ശൂന്യമായ പുസ്തകമാണു ശ്രേഷ്ഠം. എല്ലാം യാന്ത്രികമാക്കാന്‍ ശ്രമിക്കുകയാണ് മനുഷ്യരിപ്പോള്‍. പ്രയോജനകരമെന്നു തോന്നുന്ന വിധത്തില്‍ മനുഷ്യനെ ‘പ്രവര്‍ത്തിപ്പിക്കുക’ എന്നതിലുമുപരി മറ്റു തലങ്ങളും മനുഷ്യനുണ്ട്. ഒരു മനുഷ്യന് ആര്‍ക്കെങ്കിലും പ്രയോജനപ്പെടേണ്ട ആവശ്യമില്ല.
കാളവണ്ടിയില്‍ നുകം പൂട്ടിയിരിക്കുന്ന കാളകള്‍ കാട്ടിലെങ്ങും തുള്ളിക്കളിക്കുന്ന കലമാനെ നോക്കി ‘ഓ… എങ്ങനെ ഇവര്‍ ആര്‍ക്കും പ്രയോജനപ്പെടാതെ ജീവിതം പാഴാക്കുന്നു. ഒരു ഗുണവുമില്ല.’ എന്ന് ചിന്തിക്കുന്നതു പോലെയാണത്.
പക്ഷേ കലമാന്‍ ആനന്ദമുണ്ട്. എന്നാല്‍ കാളകളെയാകട്ടെ നുകം പൂട്ടിയിരിക്കുകയാണ്, കാളകള്‍ക്ക് ആനന്ദമില്ല.
എന്തിനെങ്കിലും പ്രയോജനപ്പെടാനായി വെറുതേ ശ്രമിക്കുമ്പോള്‍ നിങ്ങളൊരു സന്തോഷമില്ലാത്ത വ്യക്തിയായിത്തീര്ന്നേക്കും. അങ്ങനെയെങ്കില്‍ ജീവിതത്തിന്റെ എല്ലാ ഉദ്ദേശ്യങ്ങളും വിഫലമാകും. നിങ്ങള്‍ ചെയ്യുന്ന കാര്യത്തിന് യാതൊരു അര്‍ഥവും ഉണ്ടായിരിക്കില്ല. സമൂഹം ചിലപ്പോള്‍ നിങ്ങളുടെ ദൈന്യത യേയും ലോകത്തിനായി നിങ്ങള്‍ ചെയ്ത കാര്യങ്ങളെയും പരിഗണിച്ച് എന്തെങ്കിലും ബഹുമതി നല്‍കിയേക്കാം. എന്നാല്‍, ജീവിതത്തെ സംബന്ധിച്ചിടത്തോളം ഇതിന് യാതൊരു അര്‍ഥവുമില്ല.
മാര്‍ഗദര്‍ശനം നല്കുന്ന കൈപ്പുസ്തകങ്ങളെ ഒരിക്കലും ആശ്രയിക്കരുത്. മറ്റൊരാളുടെ ബുദ്ധിയിലൂടെ ജീവിതത്തെ നോക്കിക്കാണുന്ന പ്രവണത അവസാനിപ്പിക്കുക. സ്വബുദ്ധിയോടെ ജീവിതത്തെ നോക്കിക്കാണാന്‍ പഠിക്കുക. സ്വാധീനങ്ങള്‍ നീങ്ങുന്നതോടെ എല്ലാവര്ക്കും അവരവരുടെ ജീവിതത്തെ വിവേകത്തോടെ വീക്ഷിക്കുന്നതിനുള്ള ബുദ്ധിശക്തിയേറും.
ഭൂതവര്‍ത്തമാന കാലങ്ങളിലെ നായകന്മാര് നിങ്ങളെ വളരെയധികം സ്വാധീനിക്കുന്നുവെന്നതാണു പ്രശ്നം. ഒടുവില്‍ നിങ്ങളുടെ മനോഭാവം ഒരു സിനിമാതാരത്തിന്റെയോ ആരാധകന്റേയോ മനോഭാവത്തിന് സമാനമായിത്തീരുന്നു. വളരെ അപക്വമാണിത്.
അതുപാലെ കുട്ടികളുടെ കാര്യമെടുത്താല്‍ പൂര്‍ണതയുള്ള ഒരു സത്തയാണ് ഓരോ കുട്ടിയുമെന്ന് കാണാനാവും. ഒരു കുട്ടിയുടെ കഴിവുകള്‍ പൂര്ണതയിലെത്താന് നിങ്ങള്‍ക്ക് സഹായിക്കാനായേക്കാം. അല്ലാതെ കുട്ടിയില്‍ നിന്നും മറ്റൊന്നും ഉളവാക്കാന്‍ കഴിയില്ല.
അനാവശ്യമായി ഇടപെടാതെ പരിപോഷിപ്പിക്കുകയാണെങ്കില്‍ മാത്രമേ ഇതു സാധ്യമാകൂ. അതിന് അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക. നിങ്ങളിലൂടെയാണ് അല്ലാതെ നിങ്ങളില്‍ നിന്നല്ല, കുട്ടികള്‍ വന്നിരിക്കുന്നത്. അവര്‍ നിങ്ങളുടേതാണെന്ന് ഒരിക്കലും ചിന്തിക്കാതിരിക്കുക. അവര്‍ക്ക് നിങ്ങള്‍ സ്നേഹപൂര്‍ണവും അനുകൂലവുമായൊരു അന്തരീക്ഷം പ്രദാനം ചെയ്യുക. നിങ്ങളുടെ ചിന്തകളും വികാരങ്ങളും തത്ത്വചിന്തകളും വിശ്വാസസംഹിതകളും വിഡ്ഢിത്തങ്ങളുമൊന്നും അടിച്ചേല്പിക്കാതിരിക്കുക.
സ്വന്തം വഴിത്താര കണ്ടെത്തുന്നതിനാവശ്യമായ ബുദ്ധിശക്തി അവനുണ്ട്. കുട്ടി തന്റെ ബുദ്ധിശക്തി വിനിയോഗിച്ചു വളരുമ്പോള്‍ എന്തെങ്കിലും അബദ്ധം സംഭവിക്കുകയാണെങ്കില്‍ അതു തിരുത്തുന്നതിനുള്ള വിവേകവും അവനുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: