കൊച്ചി: മകള്‍ വൈഗയെ കൊന്നത് താന്‍ തന്നെയാണെന്ന് സമ്മതിച്ച് സനുമോഹന്. വൈഗയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് കുട്ടിയെ പുതപ്പില്‍ പൊതിഞ്ഞ് ആറ്റിലേക്ക് എറിഞ്ഞതെന്നാണ് സനുമോഹന് പോലീസിനോട് വ്യക്തമാക്കി. മകളെ പുഴയിലേക്ക് എറിഞ്ഞത്തിനു പിന്നാലെ തനിക്ക് ചാടാന്‍ കഴിഞ്ഞില്ലെന്നുമാണ് സനുമോഹന്റെ മൊഴി.
സാമ്പത്തിക പ്രശ്നങ്ങള്‍ കാരണമാണ് മകളെ കൊലപ്പെടുത്തിയത്. എന്നാല്‍ തനിക്ക് ആത്മഹത്യ ചെയ്യാന്‍ ധൈര്യം ലഭിച്ചില്ലെന്നും സനുമോഹന് പോലീസിനോട് പറഞ്ഞു. അതേസമയം ഇയാളുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് പോലീസ് കരുതുന്നു. അതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ അവശ്യമാണെന്നും അതിനു ശേഷമേ അന്തിമ നിഗമനത്തില്‍ എത്താന്‍ കഴിയൂ എന്നാണ് പോലീസ് നിലപാട്.
കാക്കനാട് കങ്ങരപ്പടിയിലെ ഹാര്‍മണി ഫഌറ്റിലെ താമസകാര്‍ക്ക് സനു മോഹനെയും വൈഗയെയും കുറച്ചുകാലമേ പരിചയമുള്ളൂ. ഈ ചെറിയ കാലത്ത് അയല്‍വാസികളും ബന്ധുക്കളും അറിയുന്നത് സ്നേഹ നിധിയായ അച്ഛന് എന്ന നിലയിലാണ്. മകളാകട്ടെ മിടുമിടുക്കിയും. അങ്ങനെയുള്ള മകള്‍ എങ്ങനെയാണ് കൊല്ലപ്പെട്ടത്?. അതോ സനു മോഹനെ അപായപ്പെടുത്താന്‍ എത്തിയവര്‍ കൊലപ്പെടുത്തിയതാകുമോ. ? നിരവധി ചോദ്യങ്ങളാണ് അയല്‍വാസികള്‍ ഉയര്‍ത്തുന്നത്. ഇതിനെല്ലാം ഉത്തരം ലഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി.
വൈഗയെക്കുറിച്ച് ഫഌറ്റിലുള്ളവര്‍ക്ക് പറയാനുള്ളത് നല്ല നല്ല ഓര്‍മകള്‍ മാത്രം. എപ്പോഴും കളിച്ചും ചിരിച്ചും ഓടിനടന്നിരുന്ന വൈഗയെന്ന മിടുക്കിയുടെ ഘാതകന് പിതാവ് ആയിരിക്കല്ലേ എന്ന പ്രാര്‍ഥനയാണ് ഫഌറ്റിലുള്ളവര്‍ക്ക്. എല്ലാവരുമായി നല്ല അടുപ്പം സൂക്ഷിച്ചിരുന്ന വൈഗ, പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഒരുപോലെ മിടുക്കിയായിരുന്നു. വൈഗയുടെ വിയോഗം കങ്ങരപ്പടിയിലെ ഫ്ളാറ്റിലുള്ളവരെയും വേദനിപ്പിച്ചിരുന്നു. കര്‍വാറില്‍ സനു മോഹന്‍ പിടിയിലായതോടെ അവരുടെ ആശങ്കകള്‍ക്കും കാത്തിരിപ്പിനും വിരാമവാകും.
മാര്‍ച്ച് 21നാണ് ആലപ്പുഴയിലെ ഭാര്യവീട്ടില്‍നിന്ന് മടങ്ങിയ സനു മോഹനെയും മകള്‍ വൈഗയെയും ദുരൂഹസാഹചര്യത്തില്‍ കാണാതായത്. കൊച്ചി കങ്ങരപ്പടിയിലെ ഫഌറ്റിലെത്തിയ സനുവിനെക്കുറിച്ചും മകളെക്കുറിച്ചും പിന്നീട് വിവരമൊന്നും ലഭിച്ചില്ല.
മാര്‍ച്ച് 22ന് മുട്ടാര്‍ പുഴയില്‍നിന്ന് വൈഗയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും സനു മോഹനെക്കുറിച്ച് വിവരമില്ലായിരുന്നു. സനുമോഹനും പുഴയില്‍ ചാടിയിരിക്കാമെന്ന നിഗമനത്തില്‍ പോലീസും നാട്ടുകാരും രണ്ട് ദിവസം പുഴയില്‍ തിരെച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ ഗോശ്രീ പാലത്തിനടിയില്‍ നിന്ന് ജീര്‍ണിച്ച ജഡം കണ്ടെത്തി. ഇത് സനുവിന്റെ ആയിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ പരിശോധനയില്‍ മറ്റൊരാളുടേതായിരുന്നു. ഇതോടെ സംഭവത്തിലെ ദുരൂഹതയും വര്‍ധിച്ചു. ഇതിനിടെ സനുവിന്റെ കാറിനെക്കുറിച്ചും ഒരു വിവരവും ലഭിക്കാതായതോടെ ദുരൂഹതയേറി. കാര്‍ എവിടേക്ക് പോയെന്ന് കണ്ടെത്താനായിരുന്നു പോലീസിന്റെ ശ്രമം. കൊച്ചിയിലെ വിവിധ സിസിടിവി ക്യാമറകള്‍ പരിശോധിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. അവസാനം കാര്‍ വാളയാര്‍ കടന്നതായി സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ നിര്‍ണായകമായത്.
സനുവിന്റെ ദുരൂഹ നീക്കങ്ങള്‍
സനു മോഹന്‍ തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ പോലീസ് സംഘം അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരമൊന്നും ലഭിച്ചില്ല. ഇതിനിടെ സനുവിന്റെ ജീവിതത്തെക്കുറിച്ച് സംശയാസ്പദമായ പലവിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചു. മഹാരാഷ്ട്രയില്‍ നിരവധി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടയാളാണ് സനു മോഹനെന്നും മഹാരാഷ്ട്ര പോലീസ് ഇയാളെ തിരയുകയാണെന്നും വിവരം ലഭിച്ചതോടെ വൈഗയുടെ മരണവും പിതാവായ സനു മോഹന്റെ തിരോധാനവും തികച്ചും ആസൂത്രിതമാണെന്ന് പോലീസ് ഉറപ്പിച്ചു.
ഏറെക്കാലമായി സ്വന്തം കുടുംബവുമായി ഒരു ബന്ധവുമില്ലാതിരുന്ന സനു മോഹന്‍ ആറു മാസമായി ബന്ധുക്കളുമായി അടുപ്പം കാണിച്ചിരുന്നു. പുനെയില്‍നിന്ന് അഞ്ച് വര്‍ഷം മുമ്പ് കൊച്ചിയിലെത്തി താമസം തുടങ്ങിയെങ്കിലും അന്നൊന്നും കുടുംബവുമായി ബന്ധപ്പെടാന്‍ ഒരു താത്പര്യവും കാണിച്ചിരുന്നില്ല. എന്നാല്‍ അടുത്തയിടെ പല തവണ ഭാര്യയെയും മകളെയും കൂട്ടി ബന്ധു വീടുകളിലെത്തിയിരുന്നു. സനു അടുത്തകാലത്തായി അസ്വസ്ഥനായിരുന്നു. സാമ്പത്തിക ഇടപാടുകളുള്‍പ്പെടെ ഭാര്യയോടും കുടുംബത്തോടും ഇയാള്‍ പലതും മറച്ചുവെച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
മകള്‍ വൈഗയെ അഭിനയരംഗത്ത് എത്തിക്കാന്‍ സനു ആഗ്രഹിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിരുന്നു. വൈഗയെ സിനിമ-പരസ്യ മേഖലകളില്‍ എത്തിക്കാന്‍ സനു മോഹന്‍ താത്പര്യപ്പെട്ടതായാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതിനായി പ്രമുഖ സംവിധായകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും വ്യക്തമായിട്ടുണ്ട്.
ഏറെ ദുരൂഹത നിറഞ്ഞതായിരുന്നു സനു മോഹന്റെ ജീവിതം. ഭാര്യ അറിയാതെ ആഭരണങ്ങള്‍ പണയപ്പെടുത്തി ഏകദേശം 11 ലക്ഷം രൂപയാണ് ഇയാള്‍ വായ്പയെടുത്തിരുന്നത്. ഭാര്യയുടെ പേരിലുള്ള ഫഌറ്റ് ആരുമറിയാതെ സ്വകാര്യവ്യക്തിക്ക് പണയത്തിന് നല്‍കുകയും ചെയ്തു. ഫഌറ്റില്‍ റസിഡന്റ്സ് അസോസിയേഷന് രൂപവത്കരിച്ചതു തന്നെ സനു മോഹന്‍ മുന്നിട്ടിറങ്ങിയാണ്. എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുകയും ഇടപഴകുകയും ചെയ്തിരുന്ന സനു മോഹന്‍ ഇവിടെയുള്ളവരുടെ വിശ്വാസം ആര്‍ജിച്ചു.
അഞ്ചുവര്‍ഷം മുമ്പാണ് സനു മോഹന്‍ ഭാര്യയുടെ പേരില്‍ ഫഌറ്റെടുത്തത്. ഒരു മുറിയും ഹാളും അടുക്കളയുമുള്‍പ്പടെയുള്ള ചെറിയ ഫഌറ്റായിരുന്നു ഇത്. തുടക്കത്തില്‍ എല്ലാവരോടും നല്ല രീതിയില്‍ ഇടപെട്ടിരുന്നു. ബിസിനസ് ആവശ്യം ചൂണ്ടിക്കാട്ടി പലരോടും ഇയാള്‍ കടം വാങ്ങിയിരുന്നു.
വൈഗയുടെ മരണത്തിലെ സംശയങ്ങള്‍
കങ്ങരപ്പടിയിലെ ഫഌറ്റിനുള്ളില്‍ നിന്ന് ഭാര്യയുടെ സ്കൂട്ടറിന്റെ പെട്ടിയില്‍ നിന്നും നിരവധി ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെ രേഖകളും ലോട്ടറികളുടെ ശേഖരവും പോലീസിന് ലഭിച്ചിരുന്നു. ഇതോടെ സാമ്പത്തിക ഇടപാ
ടുകള്‍ തന്നെയാണ് ഇത്തരമൊരു തിരോധാനത്തിന് പിന്നിലെന്ന് പോലീസും സംശയിച്ചു. ഇതോടെ വൈഗയുടെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങളും ദുരൂഹതകളും വര്‍ധിച്ചു. വൈഗയുടേത് മുങ്ങിമരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചെങ്കിലും പുഴയില്‍ വീണതാണോ പുഴയിലേക്ക് എറിഞ്ഞതാണോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല. സംഭവ ദിവസം വൈഗയെ അബോധാവസ്ഥയിലാണ് സനു മോഹന്‍ കാറില്‍ കയറ്റി കൊണ്ടുപോയെന്ന വിവരവും നിര്‍ണായകമായി.
വൈഗയുടെ ശരീരത്തില്‍ വിഷാംശമോ മറ്റോ ആദ്യഘട്ട പരിശോധനയില്‍ കണ്ടെത്താനായിരുന്നില്ല. ശരീരത്തില്‍ പീഡനമേറ്റിട്ടില്ലെന്നും വ്യക്തമായി. ഏറ്റവുമൊടുവില്‍ ആന്തരാവയവങ്ങളുടെ പരിശോധനഫലം പുറത്തുവന്നതോടെയാണ് നിര്‍ണായകമായ വിവരം ലഭിച്ചത്. വൈഗയുടെ ആന്തരാവയവങ്ങളില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യമുണ്ടെന്നായിരുന്നു പരിശോധനഫലം. ഇതോടെ സംശയവും വര്‍ധിച്ചു. വൈഗയുടെ മരണത്തിന് പിന്നാലെ ഫഌറ്റില്‍ നടത്തിയ പരിശോധനയില്‍ ചില രക്തക്കറകള്‍ പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് വൈഗയുടേതല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഏറെ ദുരൂഹത നിറഞ്ഞ സംഭവത്തിന്റെ ചുരളഴിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കാര്‍വാറില്‍ പിടിയിലായ സനുവിനെ ഇന്ന് കെച്ചിയിലെത്തിച്ച് ചോദ്യം ചെയ്യുന്നതോടെ നാട്ടുകാരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: