അമൃത്സര്‍: പാക്കിസ്ഥാനില്‍നിന്ന് എത്തിയ പക്ഷിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിര്‍ത്തി രക്ഷാ സേന(ബിഎസ്എഫ്). പ്രാവിനെതിരെയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രാവ് ഇപ്പോള്‍ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. ഞായറാഴ്ച അമൃത്സറിലെ റോറവാല പോസ്റ്റില്‍ വിന്യസിച്ചിട്ടുള്ള ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് കാലില്‍ തുണ്ടുകടലാസ് കെട്ടിയ നിലയില്‍ പ്രാവിനെ കണ്ടെത്തിയത്. അതിര്‍ത്തിക്ക് അപ്പുറത്തുനിന്നാണ് പക്ഷിയെത്തിയതെന്ന് ബിഎസ്എഫ് പറയുന്നു.
കേസിന്റെ സവിശേഷ സാഹചര്യം പരിഗണിച്ച്, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ പൊലീസ് നിയമോപദേശം തേടി. പ്രാവിന്റെ കാലിലുണ്ടായിരുന്ന കടലാസില്‍ എഴുതിയിരുന്ന നമ്പറിനെക്കുറിച്ചും പൊലീസ് പരിശോധിച്ചു വരികയാണ്. നടപടി ആവശ്യപ്പെട്ട് ബിഎസ്എഫ് തന്നെയാണ് പക്ഷിയെ കൈമാറിയതെന്ന് പൊലീസ് പറഞ്ഞു.
പ്രാവ് പക്ഷിയായതിനാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും ഇക്കാര്യം നിയമവിദഗ്ധര്‍ക്ക് വിട്ടിരിക്കുകയാണെന്നും മുതിര്‍ന്ന പൊലീസ് സൂപ്രണ്ട് ധ്രുവ് ദാഹിയ പറഞ്ഞു. ചാരവൃത്തി സംശയിച്ച് നേരത്തേയും അതിര്‍ത്തിപ്രദേശങ്ങളില്‍നിന്ന് പ്രാവുകളെ പിടികൂടിയിട്ടുണ്ട്. വീട്ടില്‍ വളര്‍ത്തുന്ന പ്രാവുകള്‍ക്ക് വിവരങ്ങളും രഹസ്യ സന്ദേശങ്ങളടങ്ങിയ കടലാസുകളും കൈമാറാന്‍ കഴിയും. ഖന്ഗര്ഹ് പൊലീസ് സ്റ്റേഷനിലാണ് പ്രാവിപ്പോള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: