മൂന്നു ഭാഗവും മധുവാഹിനിപ്പുഴ വലം വെച്ചൊഴുകുന്ന മല്ലത്ത് തലയുയര്‍ത്തി നില്‍ക്കുകയാണ് കാസര്‍കോട് ജില്ലയിലെ മൂളിയാര്‍ ഗ്രാമത്തിലെ മല്ലം ദുര്‍ഗാ പരമേശ്വരി ക്ഷേത്രം. 300 വര്‍ഷം മുന്‍പ് സ്ഥാപിക്കപ്പെട്ടുവെന്ന് കരുതുന്ന ക്ഷേത്രം മറ്റു ദുര്‍ഗാ ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമാണ്. മഹാരാഷ്ട്രയിലെ മറാത്ത സാമ്രാജ്യത്തിന്റെ പതനത്തോടെ അവിടെ നിന്നു പലായനം ചെയ്ത ബ്രാഹ്മണര്‍ സ്ഥാപിച്ചതാണ് ഈ പുണ്യ പുരാതന ക്ഷേത്രം എന്നാണ് വിശ്വാസം. കരാട എന്ന സ്ഥലത്തു നിന്നുള്ളവരായതുകൊണ്ട് ഇവര്‍ പില്ക്കാലത്ത് കരാട ബ്രാഹ്മണര്‍ എന്നും അറിയപ്പെട്ടു.
മധുവാഹിനി പുഴയോരത്ത് കിഴക്കുഭാഗത്തേക്ക് അഭിമുഖീകരിച്ചാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അന്നപൂര്ണേശ്വരിയായ ദുര്‍ഗാ ദേവിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഇത് ശ്രീചക്രസഹിതമായ ദര്പ്പണബിംബമാണ്. ഗര്‍ഭഗൃഹത്തിന്റെ എതിര്‍വശത്ത് നമസ്കാരമണ്ഡപം ഉള്‍ക്കൊള്ളുന്ന വിധത്തില്‍ ചുറ്റമ്പലവുമുണ്ട്. ചെങ്കല്ലുകൊണ്ടാണ് ചുറ്റമ്പലം നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ അകത്തുതന്നെ വടക്കുഭാഗത്ത് ജടാധാരി തെയ്യത്തിന്റെ സാന്നിധ്യവുമുണ്ട്. പ്രധാന പ്രവേശനദ്വാരത്തിന്റെ ഇരുവശങ്ങളിലുമായി പഴയ രാജഗോപുരത്തിന്റെ കീഴില്‍ വിശ്രമ മണ്ഡപവവും നിര്‍മ്മിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ വടക്കുഭാഗത്താണ് അഗ്രശാല. അതിന് അപ്പുറത്തായി മധുവാഹിനി നദിയുടെ തീരത്ത് സ്നാനഘട്ടം കാണാം. അവിടെതന്നെ ഒരു ആല്‍ത്തറയും അതില്‍ നാഗപ്രതിഷ്ഠയുമുണ്ട്.
ഏകദേശം 300 വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് കരാട ബ്രാഹ്മണര്‍ അവരുടെ ആരാധനാശക്തിയായ ശ്രീ ചക്രസ്ഥിത ദേവിയുമായി കാസര്‍കോട് ജില്ലയിലെ മധുവാഹിനി നദിയുടെ തീരത്തുള്ള മല്ലം എന്ന സ്ഥലത്തെത്തിയെന്നും ആ ശ്രീചക്രത്തെ അവര്‍ ഈ പുണ്യനദിയുടെ തീരത്ത് പ്രതിഷ്ഠിച്ചുമെന്നാണ് ചരിത്രങ്ങളില്‍ പറയുന്നത്. തെങ്ങിന്റെ ഓല കൊണ്ട് നിര്‍മിച്ചതായിരുന്നു ആദ്യ ക്ഷേത്രം. 17ാം നൂറ്റാണ്ടിലാണിതെന്നും കരുതപ്പെടുന്നു. 1865 ലാണ് ക്ഷേത്രം ആദ്യമായി പുതുക്കി പണിതത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ക്ഷേത്രം പുതുക്കിപ്പണിതുവെങ്കിലും അതിനുശേഷം പ്രധാനപ്പെട്ട പരിഷ്കാരങ്ങള്‍ എല്ലാംതന്നെ നടന്നത് 1940 നു ശേഷമായിരുന്നു.
ആനമജല്‍ കുടുംബാംഗങ്ങളാണ് ഇപ്പോള്‍ ക്ഷേത്ര ഭരണം നടത്തുന്നത്. നവരാത്രി ദിവസങ്ങളില്‍ കാസര്‍കോട് ജില്ലയിലെ ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തുന്ന ക്ഷേത്രം കൂടിയാണിത്. നവരാത്രി ദിവസങ്ങളില്‍ എല്ലാ ദിവസവും വിശേഷാല്‍ പൂജകളും നവമി ദിവസം ചണ്ഡികാ ഹോമവും ഇവിടെ നടക്കാറുണ്ട്. കര്‍ണ്ണാടക ജില്ലയില്‍ നിന്നുള്ള നിരവധി ഭക്തരാണ് ദിവസവും ക്ഷേത്രത്തില്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: