ന്യൂദല്‍ഹി: കരസേനയുടെ ചികിത്സാസൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ നിര്‍ദേശിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കോവിഡിനെതിരായ പോരാട്ടത്തില്‍ സഹായമെത്തിക്കാന്‍ മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്താനും അദ്ദേഹം ആവശ്യപ്പെട്ടു. ‘കരസേനാ മേധാവി ജനറല്‍ എം എം നരവനെയുമായി പ്രതിരോധമന്ത്രി സംസാരിച്ചു. സാധ്യമായ സഹായങ്ങളെത്തിക്കാനായി മുഖ്യമന്ത്രിമാരെ ബന്ധപ്പെടാന്‍ സംസ്ഥാന തലസ്ഥാനങ്ങളിലെ കമാന്‍ഡര്‍മാരോട് നിര്‍ദേശിച്ചു’- പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥന് അറിയിച്ചു.
പ്രതിരോധ സെക്രട്ടറി അജയ് കുമാറും തിങ്കളാഴ്ച വൈകിട്ട് നടത്തിയ ചര്‍ച്ചയുടെ ഭാഗമായിരുന്നു. രാജ്യത്തുടനീളം കണ്ടോണ്മെന്റ് ബോര്‍ഡുകള്‍ നടത്തുന്ന ആശുപത്രികള്‍ പൗരന്മാര്ക്കായി തുറന്നുകിടക്കും. കണ്ടോണ്മെന്റ് സോണുകള്‍ക്ക് പുറത്തുള്ളവര്‍ക്കും ഇവിടെ ചികിത്സ ലഭിക്കും. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ദല്‍ഹിയില്‍ ഇതിനോടകം 250 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്.
ഇത് പിന്നീട് 500 ആയി ഉയര്‍ത്തും. ലക്നൗവില്‍ രണ്ട് ആശുപത്രികള്‍കൂടി ഡിആര്‍ഡിഒ കോവിഡ് രോഗികള്‍ക്കായി ഒരുക്കുന്നുണ്ട്. പ്രതിരോധ സ്ഥാപനങ്ങള്‍ക്ക് ആധുനിക ചികിത്സാസൗകര്യങ്ങളുള്ളതിനാല് പരമാവധി സഹായം ജനങ്ങള്‍ക്ക് എത്തിക്കാനാണ് ശ്രമം. ഡിആര്‍ഡിഒ ഒരുക്കിയിരിക്കുന്ന കിടക്കകള്‍ക്കൊപ്പം ഓക്സിജനും ഒന്നിലധികം വെന്റിലേറ്ററുകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: