തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്റേയും പേര്് പുറത്ത്. ഇതോടെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്ക്കുന്ന ഇടത് സര്‍ക്കാര്‍ വീണ്ടും ആരോപണ കുരുക്കില്‍ ആയിരിക്കുകയാണ്.
സരിത എസ്. നായര്‍ ഉള്‍പ്പെട്ട ജോലി തട്ടിപ്പ് കേസില്‍ ടി.പി. രാമകൃഷ്ണന്റെ ബന്ധം വ്യക്തമാക്കുന്ന ശബദരേഖയാണ് പുറത്തുവിട്ടിരിക്കുന്നത്. കേസിലെ മുഖ്യ പ്രതിയായ സരിത നായരുടെ ഈ ശബ്ദ രേഖയില്‍ ടി.പി. രാമകൃഷ്ണനും ബെവ്കോ എംഡി സ്പര്‍ജന്‍ കുമാറിനും ഈ തട്ടിപ്പിനെ കുറിച്ച് അറിയാമായിരുന്നെന്നും പ്രതിപാദിക്കുന്നുണ്ട്.
ബെവ്കോയില്‍ നിയമനത്തിനായി പണം നല്കിയ ശേഷം നിയമനം നടക്കാതെവന്നതോടെ സംശയം പ്രകടിപ്പിച്ചപ്പോഴാണ് സരിതയുടെ ഈ പ്രതികരണം. നിയമനത്തിനായി പണം നല്കിയവരോട് മന്ത്രി ടി.പി. രാമകൃഷ്ണന് സംസാരിക്കണമെന്ന് പറഞ്ഞതായും ശബ്ദരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ സ്പര്‍ജന്‍ കുമാര്‍ അഴിമതിക്കാരനാണെന്നും അത് പുറത്തറിയരുതെന്ന് നിര്‍ബന്ധമുള്ള ആളാണെന്നും ശബ്ദരേഖയില്‍ പറയുന്നു. അതിനുശേഷം നിയമനം ശരിയായെന്നും ജോലിയില്‍ കയറാന്‍ ബെവ്കോ മാനേജര്‍ ടി. മീനാകുമാരിയെ കാണാനും സരിത നിര്‍ദ്ദേശിക്കുന്നതും ശബ്ദരേഖയിലുണ്ട്.
പരാതിക്കാര്‍ തന്നെയാണ് ഈ ശബ്ദരേഖ പോലീസിന് കൈമാറിയത്. നെയ്യാറ്റിന്‍കര സ്വദേശികളായ രണ്ടു പേരാണ് സരിതയ്ക്കെതിരെ പരാതി നല്‍കിയിട്ടുള്ളത്. വ്യാജ നിയമന ഉത്തരവ് തയ്യാറാക്കി നല്‍കിയാണ് തട്ടിപ്പ് നടത്തിയത്. ഇരുപതോളം പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. പൊതുമേഖല സ്ഥാപനങ്ങളായ കെടിഡിസി, ബിവറേജസ് കോര്പ്പറേഷന് എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് സരിത നായര്‍ അടക്കമുള്ള വര്‍ക്കെതിരായ കേസ്. ഇവരെ കൂടാതെ രതീഷ്, സാജു എന്നിവരും കേസിലെ പ്രതികളാണ്.
അതേസമയം നിയമനങ്ങളില്‍ തനിക്ക് പങ്കില്ലെന്ന് ആരോപണങ്ങളെ തള്ളിക്കൊണ്ട് മന്ത്രി അറിയിച്ചു. തന്റെ പേര് വിളിച്ച് പറയുന്നവരുമായി ഒരു കാലത്തും തനിക്ക് ബന്ധമില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനത്തില്‍ തട്ടിപ്പുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: