്‍കിയില്ലെന്നുമാണ് ജസ്റ്റിസ് ബി.എസ്. ചൗഹാന്റെ കണ്ടെത്തല്‍. “തെളിവുകള്‍ കണ്ടെത്താന്‍ പരമാവധി ശ്രമിച്ചിരുന്നു. മാധ്യമങ്ങളോടും ജനങ്ങളോടും കേസ് സംബന്ധിച്ച് തെളിവുകള്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഒരിടത്തുനിന്നും പുതിയ തെളിവുകള്‍ കിട്ടിയില്ല,” ചൗഹാന് പറഞ്ഞു.
ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നാണ് സുപ്രീംകോടതി തന്നെ ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെ നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: