പത്തനംതിട്ട: ഇഷ്ടപ്പെട്ട യുവാവിനെ വിവാഹം കഴിച്ചശേഷം വീട്ടിലെത്തിയ യുവതിയെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വെട്ടി പരിക്കേല്‍പ്പിച്ചു. പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിലാണ് സംഭവം. 24 വയസുള്ള യുവതിയെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയെ കാണാനെത്തിയ യുവതിയോട് സ്വത്ത് തരില്ലെന്ന് കയര്‍ത്ത ശേഷമാണ് സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് വെട്ടിയത്.
മുസ്ളീം മതത്തില്‍ പെട്ട യുവതി ഹിന്ദു മതത്തില്‍ പെട്ട പ്രദേശവാസിയായ യുവാവിനെ ഏപ്രില്‍ എട്ടിനാണ് വിവാഹം ചെയ്തത്. പ്രണയ വിവാഹത്തിന് കാര്യമായ എതിർപ്പൊന്നും ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞിരുന്ന യുവതി കഴിഞ്ഞ ദിവസം അമ്മയെ കാണാനെത്തിയതായിരുന്നു. തന്നെ സ്വത്ത് തരില്ലെന്ന് പറഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു.
മൂർച്ചയുള്ള ആയുധം കൊണ്ട് സഹോദരി ആക്രമിച്ചപ്പോൾ തടയാൻ ശ്രമിച്ചെന്നും ഇതിനിടെ കൈപ്പത്തിക്ക് വെട്ടേറ്റുവെന്നുമാണ് യുവതിയുടെ മൊഴി. പരിക്ക് ഗുരുതരമല്ല. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുക്കുമെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: