പാലക്കാട്: കൊവിഡ് വാക്സിനേഷന് കേന്ദ്രങ്ങളില്‍ വയോജനങ്ങള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കണമെന്ന ആവശ്യം ഏറുന്നു. അടുത്തകാലത്തായി വാക്സിനേഷന് കേന്ദ്രങ്ങളില്‍ ഇവര്‍ ഏറെ ദുരിതമനുഭവിക്കുന്നു. പ്രത്യേകിച്ച് വീടുകളില്‍ മറ്റാരും ഇല്ലാത്തവര്‍ക്കാണ് ഇതേറെ ബുദ്ധിമുട്ട്.
നേരത്തെ ടോക്കണെടുക്കുകയും അതിനുശേഷം വാക്സിനേഷന് വരിനില്ക്കുകയും വേണം. മിക്ക സ്ഥലത്തും ഒമ്പതുമണിക്കുശേഷം മാത്രമേ വാക്സിനേഷന് ആരംഭിക്കൂ. അതിനാല്‍ ചുരുങ്ങിയത് 12 മണിയെങ്കിലുമാകും എടുത്തുകഴിയുമ്പോള്‍. ഇത്രയും നേരം പ്രായമായവര്‍ക്കും വിവിധ അസുഖമുള്ളവര്‍ക്കും നില്ക്കുവാന് പ്രയാസമാണ്.
പ്രമേഹം, രക്തസമ്മര്‍ദം എന്നീ അസുഖങ്ങളുള്ളവര്‍ക്ക് യഥാസമയം മരുന്നോ ഭക്ഷണമോ കഴിക്കാന്‍ പറ്റാത്ത സാഹചര്യം വരുന്നു. മാത്രമല്ല, പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള സൗകര്യങ്ങളും മിക്കയിടത്തുമില്ല. മെയ് ഒന്ന് മുതല്‍ 18 തികഞ്ഞവര്‍ക്കു കൂടി കുത്തിവെപ്പ് ആരംഭിച്ചാല്‍ പ്രായമായവരുടെ സ്ഥിതി ഏറെ ദയനീയമാവുമെന്നാണ് ജില്ലാ വയോജന സംരക്ഷ കൂട്ടായ്മ കണ്‍വീനര്‍ പാണ്ടിയോട് പ്രഭാകരന് പറയുന്നത്. അതിനാല്‍ പ്രായമായവര്‍ക്ക് മൊബൈല്‍ വാഹനത്തില്‍ വാക്സിനേഷന് നല്കുവാനുള്ള നടപടി സ്വീകരിക്കുകയോ അവര്‍ക്കു മാത്രം ഏതുസമയത്തും വാക്സിനേഷന് കൊടുക്കുവാനുള്ള നടപടിയോ സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് ഹെല്‍ത്ത് ഡയറക്ടര്‍ക്കും മനുഷ്യാവകാശ കമ്മീഷനും നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: