കഴിഞ്ഞ തവണ മണ്ഡലത്തില്‍ നിന്നുണ്ടായ മികച്ച അനുഭവം?
കണ്ണനല്ലൂര്‍ ജങ്ഷന് റോഡ്- ഒരു വിധപ്പെട്ട എല്ലാവരും പറഞ്ഞു, നടക്കില്ല… എന്നും പ്രശ്നമാണ്… പലരും എന്നെ നിരുത്സാഹപ്പെടുത്തി. എന്നാല്‍ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് വന്നപ്പോള്‍ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു ജനപിന്തുണ.
ജനങ്ങളില്‍ നിന്നുമുണ്ടായ ആ മികച്ച പ്രതികരണം തന്നെയാണ് ഈ കാലയളവിലെ സന്തോഷകരമായ അനുഭവം. റോഡ് നിര്‍മ്മാണത്തിന്റെ മൂന്നു ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ബാക്കിയുള്ള നിര്‍മ്മാണങ്ങള്‍ നടക്കുന്നു. മണ്ഡലത്തില്‍ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും മനസില്‍ എന്നും നില്ക്കുന്ന ഒരു അനുഭവമാണിത്.
ജനങ്ങള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളും നടപടിയും ഏതൊക്കെയാണ്?
ജനങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഏറെയായിരുന്നു. അവ ഒറ്റ വാക്കില്‍ പറഞ്ഞു തീര്‍ക്കാനാവില്ല. കണ്ണനല്ലൂര്‍ റോഡ്, കൊല്ലം ചെങ്കോട്ട റോഡിലെ ഗതാഗത കുരുക്ക്, മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം, അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തൊഴിലാളികള്‍ക്ക് തുറന്നു നല്‍കുക ഇങ്ങനെ ഒട്ടെറെ ആവശ്യങ്ങള്‍ ആയിരുന്നു ജനങ്ങള്‍ ഉന്നയിച്ചത്. പരമാവധി പ്രശ്നങ്ങളില്‍ ഇടപെടലുകള്‍ നടത്തുവാന്‍ സാധിച്ചു. കണ്ണനല്ലൂര്‍ റോഡ് പദ്ധതി പകുതി വരെ നടപ്പിലാക്കി.
ചെങ്കോട്ട റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ 416 കോടി രൂപയുടെ പ്രോജക്റ്റ് നടപ്പാക്കാന്‍ കിഫ്ബി അക്കൗണ്ട് അംഗീകരിപ്പിക്കാന്‍ സാധിച്ചു. കുടിവെള്ള പ്രശ്നത്തില്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചു. കുണ്ടറ, തൃക്കോവില്‍വട്ടം, ഇളമ്പള്ളൂര്‍, നെടുമ്പന എന്നീ പഞ്ചായത്തുകളില്‍ കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. മറ്റു പഞ്ചായത്തുകളിലും പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. കശുവണ്ടി ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചു. ഇനിയും പലയിടത്തും കാഷ്യൂ ഫാക്ടറികള്‍ അടഞ്ഞു കിടക്കുകയാണ്.
എംഎല്‍എ ഏറെ ആഗ്രഹിച്ച, എന്നാല്‍ നടപ്പാക്കാന്‍ കഴിയാതെ പോയ പദ്ധതി?
അങ്ങനെ നടപ്പിലാക്കാന്‍ കഴിയാതെ പോയ പദ്ധതികള്‍ ഇല്ല. എല്ലാത്തിനും തുടക്കം കുറിക്കുവാനും കുറെ ഏറെ പദ്ധതികള്‍ പൂര്‍ത്തികരിക്കാനും കഴിഞ്ഞു. ഞാന്‍ ആഗ്രഹിച്ച ഒന്നും നടപ്പിലാക്കാന്‍ കഴിയാതെ പോയിട്ടില്ല എന്നാണ് എന്റെ വിലയിരുത്തല്‍.
എംഎല്‍എ എന്ന നിലയില്‍ ഉണ്ടായ ഒരു മോശം അനുഭവം?
അങ്ങനെ എടുത്തു പറയത്തക്ക മോശം അനുഭവം പൊതുവെ ഉണ്ടായിട്ടില്ല. ജനങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഭാഗത്തുനിന്ന് നല്ല അനുഭവങ്ങളാണ് ഉണ്ടായത്.
പുതിയ എംഎല്‍എ ചെയ്യണമെന്ന് ആഗ്രഹിക്കുന്നത്?
കൊല്ലം-ചെങ്കോട്ട റോഡിന്റെ യാത്രാക്കുരുക്ക് പരിഹരിക്കുക എന്നതാണ് ആദ്യ നടപടിയായി ചെയ്യേണ്ടത്. ഇനിയും തുറക്കാതെ കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്ന് തൊഴിലാളികളെ സംരക്ഷിക്കണം. ഐടി മേഖലയില്‍ ഇനിയും നമ്മള് കുറച്ചധികം മുന്നോട്ട് പോകേണ്ടതുണ്ട് അതിനുള്ള നടപടികള്‍ ഉണ്ടാകുന്നതും നല്ലതായി തോന്നുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: