ന്യൂദല്‍ഹി: 18 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിന് നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഉള്‍പ്പെടെ നിര്‍ണ്ണായക നയംമാറ്റങ്ങള്‍ പ്രഖ്യാപിച്ചതില്‍ പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഇന്ത്യയുടെ പ്രധാന വാക്സിന് നിര്‍മ്മാതാവായ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിഇഒ അഡാര്‍ പൂനാവാല.
ഇതിന്റെ ഭാഗമായി അദ്ദേഹം മുഴുവന്‍ വാക്സീന് നിര്‍മ്മാതാക്കള്‍ക്കും വേണ്ടി ട്വിറ്റര്‍ വഴി പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് നിരവധി നിര്ണ്ണായകയോഗങ്ങള്ക്ക് ശേഷം പ്രധാനമന്ത്രി 18 വയസ്സിന് മുകളിലുള്ള എല്ലാവര്ക്കും മെയ് ഒന്ന് മുതല്‍ വാക്സിന് നല്കാന് തീരുമാനിച്ചത്. വാക്സിന് നിര്‍മ്മാണം ത്വരിതപ്പെടുത്താന്‍ പ്രധാന രണ്ട് നിര്‍മ്മാണക്കമ്പനികള്‍ക്ക് 100 ശതമാനം തുക മുന്‍കൂറായി നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കോവിഷീല്‍ഡ് എന്ന വാക്സിന് ഉല്പാദിപ്പിക്കുന്ന സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന് 3,000 കോടിയും കോവാക്സിന് എന്ന വാക്സിന് നിര്‍മ്മിക്കുന്ന ഭാരത് ബയോടെകിന് 1500 കോടിയും നല്കാന് കേന്ദ്രം തീരുമാനിച്ചിരുന്നു.
പ്രധാനവാക്സിന്‍ നിര്‍മ്മാതാക്കളായ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെകിനും ഉല്പാദനം ത്വരിതപ്പെടുത്താന്‍ വേണ്ട ഫണ്ടില്ലെന്ന ആശങ്കയുള്ളതിനാലാണ് തുക മുന്‍കൂറായി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്. അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതിനും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനും ഉല്പാദനശേഷി വര്‍ധിപ്പിക്കുന്നതിനും കൃത്യസമയത്ത് വാക്സിന് ഡോസുകള്‍ വിതരണം ചെയ്യുന്നതിനുമാണ് ഈ മുന്‍കൂര്‍ തുക ഉപയോഗിക്കുക.
നിര്ണ്ണായസമയത്ത് ഇത്തരം നയംമാറ്റങ്ങള്‍ അതിവേഗം കൈക്കൊണ്ടതിനാണ് അഡാര്‍ പൂനാവാല പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: