തൃശൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി തൃശൂര്‍ പൂരത്തിന് പൊതുജനത്തിന് പ്രവേശനമുണ്ടാകില്ല. സാമ്പിള്‍ വെടിക്കെട്ടും ചമയ പ്രദര്‍ശനവും പകല്‍പ്പൂരവും ഒഴിവാക്കി.
ഇലഞ്ഞിത്തറമേളത്തിനും നിയന്ത്രണങ്ങളോടെ പ്രധാന വെടിക്കെട്ടിനും അനുമതിയുണ്ട്. ഘടകപൂരങ്ങളും മഠത്തില്‍ വരവ് എന്നിവയും നടത്താം. അതേ സമയം പൂരത്തിന്റെ തത്സമയസംപ്രേഷണം ടിവി ചാനലുകള്‍ വഴി ഉണ്ടാകും. എല്ലാവര്ക്കും വീട്ടിലിരുന്ന് പൂരം ആസ്വദിക്കാം.
വൈകിട്ട് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു അന്തിമതീരുമാനം ഉണ്ടായത്. പൂരം നടത്തിപ്പുകാരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളും ഇത് അംഗീകരിച്ചു. പൂരത്തിന്റെ ചുരുക്കം സംഘാടകരും മേളക്കാരും ആന പാപ്പാന്മാരും മാത്രമാകും പൂരപ്പറമ്പില്‍ ഉണ്ടാകൂ. അതേസമയം, നവദൃശ്യമാധ്യമങ്ങളിലൂടെ പൂരത്തിന്റെ തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കാനാണ് തീരുമാനം.
കോവിഡ് അതിവ്യാപനം രൂക്ഷമായ മാറിയ സാഹചര്യത്തിലാണ് എല്ലാവരും പഴയ നിലപാടുകളില്‍ നിന്നും അയവുവരുത്തിയത്. ഇത് പൊതുവായ, അപകടകരമല്ലാത്ത സാഹചര്യത്തിന് വഴിയൊരുക്കുകയായിരുന്നു. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളും പൂരം എല്ലാ പൊലിമയോടെയും നടത്തണം എന്ന പഴയ നിലപാടില്‍ നിന്നും അയഞ്ഞുകൊടുത്തു. തൃശൂര്‍ ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.97 ശതമാനത്തിലേക്ക് ഉയര്‍ന്നത് ഒരു പുനര്‍വിചിന്തനത്തിന് കാരണമായി.
പൂരം നാളായ ഏപ്രില്‍ 23ന് സ്വരാജ് റൗണ്ടിലേക്ക് ആരെയും കടത്തിവിടില്ല. പാസുള്ളവര്‍ക്ക് മാത്രമേ പൂരപ്പറമ്പില്‍ പ്രവേശനം ഉണ്ടാകൂ. ഇവിടേക്കുള്ള പതിനേഴ് വഴികളും പൊലീസ് അടയ്ക്കും. അന്ന് കടകള്‍ തുറക്കാന്‍ പാടില്ല. ഡിഎംഒയുടെയും ജില്ലാകളക്ടറുടെയും നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും നിയന്ത്രണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: