കൊച്ചി: അറബിക്കടലില്‍ മീന്‍പിടിത്ത ബോട്ടില്‍ നിന്ന് നാവിക സേന പിടിച്ചെടുത്തത് ഹെറോയിനെന്ന് തിരിച്ചറിഞ്ഞു. 3000 കോടിയുടെ മയക്കുമരുന്നും അഞ്ച് ശ്രീലങ്കന്‍ സ്വദേശികളെയും നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോയ്ക്ക്(എന്‍സിബി) കൈമാറി. പ്രതികള്‍ മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ബോട്ട് എന്‍സിബി കസ്റ്റഡിയില്‍ മട്ടാഞ്ചേരി വാര്‍ഫില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പാകിസ്ഥാനിലെ മക്രാന്‍ തീരത്ത് നിന്ന് പുറപ്പെട്ട ബോട്ട് തിങ്കളാഴ്ച രാത്രിയാണ് നാവിക സേന പിടിച്ചെടുത്തത്. പിടിയിലായവര്‍ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിന്റെ അംഗങ്ങളാണെന്നാണ് പ്രാഥമിക നിഗമനം. മീന്‍പിടത്തക്കാരുടെ വേഷത്തില്‍ മയക്കുമരുന്ന് വ്യാപാരമാണ് ഇവര്‍ നടത്തിയിരുന്നത്. അഫ്ഗാനിസ്ഥാനിലെ കറുപ്പ് ഉപയോഗിച്ച് പാകിസ്ഥാനിലെ ലബോറട്ടറികളില്‍ നിര്‍മിക്കുന്ന ഹെറോയിനും മറ്റ് മയക്കുമരുന്നുകളും മക്രാന്‍ തീരത്ത് നിന്നാണ് ആഫ്രിക്ക, ഏഷ്യന്‍ കരകളിലേക്ക് അയക്കുന്നത്.
ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നവര് കടല്‍വഴിയുള്ള മയക്കുമരുന്ന് കടത്തിന് സഹായം നല്‍കുന്നുണ്ടെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. എന്‍സിബിയുടെ കസ്റ്റഡിയിലുള്ള ശ്രീലങ്കന്‍ സ്വദേശികളെ എന്‍ഐഎ, ഐബി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ ചോദ്യം ചെയ്യും.കേരള തീരത്തു മയക്കു മരുന്ന് കടത്ത് സ്ഥിരമാവുന്നു. ഈ അടുത്ത ദിവസങ്ങളില്‍ ഇത് രണ്ടാം തവണയാണ് വന്‍തോതിലുള്ള മയക്കുമരുന്ന് വേട്ട നടത്തുന്നത്.
മയക്കുമരുന്ന് കടത്തുന്നതിനിടെ അഞ്ച് ശ്രീലങ്കന്‍ പൗരന്മാരെയും ബോട്ടും തിങ്കളാഴ്ച പുലര്‍ച്ചെയാണ് നാവികസേന കസ്റ്റഡിയിലെടുത്തത്. അറബിക്കടലില്‍ നാവികസേനയുടെ ഐഎന്‍എസ് സുവര്‍ണ എന്ന കപ്പലാണ് നരീക്ഷണം നടത്തുന്നതിനിടെ സംശയകരമായ രീതിയില്‍ ശ്രീലങ്കന്‍ ബോട്ട് കണ്ടെത്തിയത്.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ച നിലയില്‍ മുന്നൂറ് കിലോഗ്രാം മയക്കുമരുന്ന് കണ്ടെത്തിയത്. പിന്നീട് ബോട്ടും ശ്രീലങ്കന്‍ പൗരന്മാരെയും കൊച്ചി തുറമുഖത്ത് എത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: