തിരുവനന്തപുരം/പെരുങ്കടവിള: കേരള-തമിഴ്നാട് അതിര്‍ത്തിയിലെ കര്‍ശന നിയന്ത്രണങ്ങളില്‍ തമിഴ്നാട് അയവുവരുത്തി. അടച്ചിട്ട മൂന്നു റോഡുകള്‍ തുറന്നു. കേരള ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് റോഡുകള്‍ തുറന്നത്. ദേശീയപാതയിലെ കളിയിക്കാവിളയില്‍ തമിഴ്നാട് നടത്തുന്ന ഇ-പാസ് പരിശോധന തുടരും. എന്നാല്‍, കേരളം കാര്യമായ പരിശോധന ഇതുവരെ ആരംഭിച്ചിട്ടില്ല.
ഗ്രാമീണ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം അടച്ച ഇടറോഡുകളില്‍ ചിലതാണ് ഇന്നലെ തുറന്നത്. ചെറിയകൊല്ല, പനച്ചമൂട്, തോലടി എന്നിവടങ്ങളിലെ പ്രധാന ഇടറോഡുകള്‍ ആണ് തുറന്നത്.
കൊല്ലങ്കോട് മുതല്‍ പത്തുകാണി വരെ തമിഴ്നാട് അതിര്‍ത്തി വരുന്ന സ്ഥലങ്ങളിലെ പത്തിലധികം ഇടറോഡുകള്‍ രണ്ട് ദിവസം മുമ്പാണ് തമിഴ്നാട് പോലീസ് ബാരിക്കേഡ് വച്ച് അടച്ചത്. നടപടി പിന്‍വലിക്കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കര്‍ശന നിയന്ത്രണങ്ങളില്‍ അയവു വരുത്തിയത്. ലോക്ഡൗണ്‍ സമയത്ത് അതിര്‍ത്തി റോഡുകള്‍ മണ്ണിട്ടു മൂടിയത് പോലുള്ള കടുത്ത നടപടികള്‍ ഉണ്ടാകില്ലെന്നാണ് തമിഴ്നാട് പോലീസ് അറിയിച്ചത്.
മലയോരപാതയിലെ പളുകലിലും ദേശീയപാതയിലെ കളിയിക്കാവിളയിലും തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ കര്‍ശന പരിശോധയുണ്ട്. കളിയിക്കാവിളയില്‍ തമിഴ്നാട് പോലീസും ഉദ്യോഗസ്ഥരും കേരളത്തില്‍ നിന്നു വരുന്ന വാഹനങ്ങളില്‍ കര്‍ശന പരിശോധന നടത്തുന്നുണ്ട്. ഇ-പാസും കൊവിഡ് നെഗറ്റീവ് പരിശോധനയും ഉള്ളവരെയാണ് കടത്തിവിടുന്നത്.
എന്നാല്‍, തിരിച്ച് കേരളത്തിലേക്ക് വരുന്ന വാഹനങ്ങളില്‍ കേരള പോലീസ് ഒരു പരിശോധനയും നടത്തുന്നില്ല. കളിയിക്കാവിളയില്‍ ഇഞ്ചിവിളയില്‍ കേരള പോലീസ് ചെക്ക്പോസ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. തമിഴ്നാട് പോലീസ് നടത്തുന്നതിനു സമാനമായ കര്‍ശന പരിശോധന ഇവിടെയില്ല. മലയോര ഗ്രാമീണ അതിര്‍ത്തി റോഡുകളില്‍ ലോക്ഡൗണ്‍ കാലത്ത് സ്ഥാപിച്ച ഔട്ട് പോസ്റ്റുകള്‍ തെരഞ്ഞെടുപ്പിന് മുമ്പു തന്നെ നിര്‍ത്തലാക്കിയ അവസ്ഥയിലാണ്. വെള്ളറട, കാരക്കോണം, പാറശ്ശാല എന്നീ മലയോര ഹൈവേയിലെ പ്രധാന ജങ്ഷനുകളിലും പേരിനു പോലും പരിശോധനയില്ല.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം ഇന്നലെ ആരോഗ്യ വകുപ്പ് പുതുക്കിയ സാഹചര്യത്തിലെങ്കിലും ഇനി മുതല്‍ പരിശോധനയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: