തിരുവനന്തപുരം: വെള്ളായണി ദേവീ ക്ഷേത്രത്തിലെ വിഗ്രഹം (തിരുമുടി) അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ എന്ന പേരില്‍ കാറിന്റെ ഡിക്കിയില്‍ കയറ്റി മാറ്റിയതില്‍ ദുരൂഹത. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹം ആചാരങ്ങള്‍ പാലിക്കാതെ കാറിന്റെ ഡിക്കിയില്‍ കൊണ്ടുപോകുന്നത് തടഞ്ഞ തന്ത്രിയെ സിപിഎം പ്രവര്ത്തകന് പിടിച്ചുതള്ളി. വിഷയം വിവാദമായതോടുകൂടി ദേവസ്വം ഉദ്യോഗസ്ഥരുടേയും നിര്‍ദേശ പ്രകാരമാണ് തങ്ങള്‍ ഇത് ചെയ്തതെന്നു പറഞ്ഞ് ഭരണ സമിതി അംഗങ്ങളായ സിപിഎം പ്രവര്‍ത്തകര്‍ തടിയൂരി.
ദേവസ്വം ഉദ്യോഗസ്ഥരുടെ അനുവാദത്തോടെയാണ് സംഭവം നടന്നിരിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തങ്ക വിഗ്രഹം ദേവപ്രശ്നം പോലും നടത്താതെ അറ്റകുറ്റപ്പണികള്‍ക്കായി മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് ഭക്തജനങ്ങള്‍ ആരോപിക്കുന്നു. വിഗ്രഹത്തിന് ഉണ്ടാകുന്ന കേടുപാടുകള്‍ ക്ഷേത്രത്തില്‍വെച്ചു തന്നെ പരിഹരിക്കുന്നതാണ് കീഴ്വഴക്കം. ക്ഷേത്രത്തില്‍ തന്നെ രണ്ട് സ്ട്രോംഗ് റൂമുകള്‍ ഉണ്ടായിട്ടുകൂടി ഇതൊക്കെ മറികടന്ന് വിഗ്രഹം കാറിലിട്ട് കടത്താന്‍ ശ്രമിച്ചതിലും തടഞ്ഞ തന്ത്രിയെ മര്‍ദിച്ചതിലും ദുരൂഹത അവശേഷിക്കുന്നു.
വിഷയത്തില്‍ പ്രതിഷേധം അറിയിച്ച് ബിജെപി രംഗത്തുവന്നു. തന്ത്രിയുടെയോ ദേവസ്വം കമ്മീഷണറുടെയോ അനുമതിയില്ലാതെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിഗ്രഹം മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. സുരേഷ് പറഞ്ഞു. ആചാരപ്രകാരമുള്ള ആ വാഹനക്രിയയോ, അഷ്ഠമംഗല്യദേവ പ്രശ്നമോ നടന്നിട്ടില്ലെന്ന് അദേഹം ചൂണ്ടിക്കാട്ടി. ശബരിമലക്ക് ശേഷം വെള്ളായണിയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി ലക്ഷ്യം വെച്ചിരിക്കുന്നതെന്നും സുരേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: