കൊച്ചി: കൊറോണയുടെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാന്‍ പൂര്‍ണ്ണ സജ്ജമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. എല്ലാ പഞ്ചായത്തുകളിലും ആവശ്യമായി വരുന്നതനുസരിച്ച് ഫസ്റ്റ് ലെവല്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടത്തില്‍ പത്ത് പഞ്ചായത്തുകളില്‍ സിഎഫ്എല്‍ടിസികള്‍ ആരംഭിച്ചിട്ടുണ്ട്.
തിരുമാറാടി, ചോറ്റാനിക്കര, വടവുകോട്- പുത്തന്‍കുരിശ്, മുളന്തുരുത്തി, കിഴക്കമ്പലം, മഴുവന്നൂര്‍, ചേന്ദമംഗലം, പുത്തന്‍വേലിക്കര, ആലങ്ങാട്, തുറവൂര്‍ പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തില്‍ ആരംഭിച്ചത്. കൂടാതെ എല്ലാ പഞ്ചായത്തുകളിലും ഡൊമസിലറി കെയര്‍ സെന്റെറുകളും (സിസിസി) ആരംഭിക്കും. ഇത്തരം സെന്ററുകള്‍ വഴി രോഗലക്ഷണം ഉള്ളവര്‍ക്ക് ആദ്യഘട്ട നിര്‍ദേശങ്ങള്‍ നല്‍കും. നിലവില്‍ കുട്ടമ്പുഴ പഞ്ചായത്തില്‍ ട്രൈബല്‍ ഷെല്‍ട്ടര്‍ ഡിസിസി ആയി മാറ്റിയിട്ടുണ്ട്. ആദിവാസി മേഖലകളില്‍ നിന്നായി ഒമ്പത് പേരെ ഇവിടെ പ്രവേശിപ്പിക്കുകയും അവര്‍ക്ക് വേണ്ട കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരികയും ചെയ്യുന്നു.
ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. 0484 2422219 നമ്പറില്‍ വിളിച്ച് ജനങ്ങള്‍ക്ക് സംശയങ്ങള്‍ ചോദിക്കാം. വാര്‍ഡുതല സമിതികളും സജ്ജമാണ്.
ഭവനരഹിതരായ വരെയും തെരുവില്‍ കഴിയുന്നവരെയും കണ്ടെത്തി അവര്‍ക്ക് ഭക്ഷണ താമസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. രോഗവ്യാപനം ഉള്ള പ്രദേശങ്ങള്‍ റസിഡന്‍സ് അസോസിയേഷനുകള്‍, വ്യാപാര വാണിജ്യ സംഘടനകള്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി സ്വീകരിക്കേണ്ട അടിയന്തര നടപടികള്‍ നിശ്ചയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: