രാജ്യത്തെ ബഹുഭൂരിപക്ഷം കര്‍ഷകരെയും ഇടനിലക്കാരുടെ ചൂഷണത്തില്‍നിന്ന് മോചിപ്പിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടത്തുന്ന സമരം കൊവിഡ് വ്യാപന ഭീഷണി അവഗണിച്ചും ദല്‍ഹിയില്‍ ഇപ്പോഴും തുടരുകയാണ്. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ മണ്ഡി എന്ന ചന്തയ്ക്കു പുറത്തോ അകത്തോ വില്‍ക്കാനുള്ള സ്വാതന്ത്ര്യം നല്കുന്ന നിയമങ്ങള്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരാണെന്ന് തിരിച്ചറിഞ്ഞ പഞ്ചാബിലെയും ഹരിയാനയിലെയും സമ്പന്ന കര്‍ഷകര്‍ വന്‍തോതില്‍ പണമിറക്കി ചില തീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ച് പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു. കര്‍ഷകരുടെ വരുമാനവും ക്ഷേമവും മാത്രമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും, കാര്‍ഷിക നിയമങ്ങളെക്കുറിച്ച് ഏതുതരം ചര്‍ച്ചയ്ക്കും ഭേദഗതിക്കും ഒരുക്കമാണെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടും അതിന് വഴങ്ങാതെ സമരം അക്രമാസക്തമാക്കുകയാണ് ചില സംഘടനകള്‍ ചെയ്തത്. ബിജെപിയോടും മോദി സര്‍ക്കാരിനോടുമുള്ള രാഷ്ട്രീയ വിരോധമാണ് സമരത്തിനു പിന്നിലാണ് തിരിച്ചറിഞ്ഞ് പല സംഘടനകളും സമരത്തില്‍നിന്ന് പിന്മാറുകയും ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ അടുത്ത പൊതുതെരഞ്ഞെടുപ്പുവരെ സമരം നീട്ടിക്കൊണ്ടുപോകാനാവുമോയെന്നാണ് ചില സ്വയംപ്രഖ്യാപിത കര്‍ഷക നേതാക്കള്‍ നോക്കുന്നത്.
പല സംസ്ഥാനങ്ങളിലെയും കര്‍ഷകര്‍ പുതിയ കാര്‍ഷിക നിയമങ്ങളെ സ്വാഗതം ചെയ്ത് രംഗത്തുവരികയും, അവിടങ്ങളിലെ സര്‍ക്കാരുകള്‍ നിയമം നടപ്പാക്കാനും തുടങ്ങി. ഇതിന്റെ ഗുണഫലങ്ങള്‍ കര്‍ഷകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുകയുമാണ്. എന്നാല്‍ ചില പ്രതിപക്ഷ സര്‍ക്കാരുകള്‍ ഇതില്‍നിന്ന് മുഖംതിരിച്ച് കര്‍ഷകരെ വഞ്ചിക്കുകയാണ്. കോണ്‍ഗ്രസ്സ് ഭരിക്കുന്ന പഞ്ചാബാണ് ഇതിലൊന്ന്. ലുധിയാനയില്‍നിന്നുള്ള ഒരു വാര്‍ത്ത കര്‍ഷകരോടുള്ള ഈ ക്രൂരതയ്ക്ക് തെളിവാണ്. മണ്ഡികളിലേക്ക് കര്‍ഷകര്‍ നല്കിയ ഗോതമ്പ് ശേഖരിക്കാന്‍ ഇടമില്ലാതെ തുറസ്സായ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്നു. പുതിയ കാര്‍ഷിക നിയമങ്ങളില്‍ വ്യവസ്ഥ ചെയ്യുന്ന സംഭരണ, വിപണന സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ മടിക്കുന്നതാണ് ഈ ദുഃസ്ഥിതിക്ക് കാരണം. മഴ വന്നാല്‍ ധാന്യങ്ങള്‍ മുഴുവന്‍ നശിച്ചുപോകും. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ കാലാവസ്ഥയുടെ കനിവിനായി കണ്ണീരോടെ കാത്തിരിക്കുകയാണ് കര്‍ഷകര്‍. പുതുതായി വിളവെടുക്കുന്നവരും മണ്ഡിയിലേക്ക് ഗോതമ്പ് എത്തിക്കുന്നതോടെ സ്ഥിതിവിശേഷം പിന്നെയും വഷളാകുമെന്ന ഭീതിയിലാണ് അവര്‍. ധാന്യ സംഭരണത്തിന് ആവശ്യമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് വെറും പ്രചാരണമാണെന്ന് കര്‍ഷകര്‍ വേദനയോടെ തിരിച്ചറിയുകയാണ്. മണ്ഡികള്‍ക്കു പുറത്ത് ധാന്യങ്ങള്‍ വില്ക്കാന് സ്വാതന്ത്ര്യമുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊരു ദുരവസ്ഥ വരില്ലായിരുന്നു.
സമ്പന്ന കര്‍ഷകരുടെ ചൂഷണ സംവിധാനമായ മണ്ഡികള്‍ നിലനിര്‍ത്തണമെന്ന് കര്‍ഷക സമരക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും അതിനെ പിന്തുണച്ച് രംഗത്തുവരികയുണ്ടായി. നിയമസഭയില്‍ പ്രമേയവും പാസ്സാക്കി. മണ്ഡികളാണ് കര്‍ഷകരുടെ ഒരേയൊരു രക്ഷാമാര്‍ഗമെങ്കില്‍ എന്തുകൊണ്ട് കേരളത്തില്‍ അത് നടപ്പാകുന്നില്ല എന്ന ചോദ്യമുയര്‍ന്നിരുന്നു. ഇവിടെ മണ്ഡികള്‍ ആവശ്യമില്ലെന്നും, കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വില ഉറപ്പുവരുത്തുന്ന ബദല്‍ സംവിധാനമുണ്ടെന്നുമായിരുന്നു മറുപടി. കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ അനുഭവിക്കുന്ന ചൂഷണം ഈ അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു. ഒരേസമയം മില്ലുടമകളുടെയും അവരുടെ ഏജന്റുമാരുടെയും ബാങ്കുകളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ചൂഷണത്തിനാണ് കുട്ടനാട്ടിലെ കര്‍ഷകര്‍ വിധേയരാകുന്നത്. കര്‍ഷകര്‍ക്ക് അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന നെല്ലിന്റെ വില നേരിട്ട് നല്‍കാതെ ബാങ്ക് വായ്പയായി നല്കുന്ന തലതിരിഞ്ഞ രീതിയാണ് കുട്ടനാട്ടില്‍. പണ്ടുകാലത്ത് കയര്‍ ഫാക്ടറിയിലെ മുതലാളിമാര്‍ നേരിട്ട് കൂലി നല്‍കാതെ ആ തുക സ്വന്തം കടകളിലേക്ക് മാറ്റി സാധനങ്ങള്‍ വാങ്ങിപ്പിച്ച് തൊഴിലാളികളെ ചൂഷണം ചെയ്തുകൊണ്ടിരുന്നു. ഈ ചൂഷണത്തിന്റെ മറ്റൊരു രൂപമാണ് കുട്ടനാട്ടില്‍ നെല്‍കര്‍ഷകര്‍ അനുഭവിക്കുന്നതും. ശരിയായ ബോധവല്‍ക്കരണത്തിലൂടെയും പ്രക്ഷോഭത്തിലൂടെയും ഇതിന് അന്ത്യംകുറിക്കേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: