കൊച്ചി: പാലിയത്ത് ഗോവിന്ദന് വലിയച്ചന്റെ വിയോഗത്തെ തുടര്‍ന്ന് പാലിയം കുടുംബത്തിലെ മുതിര്‍ന്ന അംഗം പി. രവിയച്ചന്, വലിയച്ചനായി സ്ഥാനമേറ്റു. പദവി പ്രകാരം പാലിയത്ത് രാമന് കോമി എന്ന് സ്ഥാനപ്പേരുള്ള ‘പാലിയത്ത് രാമന് വലിയച്ചന്’ എന്ന പേരായിരിക്കും അലങ്കരിക്കുക. കൊച്ചി ഇളയ തമ്പുരാന് അനിയന്കുട്ടന് തമ്പുരാന്റെയും പാലിയത്ത് കൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മകനായി പാലിയത്ത് 1928ലാണ് ജനനം. തൃപ്പൂണിത്തുറയില്‍ താമസിക്കുന്ന രവിയച്ചന് കേരള ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു.
ഭാരതീയ ഇതിഹാസങ്ങളോടൊപ്പം ലോക സാഹിത്യവും അറിഞ്ഞ വായനാ വിശാലതയുള്ള രവിയച്ചന് സമാനതകളില്ലാത്ത വ്യക്തിത്വത്തിനുടമയാണ്. 1952 മുതല്‍ 1970 വരെ കേരളത്തിനു വേണ്ടി 55 രഞ്ജി ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ച കായിക പ്രതിഭ 1107 റണ്‍സും, 125 വിക്കറ്റും നേടി മലയാളി താരങ്ങളില്‍ അഭിമാനകരമായ നേട്ടം കൈവരിച്ച വ്യക്തിയാണ്. ടെന്നീസ്, ഷട്ടില്‍, ടേബിള്‍ ടെന്നീസ്, ബോള്‍ ബാഡ്മിന്റണ്‍ തുടങ്ങി വിവിധ കായിക വിനോദങ്ങളിലും ഒരേ പോലെ നേട്ടം കൈവരിച്ച രവിയച്ചന് തൃപ്പൂണിത്തുറയുടെ ഹൃദയമറിയുന്ന സാംസ്കാരിക നായകനാണ്.
തൃപ്പൂണിത്തുറ കഥകളി കേന്ദ്രം, പൂര്‍ണത്രയീശ സംഗീത സഭ, പൂര്‍ണത്രയീശ സേവാ സംഘം, തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് എന്നീ സംഘടനകളുടെ അധ്യക്ഷ സ്ഥാനം വഹിച്ചിട്ടുള്ള അദ്ദേഹം ആര്‍എസ്എസ് ജില്ലാ സംഘ ചാലക്, ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റ്, വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ്, കുരുക്ഷേത്ര പ്രകാശന് ട്രസ്റ്റ് മാനേജിങ് ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: