കല്‍പ്പറ്റ: കത്തോലിക്ക ബിഷപ്സ് കോണ്‍ഫറന്‍സ് (കെസിബിസി) അധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിസ്റ്റര്‍ ലൂസി കളപ്പുര. ആലഞ്ചേരിക്കയച്ച കത്തിലാണ് വിമര്‍ശനം. ആലഞ്ചേരിയുടെ കൈയിലെ പാപക്കറ ഏതു ശുദ്ധജലത്തില്‍ കഴുകിയാലും തെളിഞ്ഞു കാണുമെന്നാണ് വിമര്‍ശനം. സഭ ശിക്ഷാ നടപടിയെടുത്ത സിസ്റ്ററുടെ വിമര്‍ശനക്കത്ത് പരസ്യമായതോടെ വിവാദമായിട്ടുണ്ട്.
പദവിയെ ബഹുമാനിച്ച് മാത്രം പിതാവേ എന്ന് അങ്ങയെപ്പോലുള്ളവരെ വിളിക്കുന്നു എന്ന് തുടങ്ങുന്ന കത്തില്‍ കന്യാസ്ത്രീകള്‍ക്കെതിരായ ആക്രമണത്തില്‍ സഭയും പിതാവും കണ്ണടയ്ക്കുകയാണെന്ന് ലൂസി ആരോപിച്ചു. ആത്മീയതയെ കച്ചവടമാക്കുന്നവരാണ് സഭയിലുള്ളത്. ഞാനുള്‍പ്പെടുന്ന കന്യാസ്ത്രി സമൂഹം കൊടിയ മനുഷ്യാവകാശ ലംഘനങ്ങളില്‍ അകപ്പെടുകയാണ്.
ലൈംഗിക ചൂഷണങ്ങള്‍ ഉള്‍പ്പെടെയുള്ള കൊടിയ പീഡനങ്ങള്ക്കിരായാക്കപ്പെട്ട് അവസാനം കന്യാമഠങ്ങളിലെ കിണറുകളില്‍ കന്യാസ്ത്രീകളുടെ മൃതദേഹങ്ങള്‍ പൊന്തിവരുന്നത് അങ്ങയുടെ കണ്മുന്പിലാണ്. മരിച്ചവരെ മനോരോഗികളായി ചിത്രീകരിക്കുകയും ചെയ്യുന്നു. ഇതുവരെ ഇതിനെതിരെ ശബ്ദിക്കാന്‍ അങ്ങോ അങ്ങ് നേതൃത്വം നല്‍കുന്നവരോ മുന്നോട്ടു വന്നിട്ടില്ല.
ഇപ്പോള്‍, കരുനാഗപ്പള്ളിയില്‍ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചിരുന്നു. അഭയ എന്ന സിസ്റ്ററെ തലയ്ക്കടിച്ചുകൊന്ന കുറ്റവാളിയെ ന്യായീകരിച്ച് ശുദ്ധീകരിക്കാന്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് സംഘടിത പ്രചാരണങ്ങള്‍ നടത്തിയതില്‍ അങ്ങയും ഉള്‍പ്പെട്ടു. 10 വര്‍ഷത്തിനിടെ നിരവധി കന്യാസ്ത്രീകളുടെ മൃതദേഹങ്ങളാണ് കിണറുകളില്‍ കണ്ടെത്തിയത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ മുപ്പതിലധികം കന്യാസ്ത്രീകളാണ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. ഓരോ മരണങ്ങള് നടക്കുമ്പോഴും തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്നവര്‍ക്കെതിരെ എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും സിസ്റ്റര്‍ ലൂസി കത്തിലൂടെ ചോദിക്കുന്നു.
ഏതു ശുദ്ധജലത്തില്‍ കഴുകിയാലും ഈ മരണങ്ങളുടെയെല്ലാം പാപക്കറകള്‍ ജോര്‍ജ് ആലഞ്ചേരിയുടെ കൈകളില്‍ തെളിഞ്ഞുകാണുമെന്നും വിവരിച്ചാണ് ലൂസി കത്ത് അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: