മുംബൈ: പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ ടീമിന്റെ പ്രകടനത്തില്‍ അഭിമാനമുണ്ട്. വലിയൊരു വിജയലക്ഷ്യം പിന്തുടര്ന്ന് ഞങ്ങള്‍ വിജയവഴിയില്‍ തിരിച്ചെത്തി. ക്യാപ്റ്റന്‍സി ഞാന്‍ ആസ്വദിക്കാന്‍ തുടങ്ങിയെന്ന്് ദല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഋഷഭ് പന്ത് പറഞ്ഞു. പഞ്ചാബ് കിങ്സിനെതിരായ വിജയത്തിനുശേഷം സംസാരിക്കുകയായിരുന്നു ഋഷഭ് പന്ത്. പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് പകരമാണ് ഋഷഭ് പന്ത് ദല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായത്.
മത്സരത്തിന്റെ തുടക്കത്തില്‍ സമ്മര്‍ദത്തിലായിരുന്നു. ബൗളര്‍മാര്‍ തകര്‍ത്തെറിഞ്ഞതോടെ പഞ്ചാബ് കിങ്സിനെ 195 റണ്സിലൊതുക്കാനായി. തുടര്‍ന്ന് ധവാന് നിറഞ്ഞാടിയതോടെ വിജയം സ്വന്തമാക്കാനായെന്നും പന്ത് പറഞ്ഞു.
പരിചയസമ്പന്നനായ ശിഖര്‍ ധവാന്റെ അടിപൊളി ബാറ്റിങ്ങിലാണ് ദല്‍ഹി ക്യാപിറ്റല്‍സിന് ആറു വിക്കറ്റ് വിജയം സമ്മാനിച്ചത്. 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദല്‍ഹി ക്യാപിറ്റല്‍സ് പത്ത് പന്ത് ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടി. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് 20 ഓവറില്‍ നാലു വിക്കറ്റിന് 195 റണ്‍സ് എടുത്തു. ധവാനാണ് മാന്‍ ഓഫ് ദ മാച്ച്്.
തുടക്കം മുതല്‍ അടിച്ചുതകര്‍ത്ത ശിഖര്‍ ധവാന് എട്ട് റണ്‍സിനാണ് സെഞ്ചുറി നഷ്ടമായത്. 49 പന്തില്‍ പതിമൂന്ന് ഫോറും രണ്ട് സിക്സറും സഹിതം 92 റണ്‍സ് നേടി. ഓപ്പണര്‍ പൃഥി ഷായ്ക്കൊപ്പം ആദ്യ വിക്കറ്റില്‍ 59 റണ്‍സ് അടിച്ചെടുത്തു. പൃഥ്വി ഷാ പതിനേഴ് പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സറും അടക്കം 32 റണ്‍സ് കുറിച്ചു.
മാര്‍ക്കസ് സ്റ്റോയ്നിന് പതിമൂന്ന് പന്തില്‍ ഇരുപത്തിയേഴ് റണ്‍സുമായി കീഴടങ്ങാതെ നിന്നു. മൂന്ന് ഫോറും ഒരു സിക്സറും അടിച്ചു. ഓസീസ് മുന്‍ നായകന് സ്റ്റീവ് സ്മിത്തിന് തിളങ്ങാനായില്ല. പന്ത്രണ്ട് പന്തില്‍ ഒമ്പത് റണ്‍സുമായി മടങ്ങി.
മൂന്ന് മത്സരങ്ങളില്‍ ദല്‍ഹി ക്യാപിറ്റല്‍സിന്റെ രണ്ടാം വിജയമാണിത്. ഇതോടെ നാലു പോയിന്റുമായി ദല്‍ഹി ക്യാപിറ്റല്‍സ് രണ്ടാം സ്ഥാനത്താണ്. ആദ്യ മൂന്ന്് മത്സരങ്ങളിലും വിജയിച്ച റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ആറു പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: